സംസ്‌കാരങ്ങളുടെ സംഗമഭൂവില്‍ – നാലാം ഭാഗം
Discourse
സംസ്‌കാരങ്ങളുടെ സംഗമഭൂവില്‍ – നാലാം ഭാഗം
ന്യൂസ് ഡെസ്‌ക്
Monday, 16th July 2012, 6:12 pm

(സംസ്‌കാരങ്ങളെ സമന്വയിപ്പിച്ച ഒരു ദേശത്തിന്റെ കഥ)

മുന്‍ ഭാഗങ്ങള്‍ക്കായി ക്ലിക്ക് ചയ്യുക

സംസ്‌കാരങ്ങളുടെ സംഗമഭൂവില്‍ (ഒന്നാം ഭാഗം)

സംസ്‌കാരങ്ങളുടെ സംഗമഭൂവില്‍  (രണ്ടാം ഭാഗം)

സംസ്‌കാരങ്ങളുടെ സംഗമഭൂവില്‍ (മൂന്നാം ഭാഗം)

ചരിത്രംപൈതൃകം/ രാജീവ്

പുറക്കാട്ടുനിന്നും കുടവെച്ചൂരുനിന്നും എത്തിയിരുന്ന ചരക്കുനൗകകള്‍ ആദ്യകാലങ്ങളില്‍ നദിയുടെ ഇരുകരകളിലും നങ്കുരമിട്ടുകിടന്നിരുന്നു. ചരക്ക് കയറ്റിയിറക്കുന്നതിന്റെയും വിലപേശുന്നതിന്റെയുമൊക്കെയായി അങ്ങാടി ശബ്ദമുഖരിതമായിരുന്നു. കരയില്‍ കാളവണ്ടികള്‍ ഒന്നിനുപിന്നില്‍ ഒന്നായി ചേര്‍ന്നുകിടന്നു. അടുത്തുള്ള കൊയ്ത്തുകഴിഞ്ഞ വയലുകളിലും പറമ്പുകളിലും കാളകള്‍ മേഞ്ഞുനടന്നു. കൃഷിയിലും മത്സബന്ധനത്തിലും നിപുണരായ ദേശവാസികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വ്യാപാരപ്രമാണിമാര്‍ക്ക് കൈമാറി ഉപജീവനം കഴിച്ചുവന്നു. പടിഞ്ഞാറന്‍ കരിനിലങ്ങളില്‍ വിളഞ്ഞ നെല്ല് പ്രദേശവാസികളുടെ വിശപ്പകറ്റി.  സമൃദ്ധമായ ഒരു ഭൂതകാലമാണ് താഴത്തങ്ങാടിക്ക് അത്തരത്തില്‍ അയവിറക്കാനുള്ളത്.

[]

1450 മുതല്‍ 1750 വരെയുള്ള മൂന്നു നൂറ്റാണ്ടുകളോളം ഈ സമൃദ്ധി ഉത്തരോത്തരം വളര്‍ന്ന് നിലനിന്നു. ഈജിപ്ത,് റോം തുടങ്ങിയ രാജ്യങ്ങളുമായി ഉണ്ടായിരുന്ന ആദ്യകാല വ്യാപാരബന്ധങ്ങള്‍ പിന്നീട് സിറിയന്‍, പേര്‍ഷ്യന്‍, അറബി എന്നീ വിഭാഗങ്ങളിലുള്ള വണിക്കുകളായിത്തീര്‍ന്നിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ പറങ്കികള്‍ ശക്തരായപ്പോള്‍ കേരളതീരത്ത് മറ്റുള്ളവരുടെയെല്ലാം വ്യാപാര കുത്തക അവസാനിക്കുകയും പോര്‍ച്ച്ഗീസ് ആധിപത്യം ഉണ്ടാവുകയുമാണ് ഉണ്ടായത് എന്നത് ചരിത്രപാഠം. അതുകൊണ്ടുതന്നെ താഴത്തങ്ങാടിയിലെ കച്ചവടരംഗത്തും ഈ മാറ്റം ദൃശ്യമായി. തെക്കുംകൂറും വടക്കുംകൂറും ആദ്യകാലത്ത് പറങ്കികള്‍ക്കെതിരായിരുന്നതിനാല്‍ ഇവിടെയും അവര്‍ക്ക് മേല്‍ക്കൈ നേടാനായില്ല.

കേരളതീരത്ത് പറങ്കികുത്തക ചുവടുറപ്പിച്ചതുമൂലം ഉണ്ടായ  മറ്റു ദേശക്കാരായ വണിക്കുകളുടെ അസാന്നിദ്ധ്യം ഇവിടുത്തെ കച്ചവടരംഗത്ത് ചില പ്രതിസന്ധികള്‍ ഉണ്ടാക്കി. ഇടക്കച്ചവടക്കാര്‍ മുഖേന ചരക്കുകള്‍ കേവുവള്ളങ്ങളിലാക്കി പുറക്കാട്, കുടവെച്ചൂര്‍, ചേര്‍ത്തല എന്നിവിടങ്ങളില്‍ എത്തിച്ചുള്ള കച്ചവടരീതി ഇതേത്തുടര്‍ന്ന് നടപ്പിലായിത്തുടങ്ങി. കച്ചവട രീതികള്‍ കണ്ടുശീലിച്ച് പഠിച്ചെടുത്ത തദ്ദേശവാസികളായ നിരവധിപ്പേര്‍ ഈ കച്ചവടത്തിന്റെ മുന്നിലേക്കെത്തി. ഇത് ഒരളവുവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകമാത്രമല്ല സാമ്പത്തികാഭിവൃത്തിക്കും ഇടയാക്കി. വന്‍തോതിലുള്ള കയറ്റുമതി താഴത്തങ്ങാടിയില്‍ കുറഞ്ഞു എന്നര്‍ത്ഥം. പുറക്കാട്ട് അതൊടൊപ്പം മികച്ച തുറമുഖമായി വികസിക്കുകയും ചെയ്തു. പുറക്കാട്ട് പറങ്കികള്‍ തന്നെയായിരുന്നു സ്വാധീനം നേടിയിരുന്നതും. പില്‍ക്കാലത്ത് ഡച്ച് സ്വാധീനം വര്‍ദ്ധിച്ചപ്പോള്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയും തെക്കുംകൂറുമായി വ്യാപാരബന്ധം ഉറപ്പിച്ചിരുന്നു. താഴത്തങ്ങാടിയില്‍ നീണ്ട കാലഘട്ടം ഡച്ച് സാന്നിദ്ധ്യമുണ്ടായിരുന്നു.


കച്ചവടക്കാര്യങ്ങള്‍ മികവു നേടിയിരുന്ന വിവിധ ജനസമൂഹങ്ങളെ കൊണ്ടുവന്ന് പാര്‍പ്പിച്ചത് ഇക്കാലത്തായിരുന്നു. കൊടുങ്ങല്ലൂരില്‍നിന്ന് കടുത്തുരുത്തിയില്‍ വന്നുപാര്‍ത്തിരുന്ന ക്‌നാനായസമൂഹത്തെ വിളിച്ചുവരുത്തി അവര്‍ക്ക് താമസിക്കാനായി വലിയങ്ങാടിയിലെ പ്രദേശങ്ങള്‍ നല്‍കി. കൂടാതെ വലിയപള്ളി സ്ഥാപിക്കുന്നതിനും ഇടം നല്‍കി. അന്നത്തെ രാജാവായിരുന്ന ആദിത്യവര്‍മ്മ 1550-ലാണ് ഈ ക്രൈസ്ത കുടിയേറ്റത്തിന് കാരണക്കാരനായത്. കുരുമുളക്, ചുക്ക്, ശര്‍ക്കര, എണ്ണ തുടങ്ങി വിവിധ വസ്തുക്കളുടെ കച്ചവടങ്ങള്‍ കൂടുതലായും ഈ വിഭാഗക്കാരായിരുന്നു ചെയ്തുവന്നിരുന്നത്.

പുറക്കാട്ടും കൊച്ചിയിലും കച്ചവടരംഗത്ത് നിപുണരായിരുന്ന ഗൗഡസാരസ്വതരെ വരുത്തി പാര്‍പ്പിച്ചു. അവര്‍ക്ക് ആരാധനാലയവും പണിയുവാന്‍ ഇടം നല്‍കി. പലവ്യഞ്ജനം ഔഷധങ്ങള്‍ ഇവയെല്ലാം കച്ചവടം ചെയ്തിരുന്നത് ഇവരായിരുന്നു. ഇന്നും ഈ വിഭാഗക്കാര്‍ അവരുടെ പാരമ്പര്യതൊഴില്‍ മറന്നിട്ടില്ല. കോട്ടയം പട്ടണത്തില്‍ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ അവരുടേതായി കാണാം.

മധുരയില്‍ നിന്നെത്തിച്ചേര്‍ന്ന വണികവൈശ്യര്‍ കച്ചവടരംഗത്ത് അണിചേര്‍ന്നിരുന്നു. ഈ വിഭാഗക്കാര്‍ കുമ്മനത്തിനു പടിഞ്ഞാറായി പ്രശസ്തമായ തട്ടുങ്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിനുസമീപം കൂട്ടമായി താമസിച്ചുവരുന്നു.

പാത്രനിര്‍മ്മാണത്തിനും രാജകൊട്ടാരത്തിലും ക്ഷേത്രത്തിലും രാജവീഥിയിലുമെല്ലാം വിളക്കുതെളിക്കുന്നതിനും മൈസൂരുനിന്ന് കുംഭാരസമുദായക്കാരെ വരുത്തിപ്പാര്‍പ്പിച്ചിരുന്നു. ഇന്നും കോട്ടയം പ്രദേശത്തുള്ള ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് തീവെട്ടി (ദിപയഷ്ടി) പിടിക്കുന്നതിനുള്ള അവകാശം ഈ വിഭാഗക്കാര്‍ക്കാണ്. കോട്ടയോടു ചേര്‍ന്നുള്ള ചെരുവുകളില്‍ തന്നെയാണ് ഇവരെയും വസിപ്പിച്ചിരുന്നത്. മൈസൂര്‍ രാജാവായ വൊഡയാറുടെ ഗോത്രത്തില്‍പെട്ടവരായിരുന്നു ഇവരെന്ന് അവകാശപ്പെടുന്നു.

ഭരണരംഗങ്ങളിലെല്ലാം ശ്രദ്ധാലുക്കളായിരുന്നു എന്നതിനുപുറമെ നല്ല കലാസ്വാദകരായിരുന്നു തെക്കുംകൂര്‍ രാജാക്കന്മാര്‍ എന്നതിന് തെളിവുകളുണ്ട്. കേരളര് കോതവര്‍മ്മര് എന്നു പേര് കൊത്തിയിട്ടുള്ള ഒരു മിഴാവ് ഇന്നും തളിയില്‍ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പാണസമുദായത്തിലുള്ള കലാകാരന്മാര്‍ സംഗീതനാടകങ്ങള്‍ കെട്ടിയുണ്ടാക്കി അവതരിപ്പിച്ചിരുന്നു. ഗാനരചനയിലും സംഗീതസംവിധാനത്തിലും സ്വയസിദ്ധമായ കഴിവുകൊണ്ട് പ്രസിദ്ധനായ എം.എസ്. വാസുദേവ് ഈ പാരമ്പര്യത്തിലുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ “കരിവളയിട്ട കയ്യില്‍ കുടമുല്ലപ്പൂക്കളുമായി” എന്ന യേശുദാസ് പാടിയ ഗാനം മലയാളികള്‍ക്ക് മറക്കാനാവില്ല.

എക്കാലത്തും കലാകാരന്മാരെ പ്രോത്സാഹിപ്പിച്ച പാരമ്പര്യം തെക്കുംകൂര്‍ രാജാക്കന്മാര്‍ക്ക് അവകാശപ്പെടാം. തിരുനക്കരക്ഷേത്രം പണിതപ്പോള്‍ അവിടെ മികച്ച കൂത്തമ്പലം നിര്‍മ്മിച്ചു. അക്കാലത്ത് ഈ വേദിയില്‍ കൂടിയാട്ടം സാധാരണയായിരുന്നു എന്ന് കേട്ടുകേള്‍വി ഉണ്ട്. മികച്ച വാസ്തുമാതൃകകള്‍ കൊണ്ട് ഈ പ്രദേശം സമ്പന്നമായതിനും തെക്കുംകൂര്‍ രാജാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. വിശ്വകര്‍മ്മഗോത്രത്തിലെ സ്ഥപതിപ്രമാണിമാര്‍ക്ക് ക്ഷേത്രങ്ങളില്‍ സ്ഥാനമാനങ്ങള്‍ നല്കി. അവര്‍ക്ക് വര്‍ഷാവര്‍ഷം അതതു ക്ഷേത്രങ്ങളില്‍നിന്ന് അവകാശങ്ങള്‍ നല്‍കിയിരുന്നുവെന്നത് പ്രത്യേകം സ്മരണീയമാണ്.

പ്രദേശത്ത് ജനങ്ങള്‍ക്കും കൊട്ടാരത്തിലേക്കും വേണ്ടുന്ന വസ്ത്രങ്ങള്‍ നെയ്യുന്നതിനായാണ് പത്മശാലിയരെ വരുത്തിപ്പാര്‍പ്പിച്ചത്. തളിയന്താനപുരത്തിനു കിഴക്ക് തിരുനക്കരയുടെ വടക്കേഭാഗത്തായി ഇവര്‍ക്ക് താമസത്തിനും നെയ്ത്തുശാലയ്ക്കുമായി സ്ഥലം നല്‍കി. ഈ സ്ഥലമാണ് ഇന്ന് ചാലുകുന്ന് (ചാലിയകുന്ന്) എന്നറിയപ്പെടുന്നത്. തെക്കുംകൂര്‍ പതനത്തിനുശേഷം തിരുവിതാംകൂര്‍ കാലഘട്ടത്തില്‍ ഇവിടെയെത്തിച്ചേര്‍ന്ന മിഷണറിമാരുടെ സൗകര്യത്തിനായി മേല്‍പ്പറഞ്ഞ വിഭാഗക്കാരെ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍ച്ചിക്കുകയാണുണ്ടായത്. ഈ സ്ഥലത്താണ് സി.എസ്.ഐ. ബിഷപ് ഹൗസ്, സി.എം.എസ്. കോളജ് തുടങ്ങിയ സ്ഥാപനങ്ങള്‍ നിലകൊള്ളുന്നത്.
ഗൗഡസാരസ്വതര്‍ക്കൊപ്പമെത്തിയ കുഡുംബി വിഭാഗക്കാര്‍ക്കും പ്രദേശത്ത് അന്നുതന്നെ സ്വാധീനമുണ്ടായിരുന്നു അവല്‍ ഇടിച്ചുണ്ടാക്കുന്ന പണിയായിരുന്നു പ്രധാനമായി ഇവര്‍ ചെയ്തിരുന്നത്. വാണിയച്ചെട്ടികള്‍ കൂട്ടായി വസിച്ച സ്ഥലങ്ങളില്‍ പ്രദേശത്തേയ്ക്കാവശ്യമുള്ള എണ്ണ ആട്ടിയെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊടുത്തു.

പാണസമുദായത്തില്‍പെട്ട  കലാകാരന്മാര്‍ സംഗീതനാടകാദികള്‍ രചിച്ച് ആടിപ്പാടിയിരുന്നതിനു പുറമെ തുന്നല്‍വേലകളും ചെയ്തിരുന്നു. കൂടാതെ അക്കാലത്ത് ഏറെ ആവശ്യമുണ്ടായിരുന്ന ഓലക്കുടകള്‍ തയ്യാറാക്കിയിരുന്നതും ഇവര്‍ തന്നെ.

നിര്‍മ്മാണരംഗത്ത് ആശാരിമാരെ സഹായിക്കുന്നതിനായി കൊടുങ്ങല്ലൂരുനിന്ന് കല്പണിക്കാരെയും അഞ്ചുമനയില്‍നിന്ന് തച്ചര്‍മാരെയും (തടി അറുത്ത് ഉരുപ്പടിയാക്കുന്നവര്‍) കൊണ്ടുവന്നു താമസിപ്പിച്ചു.

ഇത്തരത്തില്‍ പ്രദേശത്തിന്റെ രാജ്യത്തിന്റെ ആകെത്തന്നെയും പുരോഗതിക്കാവശ്യമായി വിവിധ തൊഴില്‍ വിഭാഗങ്ങളെ എങ്ങനെ ഉപയുക്തമാക്കണമോ അത് യുക്തിപൂര്‍വം കണ്ടറിഞ്ഞ് നടപ്പാക്കുന്ന കാര്യത്തില്‍ അക്കാലത്ത് മാതൃക കാട്ടിയത് തെക്കുംകൂര്‍ രാജാക്കന്മാരായിരുന്നു വിവിധ മതവിഭാഗക്കാര്‍ക്ക് ദേവാലയം പണിയുവാനുള്ള സ്ഥലവും സഹായങ്ങളും നല്‍കിയതിനുപുറമെ തെക്കുംതൂര്‍ രാജവംശത്തിന്റെ കീഴില്‍ പ്രസിദ്ധമായ പതിനൊന്നോളം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അവസാനമായി പണികഴിപ്പിച്ചത് പ്രസിദ്ധമായ വടവാതൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രമാണ്.

തെക്കുംകൂര്‍ രാജാക്കന്മാരുടെ ശരിയായ വംശാവലി ലഭ്യമല്ല. ചരിത്രത്തിന്റെ അറിയപ്പെടാത്ത ഏടുകളില്‍ ഈ വിവരങ്ങള്‍ മറഞ്ഞുകിടക്കുന്നു. ലഭ്യമായ വിവരങ്ങള്‍ വെച്ച് വെമ്പലനാട് ഭരണകാലത്തെ രവിവര്‍മ്മ കോത, കോതരവിവര്‍മ്മ എന്നീ പെരുമാക്കള്‍മാരും ഇരവി ശ്രീകണ്ഠവര്‍മ്മ എന്ന തിരുവല്ലാശാസനത്തില്‍ പരാമര്‍ശിക്കുന്ന രാജാവും പ്രസിദ്ധരത്രേ. തളിയന്താനപുരം ആസ്ഥാനമാക്കി വാണവരില്‍ പതിനാറാം നൂറ്റാണ്ടിലെ ആദിത്യവര്‍മ്മയും (വലിയപള്ളിക്ക് സ്ഥലം ദാനം ചെയ്ത രാജാവ്) തിരുനക്കരമഹാദേവര്‍ക്ഷേത്രം സ്ഥാപിച്ച ഉണ്ണിക്കേരളവര്‍മ്മയും ഉദയമാര്‍ത്താണ്ഡവര്‍മ്മയും (AD 1697-1716) പ്രശസ്തരായിരുന്നു. തെക്കുംകൂറിലെ അവസാനത്തെ രാജാവ് AD 1717 മുതല്‍ 1750 വരെ നാടുവാണ ആദിത്യവര്‍മ്മയായിരുന്നു.

സംഭവബഹുലമായ ഒരു കാലഘട്ടമായിരുന്നു തെക്കുംകൂറിന്റെ അന്ത്യകാലത്തേത് എന്നതുകൊണ്ടുതന്നെ ഈ രാജാവിന് വളരെയേറെ പ്രസക്തിയുണ്ട്. മുഞ്ഞുനാട് നാടുവാഴികളെ സ്വാധീനത്തിലാക്കിയാണ് പടിഞ്ഞാറന്‍ മേഖലയില്‍ തെക്കുംകൂര്‍ ആധിപത്യമുറപ്പിച്ചിരുന്നത്. അതിനാലാവാം മുഞ്ഞനാട്ട് പണിക്കര്‍മാര്‍ കാലാകാലങ്ങളില്‍ ഈ രാജ്യത്തിലെ വലിയ പടത്തലവന്മാരായി സേവനമനുഷ്ഠിച്ചുവന്നിരുന്നത്.

സൈന്യാധിപന്മാരുടെ നിരയില്‍ ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങളിലെ ആയോധനവിദ്യയില്‍ പ്രാവീണ്യമുള്ളവരായ ചില പ്രമാണിമാരുമുണ്ടായിരുന്നു. വേമ്പനാട്ടുകായലിലുള്ള പാതിരാമണല്‍ അക്കാലത്ത് സൈനികത്താവളമായിരുന്നു. നാടുകടത്തപ്പെടുന്നവരെ കൊണ്ടുവന്ന് പാര്‍പ്പിച്ചിരുന്നതും ഇവിടെയാണെന്ന് പറയപ്പെടുന്നു. വേളൂര്‍കരയില്‍ മുഞ്ഞനാട്ട് തറവാടിന് കിഴക്കുമാറി പള്ളിക്കോണം തോടിനു കിഴക്കുവശത്തായി കളരിത്തറയുണ്ടായിരുന്നു. സൈനികപരിശീലനം ഇവിടെയായിരുന്നു. ആഴ്‌വാഞ്ചേരിമനയിലെ ഒരു തമ്പ്രാക്കള്‍ വെച്ച് ആചരിച്ചിരുന്ന ശ്രീഭുവനേശ്വരീദേവിയെ പ്രതിഷ്ഠിച്ച ക്ഷേത്രം ഈ കളരിയോടുചേര്‍ന്നാണ്.

ചങ്ങനാശ്ശേരിയിലെ നീരാഴിക്കൊട്ടാരം രാജകുടുംബങ്ങള്‍ വസിച്ചിരുന്ന മറ്റൊരു പ്രധാന കോവിലകമായിരുന്നു. ചങ്ങനാശ്ശേരിയുടെ ഒരു പട്ടണമെന്ന നിലയിലുള്ള വളര്‍ച്ച ആരംഭിച്ചത് തെക്കുംകൂര്‍ ഭരണകാലത്താണ്.

18-ാം നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ മധ്യകേരളത്തിലെ ഒരു പ്രബലശക്തിയായി തെക്കുംകൂര്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. വടക്കുംകൂറുമായി വടുതലയില്‍വച്ച് ഒരു യുദ്ധമുണ്ടായി എന്നതൊഴിച്ചാല്‍ വടക്കുംകൂറുമായി മിക്കപ്പോഴും സഹകരണത്തിലായിരുന്നു. കൊച്ചി, ചെമ്പകശ്ശേരി, ഇളയിടത്തുസ്വരൂപം, കായംകുളം എന്നീ നാട്ടുരാജ്യങ്ങളുമായി നല്ല ബന്ധത്തിലാണ് തെക്കുംകൂര്‍ കഴിഞ്ഞുവന്നിരുന്നത്. കായംകുളം രാജ്യവുമായുണ്ടായിരുന്ന തെക്കുംകൂര്‍ സൗഹൃദം പ്രശസ്തവുമാണ്.

പറങ്കികളുടെ വാണിജ്യരംഗത്തെ ആധിപത്യം തകര്‍ന്നു കഴിഞ്ഞപ്പോള്‍ ആ രംഗത്ത് ഡച്ചുകാരാണ് ഉയര്‍ന്നുവന്നത്. പൊതുവേ ഭരണരംഗത്ത് അധികം ഇടപെടലില്ലാതെ വാണിജ്യകാര്യങ്ങളില്‍ ഉന്നംവച്ച് വര്‍ത്തിച്ചിരുന്ന ലന്തക്കാര്‍ ഈ രാജ്യങ്ങളോടെല്ലാം സൗഹൃദത്തിലായിരുന്നു. പതിനെട്ടാംനൂറ്റാണ്ടില്‍ ഡച്ചു കമാന്‍ഡറായിരുന്ന വാന്‍ ഇന്‍ഹോഫ് തളിയന്താനപുരം സന്ദര്‍ശിച്ച് രാജാവുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കിയിരുന്നു.

താഴത്തങ്ങാടിയില്‍ ഡച്ചുകാര്‍ സ്ഥാപിച്ച ഒരു വിദ്യാലയമുണ്ടായിരുന്നു എന്നു പലയിടത്തും പരാമര്‍ശിച്ചു കാണുന്നുണ്ട്. എന്നാല്‍ അത് എവിടെയായിരുന്നെന്നോ അവിടെ എന്തെല്ലാമായിരുന്നു അഭ്യസിച്ചിരുന്നതെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ ആകെപ്പാടെ മാറിമറിഞ്ഞത് വേണാട്ടരചനായ മാര്‍ത്താണ്ഡവര്‍മ്മയുടെ സാമ്രാജ്യസ്ഥാപനശ്രമങ്ങളോടെയാണ്. തൃപ്പാപ്പൂര്‍ സ്വരൂപത്തിന്റെ അവകാശിയെന്ന നിലയില്‍ വേണാട്ടിന്റെ കുലശേഖരപാരമ്പര്യം ഉയര്‍ത്തിക്കാട്ടി ആറ്റിങ്ങല്‍ മുതല്‍ വിവിധ നാട്ടുരാജ്യങ്ങളില്‍ മാര്‍ത്താണ്ഡവര്‍മ്മ കലാപമുയര്‍ത്തി. ആറ്റിങ്ങല്‍, ദേശിംഗനാട്, ഇളയിടത്തുസ്വരൂപം (കൊട്ടാരക്കര) ഇവയെല്ലാം തിരുവിതാംകൂറിലേക്ക് ചേര്‍ക്കപ്പെട്ടു.

ഇളയിടത്തുറാണിക്ക് തെക്കുംകൂര്‍ അഭയം നല്കി എന്നത് തെക്കുംകൂറിനെതിരെ മാര്‍ത്താണ്ഡവര്‍മ്മയില്‍ ശത്രുഭാവം ജനിപ്പിക്കാനിടയാക്കി. കായംകുളം ആക്രമിച്ചപ്പോള്‍ ചെമ്പകശ്ശേരിയും തെക്കുംകൂറും കായംകുളം രാജാവിനെ തുണച്ചു എന്നത് ആ വിരോധം ആളികത്തിക്കാനിടയാക്കി. ഡച്ചുകാര്‍ ഇടപെട്ട് ഉണ്ടാക്കിയ ഒന്നാം മാവേലിക്കരകരാര്‍ കാറ്റില്‍ പറത്തി കായംകുളത്തേയും ചെമ്പകശേരിയേയും മാര്‍ത്താണ്ഡവര്‍മ്മ ആക്രമിക്കുകയാണുണ്ടായത്.

ജലാശയങ്ങള്‍ നിറഞ്ഞ അമ്പലപ്പുഴ രാജ്യത്തെ വള്ളപ്പടയോട് എതിര്‍ത്തു ജയിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ താന്‍ മുമ്പേ പിടിച്ചടക്കി സൈന്യത്തില്‍ നിയോഗിച്ച ഡച്ചുകാരെയാണ് അതിനു നിയോഗിച്ചത്. കടല്‍യുദ്ധത്തില്‍ കേമന്മാരായ ഇവര്‍ ഡിലനായി എന്ന തിരുവിതാംകൂര്‍ നാവികത്തലവന്റെ നേതൃത്വത്തിലാണ് ചെമ്പകശ്ശേരിയെ തകര്‍ത്തത്.

ചെമ്പകശ്ശേരിയുടെ പതനശേഷം തെക്കുംകൂറിനെ അടിമപ്പെടുത്താന്‍ മാര്‍ത്താണ്ഡവര്‍മ്മ ആലോചനയിലായി. കൊച്ചിയിലെ രാജാക്കന്മാരുമായി നല്ല ബന്ധമുണ്ടായിരുന്നു തെക്കുംകൂറിനും വടക്കുംകൂറിനും ഇതിനിടില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ ആരംഭിച്ചു. അന്നെത്തെ തെക്കുംകൂര്‍ രാജാവായിരുന്ന ആദിത്യവര്‍മ്മയുടെ ഇളയസഹോദരന്‍ മാര്‍ത്താണ്ഡവര്‍മ്മയുമായി വ്യക്തിപരമായി സൗഹൃദബന്ധം സൂക്ഷിച്ചിരുന്നു. കൊച്ചിരാജാവിനോട് മമതയുണ്ടായിരുന്ന ആദിത്യവര്‍മ്മക്ക് ഇക്കാര്യംകൊണ്ടുതന്നെ ഇളമുറത്തമ്പുരാനോട് നീരസമുണ്ടായിരുന്നു. ഇളമുറത്തമ്പുരാനെ തിരുവനന്തപുരത്തു വിളിച്ചുവരുത്തി മൂത്ത തമ്പുരാനെതിരെ കലാപം നടത്തുവാന്‍ ആവശ്യപ്പെട്ടു. അതിന് തന്റെ സഹായം ഉണ്ടാകുമെന്നുമറിയിച്ചു. എന്നാല്‍ തെക്കുംകൂറിലെ ഇളയ തമ്പുരാന്‍ അതിനു വഴിപ്പെട്ടില്ല എന്നു മാത്രമല്ല മാര്‍ത്താണ്ഡവര്‍മ്മയോട് കലഹിച്ച് തിരിച്ചുപോരുകയാണുണ്ടായത്.

അക്കാലത്ത് തിരുവനന്തപുരത്തുനിന്ന് കൊല്ലം കായംകുളം വഴി കുട്ടനാട് കടന്ന് വഞ്ചിയിലായിരുന്നു കോട്ടയത്തേക്കുള്ള യാത്ര. വഞ്ചിയില്‍ താഴത്തങ്ങാടിയുടെ തെക്കേയറ്റത്തുള്ള ഇല്ലിക്കല്‍ കടവില്‍ ഇളയതമ്പുരാന്‍ എത്തിച്ചേര്‍ന്നു. കരയിലിറങ്ങിയ ഇളമുറത്തമ്പുരാനുപിന്നാലെ എത്തിച്ചേര്‍ന്ന മാര്‍ത്താണ്ഡവര്‍മ്മ അയച്ച ഗുഢസംഘം പതിയിരുന്ന് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തി. മൂത്തതമ്പുരാനും ഇളയതമ്പുരാനും സ്വരച്ചേര്‍ച്ചയില്ലാതിരുന്നത് മാര്‍ത്താണ്ഡവര്‍മ്മ മുതലെടുത്തു. ഇളയതമ്പുരാനെ ചതിയില്‍പെടുത്തി കൊലചെയ്തത് തെക്കുംകൂര്‍ വാഴുന്ന രാജാവാണെന്നും രാജധര്‍മ്മം ലംഘിച്ചതിനാല്‍ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ചേരസാമ്രാജ്യത്തിന്റെ അനന്തരവകാശിയായ താന്‍ അതു വച്ചുപൊറുപ്പിക്കുകയില്ലെന്നും പ്രഖ്യാപിച്ച മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂറിനെ ആക്രമിക്കുന്നതിന് സന്നാഹങ്ങളൊരുക്കി.

ഡച്ചു നാവികസൈന്യവും വരുതിയിലായ ചെമ്പകശ്ശേരി സൈന്യവും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് തുണയായെത്തി. വാതരോഗം പിടിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മാവേലിക്കര കോവിലകത്ത് ആക്രമണപദ്ധതികള്‍ക്ക് മേല്‍നോട്ടം നല്‍കി കഴിഞ്ഞുവന്നു. രാമയ്യന്‍ ദളവ, യൂസ്റ്റേഷ്യസ് ഡിലനായ്, ഇളയരാജാവായ കാര്‍ത്തികതിരുനാള്‍ (ധര്‍മ്മരാജ), അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള എന്നിവര്‍ സൈന്യത്തിന് നേതൃത്വം നല്‍കി. ഓര്‍ക്കാപ്പുറത്തെ ആക്രമണം തെക്കുംകൂര്‍ പ്രതീക്ഷിച്ചിരുന്നില്ല.

തങ്ങളുടെ സുഹൃദ്‌രാജ്യങ്ങളെല്ലാം അമ്പേ തകര്‍ന്നത് കാണേണ്ടിവന്ന തെക്കുംകൂറ് രാജാവിന് എന്നെങ്കിലും ആക്രമണം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അതിനാല്‍ തന്നെ സൈനികശേഖരണവും നടത്തിയിരുന്നു. വടക്കുംകൂറില്‍നിന്നും കൊച്ചിയില്‍നിന്നും ഉദ്ദേശിച്ചത്ര സഹായവും ലഭിച്ചില്ല. അവരും നിലനില്‍പിനുവേണ്ടിയുള്ള കരുക്കളൊരുക്കുകയായിരുന്നു. തെക്കുംകൂറിന്റെ തെക്കേ അതിര്‍ത്തിയായ ആറന്മുളയിലാണ് ആദ്യ ആക്രമണപദ്ധതി നടപ്പിലായത്. ആ സമയത്ത് തെക്കിന്‍കൂര്‍ രാജാവ് അവിടെയുണ്ടായിരുന്നു. വേണ്ട സൈന്യനിര്‍ദ്ദേശം നല്‍കി അദ്ദേഹം തിരിച്ചുപോയി കഴിഞ്ഞാണ് ആക്രമണം ഉണ്ടാകുന്നത്. തെക്കിന്‍കൂറിന്റെ ആശ്രിതരായി കഴിഞ്ഞുകൂടിയിരുന്ന തെലുങ്കുബ്രാഹ്മണര്‍ വഴിക്കു കുറുകേ കിടന്ന് സൈന്യത്തെ പ്രതിരോധിച്ചത് തിരുവിതാംകൂറിനെ വെട്ടിലാക്കി. ബ്രാഹ്മണഹത്യ പാപമാണല്ലോ. രാമയ്യന്‍ ദളവയുടെ ബുദ്ധി അവിടെയും പ്രവര്‍ത്തിച്ചു.

ഡച്ചുസൈന്യം ഇടപെട്ട് അവരെ ഒഴിവാക്കി. സൈന്യം കടന്നുകയറി. നാടുവഴികളെയെല്ലാം തങ്ങളുടെ വരുതിയിലാക്കി ചങ്ങനാശ്ശേരി ആക്രമിച്ച് തിരുവിതാംകൂറില്‍ ചേര്‍ത്തു. നീരാഴിക്കൊട്ടാരത്തില്‍ പാര്‍ത്തിരുന്നവര്‍ ഇതിനിടെ രക്ഷപ്പെട്ടു. കൊട്ടാരം കൊട്ടിയടച്ച് സീല്‍ ചെയ്തു. വടക്കോട്ടുള്ള സൈനികപ്രയാണം പുരോഗമിച്ചു. വേമ്പനാട്ടുകായലിലൂടെ ചെമ്പകശ്ശേരിയിലെ കൂലിപ്പട്ടാളവും ഡിലനായിയുടെ ഡച്ചുപട്ടാളവും വഞ്ചികളിലും കപ്പലുകളിലുമേറി മീനച്ചിലാറ്റില്‍ കടന്നു.

അക്കാലത്ത് തെക്കിന്‍കൂറിന് വഞ്ചികളില്‍ തോക്കുകള്‍ ഘടിപ്പിച്ചിച്ച സൈനികവാഹനങ്ങളുണ്ടായിരുന്നു. പറങ്കികളും അറബികളും ഡച്ചുകാരുമെല്ലാം മുന്‍കാലങ്ങളില്‍ നിരവധി തോക്കുകള്‍ തെക്കുംകൂറിനു സമ്മാനിച്ചിരുന്നു. മാത്രവുമല്ല തോക്കുനിര്‍മ്മാണത്തില്‍ വിദഗ്ദ്ധരായവരെ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു. വെടിമരുന്ന് നിര്‍മ്മാണത്തില്‍ പ്രഗത്ഭരായ ഒരു ക്രിസ്ത്യന്‍ കുടുംബത്തെ കൊട്ടാരത്തിനുടുത്തുതന്നെ പാര്‍പ്പിച്ചിരുന്നു. കമ്പക്കെട്ട് കലയില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ വളരെ പ്രശസ്തനായിരുന്ന തൊമ്മന്‍വര്‍ക്കി ഈ കുടുംബത്തിലെ പിന്‍ഗാമിയാണെന്നത് പ്രത്യേകം പ്രസ്താവിക്കട്ടെ.

ആയുധം ഘടിപ്പിച്ച ആക്രമണനൗകകള്‍ ഇല്ലിക്കല്‍ കടവിനു സമീപം ഉന്നംപിടിച്ചു കിടന്നു. കരയിലൂടെ വന്ന സൈന്യം കാരാപ്പുഴ കടന്ന് നരികുന്നിലെത്തി തമ്പടിച്ചു കിടന്നു. കോവിലകത്തെ പ്രധാന കുടുംബങ്ങളെല്ലാം കൊക്കരണിയിലെ തുരങ്കപ്പാതയിലൂടെ പള്ളിക്കോണം തോട്ടിലെത്തി വഞ്ചിയില്‍ കയറി രക്ഷപ്പെട്ടു എന്നു പറയപ്പെടുന്നു. മുഞ്ഞനാട്ട് പണിക്കരും മറ്റു സൈനികത്തലവന്‍മാരും രാജാവിനോടൊപ്പം തിരുവിതാംകൂറിനെ നേരിടാന്‍ തയ്യാറായിനിന്നു.

ഇല്ലിക്കല്‍കടവിനു സമീപം മീനച്ചിലാറ്റില്‍ നടന്ന ജലയുദ്ധത്തില്‍ തെക്കുംകൂറിന്റെ നാവികപ്പടയെ നിശ്ശേഷം തകര്‍ത്ത് തിരിവിതാംകൂറിന്റെ നേതൃത്വത്തില്‍ ഡച്ച് ചെമ്പകശ്ശേരി സൈന്യം താഴത്തങ്ങാടിയിലെത്തി. ഇതേസമയം കിഴക്കുവശത്തുനിന്ന് കരയിലൂടെയുള്ള കാലാള്‍പ്പട്ടാളം തളിയന്താനപുരത്ത് പ്രവേശിച്ചു. താഴത്തങ്ങാടിയിലെ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ള ഭവനങ്ങളും കച്ചവടസ്ഥാപനങ്ങളും സൈന്യം കൊള്ളയടിച്ചു. പ്രദേശവാസികള്‍ ഏറിയപങ്കും ആക്രമണത്തിനുമുമ്പ് കുന്നിന്‍പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടിരുന്നു. തെക്കുംകൂര്‍ സൈന്യം പലഭാഗത്തുനിന്നും ആക്രമണം നടത്തിയെങ്കിലും രാമയ്യന്റെയും കാര്‍ത്തികതിരുനാളിന്റെയും മാര്‍ത്താണ്ഡപിള്ളയുടെയും ഡിലനായിയുടെയും ആയുധങ്ങള്‍ക്കിരയാവുകയാണുണ്ടായത്. മീനച്ചിലാര്‍ ചോരപ്പുഴയായൊഴുകി. കിഴക്കോട്ട് കുതിച്ചുകയറിയ തിരുവിതാംകൂര്‍ സൈന്യം തളിയില്‍കുന്നിന്റെ നിറുകയിലെത്തി. അവശേഷിച്ച തെക്കിന്‍കൂര്‍ സൈന്യത്തേയും അടിച്ചമര്‍ത്തി. രാജാവും പടനായകന്മാരും ബന്ധനസ്ഥരായി.

കോവിലകത്തുകടന്ന് തെക്കുംകൂറിന്റെ എല്ലാ പ്രാമാണികരേഖകളും തീയിട്ട് നശിപ്പിച്ചു, കൊട്ടാരത്തിലുണ്ടായിരുന്ന പലപ്പോഴായി ഉപഹാരമായി ലഭിച്ച വിദേശനിര്‍മ്മിത ഘടികാരങ്ങള്‍, തോക്കുകള്‍ എന്നിവയുടെ വലിയ നിരതന്നെ തിരുവിതാംകൂര്‍ സൈന്യം കൈക്കലാക്കി. മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്‍നിശ്ചയപ്രകാരം കോവിലകം ചുട്ടുചാമ്പലാക്കി. അതിന്റെ അസ്ഥിവാരംപോലും തകര്‍ത്തുകളഞ്ഞു. കോട്ടയം എന്ന പേരിനു നിദാനമായ കോട്ടകൊത്തളങ്ങള്‍ ഇടിച്ചുനിരത്തി. ദേവാലയങ്ങള്‍ മാത്രം ഇവയെല്ലാം അതിജീവിച്ച് നിലനിന്നു. തെക്കുംകൂര്‍ എന്നപേരില്‍ ഒരു രാജവംശം ഭൂമിയ്ക്കു മുകളില്‍ ഉണ്ടായിരുന്നു എന്ന് വരുംതലമുറ അറിയരുത് എന്ന വാശി മാര്‍ത്താണ്ഡവര്‍മ്മയ്ക്കുണ്ടായിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ടാകാം കേരളചരിത്രത്തില്‍ തെക്കുംകൂറിന് കാര്യമായ ഇടമില്ലാതായതും.

യുദ്ധാനന്തരം താഴത്തങ്ങാടിയും തളിയന്താനപുരവും ഉള്‍പ്പെട്ട കോട്ടയം അക്ഷരാര്‍ത്ഥത്തില്‍ ശ്മശാനഭൂമി പോലെയായി. സകലസമ്പല്‍സമൃദ്ധികളോടും കഴിഞ്ഞിരുന്ന ഈ ദേശത്ത് അരാജകത്വത്തിന്റെ അന്ധകാരം വന്നുമൂടി. തളിയില്‍ക്ഷേത്രം വേണ്ടുംവണ്ണം പരിപാലിക്കാന്‍ ആളില്ലാതായി. അങ്ങാടികളില്‍ കച്ചവടം നാമമാത്രമായി. തളിയന്താനപുരം ചന്ത വിജനമായി. പിന്നീടുള്ള ഒന്നര നൂറ്റാണ്ടോളം താഴത്തങ്ങാടി മുടന്തിനീന്തി. ധര്‍മ്മരാജാവിന്റെ ഭരണകാലത്ത് ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ചെയ്ത കാര്യങ്ങള്‍ക്ക് പ്രായശ്ചിത്തമെന്നവണ്ണം ക്ഷേത്രസംരക്ഷണത്തിനും മറ്റും ചില പ്രായോഗികപദ്ധതികള്‍ ആവിഷ്‌കരിച്ചു.

തെക്കുംകൂറില്‍ താനും മാതുലനും ചെയ്ത ആക്രമണങ്ങള്‍ക്ക് പരിഹാരമായാണ് ഏറ്റുമാനൂര്‍ക്ഷേത്രത്തില്‍ അദ്ദേഹം ഏഴരപ്പൊന്നാന നടയ്ക്കുവച്ചത് എന്നതു പ്രസിദ്ധമാണല്ലോ. സാമൂതിരിയുടെ കോവിലകത്ത് അഭയം പ്രാപിച്ചിരുന്ന തെക്കിന്‍കൂര്‍ രാജകുടുംബങ്ങളെ ചങ്ങനാശ്ശേരിയിലെ നീരാഴിക്കൊട്ടാരത്തില്‍ തിരിച്ചുകൊണ്ടുവന്നു പാര്‍പ്പിച്ചു. എന്നാല്‍ വൈകാതെ അവരെ അവിടെനിന്ന് വെട്ടിക്കവലയിലൊരിടത്ത് താമസിപ്പിച്ചിട്ട് നീരാഴിക്കൊട്ടാരം ടിപ്പുവിന്റെ പടപേടിച്ചെത്തിയ പരപ്പനാട്ട് രാജകുടുംബത്തിന് താമസിക്കുന്നതിനായി വിട്ടുകൊടുത്തു. വീണ്ടുമൊരു പകപോക്കല്‍!

പില്ക്കാലത്ത് മിഷണറിമാരുടെ വരവോടെയുണ്ടായ ആത്മീയവും ഭൗതികവുമായ ഉണര്‍വ് വിദ്യാഭ്യാസരംഗത്തും ചലനങ്ങളുണ്ടാക്കി. തിരുവിതാംകൂര്‍ ഭരണകാലത്ത് കേണല്‍ മന്റോ റസിഡണ്ടായിരുന്നപ്പോള്‍ കോട്ടയത്തെ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി. പഴയ സെമിനാരിയുടെയും സി.എം.എസ്. കോളജിന്റെയും സ്ഥാപനം എടുത്തുപറയേണ്ടതാണ്.

തെക്കുംകൂര്‍ വാഴ്ചക്കാലത്തുതന്നെ തിരുനക്കരക്ഷേത്രത്തിന്റെ സാന്നിദ്ധ്യം കൊണ്ടും പ്രശസ്തമായ തിരുനക്കരമൈതാനത്തിന്റെ പ്രാധാന്യം കൊണ്ടും ആ പ്രദേശം വികസനത്തിലേക്ക് കുതിച്ചു. ചാലുകുന്നും അണ്ണാന്‍കുന്നും വിദ്യാകേന്ദ്രങ്ങളായി. നേരത്തെതന്നെ വികാസം പ്രാപിച്ചിരുന്ന വയസ്‌കരയും കോടിമതയും കൂടുതല്‍ ജനവാസകേന്ദ്രങ്ങളായി. അവിടെയെല്ലാമുണ്ടായിരുന്ന കാടുകള്‍ വെട്ടിത്തെളിക്കപ്പെട്ടു. നാട്ടുപാതയായിരുന്ന മെയിന്റോഡ് എം.സി. റോഡായി. പിന്നീട് റീജന്റ് റാണിയുടെ കാലത്ത് കോട്ടയം- കുമളി റോഡ് വന്നു. ഇതെല്ലാം കോട്ടയം തിരുനക്കരയിലേക്ക് പരിക്രമിക്കുന്നതിന് കാരണമായി.

ദിവാന്‍ പേഷ്‌കാരായിരുന്ന സര്‍.ടി. രാമറാവു 1860 ല്‍ ചേര്‍ത്തല ഡിവിഷന്റെ ഭാഗമായിരുന്ന കോട്ടയത്തെ വിഭജിച്ച് കോട്ടയം ഡിവിഷന്‍ സ്ഥാപിച്ചു. കോട്ടയത്ത് കച്ചേരിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും അന്നാണുണ്ടാകുന്നത്. അതിനാല്‍ത്തന്നെ ആധുനിക കോട്ടയത്തിന്റെ ശില്പിയായി സര്‍. ടി.രാമറാവു അറിയപ്പെടുന്നു.

താഴത്തങ്ങാടി അതിന്റെ ഗതകാലസ്മരണകള്‍ അയവിറക്കി നിശബ്ദമായി നിലകൊണ്ടു. അപ്പോഴും മീനച്ചിലാര്‍ ഒഴുകികൊണ്ടേയിരുന്നു. പ്രദേശവാസികള്‍ വ്യാപാരവും മറ്റ് ഉപജീവനമാര്‍ഗ്ഗങ്ങളും തേടി തിരുനക്കരയിലേക്ക് പോയ്‌ക്കൊണ്ടിരുന്നു. ഒരു ജനവാസകേന്ദ്രമെന്ന നിലയില്‍ മാത്രം താഴത്തങ്ങാടി ഒതുങ്ങി. കഴിഞ്ഞ രണ്ടുതലമുറകള്‍ താഴത്തങ്ങാടിയില്‍ കണ്ടുവന്നിരുന്ന കച്ചവടങ്ങളും ജലമാര്‍ഗ്ഗത്തിലുള്ള വാണിഭവുമെല്ലാം ആ പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലിനുവേണ്ടി മാത്രമെന്ന നിലയില്‍ നടന്നുവന്നു.

എങ്കിലും പൂര്‍വ്വകാലം ദാനം ചെയ്ത ആ മഹത്തായ പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ എക്കാലത്തും ഈ ദേശവാസികള്‍ ശ്രദ്ധിച്ചു. വര്‍ത്തമാനകാലത്തെ വിഭാഗീയചിന്തകള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഇടംകൊടുക്കാതെ അവയ്‌ക്കെല്ലാമെതിരെ ജാഗരൂകരാകാന്‍ സാധിക്കുന്നത് ഈ പാരമ്പര്യത്തിന്റെ ശക്തിയത്രേ.
താഴത്തങ്ങാടിയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഉദ്യമങ്ങള്‍ അടുത്ത കാലത്തായി നടന്നുവരുന്നുണ്ട്. പൈതൃകമേഖല എന്ന നിലയില്‍ ഈ പ്രദേശത്തെ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി പ്രദേശവാസികളുടെ ഹെറിറ്റേജ് സൊസൈറ്റി രൂപംകൊണ്ടു. “താഴത്തങ്ങാടിയെ വരയ്ക്കുന്നു”, “താഴത്തങ്ങാടിയെ കേള്‍ക്കുന്നു” എന്നീ പേരുകളോടുകൂടിയ രണ്ടു പരിപാടികള്‍ നടന്നത് ഇവരുടെ പ്രവര്‍ത്തനങ്ങളെ ശ്രദ്ധേയമാക്കുന്നു. വിപുലമായ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ട് സൊസൈറ്റി മുന്നേറിക്കൊണ്ടിരിക്കുന്നു.

(അവസാനിച്ചു)

താഴത്തങ്ങാടിയിലേയ്ക്ക് ഒരു ഡിജിറ്റല്‍ യാത്ര പോയാലോ?
ആദ്യം തളിയില്‍ മഹാദേവ ക്ഷേത്രം

ഇനി താഴത്തങ്ങാടി ജുമാ മസ്ജിദ്‌