എച്ച്.ഐ.വി മരുന്ന് നല്‍കിയ ബ്രിട്ടീഷുകാരന് രോഗം ഭേദമായി; കൊവിഡില്‍നിന്നും രക്ഷപെട്ടത് നെടുമ്പാശ്ശേരിയില്‍ കടന്നുകളയാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരന്‍
COVID-19
എച്ച്.ഐ.വി മരുന്ന് നല്‍കിയ ബ്രിട്ടീഷുകാരന് രോഗം ഭേദമായി; കൊവിഡില്‍നിന്നും രക്ഷപെട്ടത് നെടുമ്പാശ്ശേരിയില്‍ കടന്നുകളയാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 25th March 2020, 11:40 pm

കൊച്ചി: എറണാകുളത്ത് എച്ച്.ഐ.വിയുടെ മരുന്നുകള്‍ നല്‍കിയ കൊവിഡ് രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ഡോക്ടര്‍മാര്‍. മൂന്ന് ദിവസം കൊണ്ടാണ് കോവിഡ് ബാധിതനായിരുന്ന ബ്രിട്ടീഷ് പൗരന്റെ പരിശോധനാ ഫലം നെഗറ്റീവായതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനാണ് ഇത്.

കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജില്‍ ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് വിനോദ സഞ്ചാരിക്കാണ് രോഗം ഭേദമായിരിക്കുന്നത്. ഇയാള്‍ക്ക് എച്ച്.ഐ.വിക്കുള്ള മരുന്ന് നല്‍കിയതിന്റെ മൂന്നാം ദിവസമാണ് രോഗം ഭേദമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മാര്‍ച്ച് 23-ന് ലഭിച്ച സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് തെളിഞ്ഞതോടെയാണ് അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. എച്ച്.ഐ.വി പോസിറ്റീവായവര്‍ക്ക് നല്‍കുന്ന Ritonavir, Lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് നല്‍കിയത്.

മൂന്നാറില്‍ ക്വാറന്റൈനിലായിരുന്ന ഇയാള്‍ അധികൃതരെ വെട്ടിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ആരോഗ്യ പ്രവര്‍ത്തകരുടെ പിടിയിലായത്. തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു.

ഇദ്ദേഹത്തിന് എച്ച്.ഐ.വി ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡാണ് അനുമതി നല്‍കിയത്. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് മുന്‍കയ്യെടുത്ത് മരുന്ന ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് രോഗിയുടെ അനുവാദത്തോടെയാണ് മരുന്ന് നല്‍കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും അനുവാദം നേടിയിരുന്നു. ഇന്ത്യയില്‍ ജെയ്പൂരില്‍മാത്രമാണ് ഇതിന് മുമ്പ് എച്ച്.ഐ.വിക്കുള്ള മരുന്ന് ഉപയോഗിച്ചിട്ടുള്ളത്.