കേരളത്തിന്റെ വിശപ്പ് മാറ്റിയത് പിണറായിയെന്ന് പരസ്യം ചെയ്യുന്നവര്‍ പൊതുവിതരണ സംവിധാനത്തിന്റെ ചരിത്രമറിയണം
Discourse
കേരളത്തിന്റെ വിശപ്പ് മാറ്റിയത് പിണറായിയെന്ന് പരസ്യം ചെയ്യുന്നവര്‍ പൊതുവിതരണ സംവിധാനത്തിന്റെ ചരിത്രമറിയണം
ജെ.എസ് അടൂര്‍
Saturday, 20th February 2021, 2:14 pm

കേരളത്തില്‍ കോടിക്കണക്കിന് കടം വാങ്ങി പിണറായിസ്റ്റ് ഹോഡിങ്ങുകള്‍ വിളിച്ചു പറയുന്നത് അദ്ദേഹം കേരളത്തെ വിശപ്പ് രഹിതമാക്കിയെന്നതാണ്. അതു കണ്ടാല്‍ തോന്നും അതിനുമുമ്പ് കേരളത്തില്‍ മുഴുപട്ടിണി ആയിരുന്നുവെന്ന്.

പരസ്യത്തിനാധാരം കൊവിഡ് കഷ്ടകാലത്ത് അഞ്ചാറു മാസം അരിയും പഞ്ചസാരയും മസാലകള്‍ അടങ്ങിയ അഞ്ചാറു കിറ്റുകള്‍ റേഷന്‍ കട വഴി നല്‍കി എന്നതാണ്. റേഷന്‍ കട വഴി അരിയും, ഗോതമ്പും പഞ്ചസാരയുമൊക്കെ കൊടുക്കാന്‍ തുടങ്ങിയത് ഇന്ത്യയില്‍ പൊതു വിതരണ സംവിധാനമുണ്ടായിട്ടാണ്. അതിനു കാരണം വിവിധ കാലങ്ങളില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലും പങ്കാളിത്തത്തിലുമുള്ള സര്‍ക്കാരുകളാണ്.
കടുംവെട്ട് സര്‍ക്കാര്‍ കടം വാങ്ങി നടത്തുന്ന പരസ്യ ധൂര്‍ത്ത് കണ്ടാല്‍ തോന്നും കേരളത്തിലും ഇന്ത്യയിലും പൊതു വിതരണം കൊണ്ടുവന്നത് ശ്രീ പിണറായി വിജയനാണെന്ന്.

എന്താണ് വസ്തുത?

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ഉടനെ തന്നെ ദാരിദ്ര്യവും പട്ടിണിയും മാറ്റുവാന്‍ പൊതുവിതരണ സംവിധാനം കൊണ്ടുവന്നത് ജവഹര്‍ലാല്‍ നെഹ്റു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരാണ്. അത് വീണ്ടും രാജീവ് ഗാന്ധിയുടെ ഭരണകാലത്തും നരസിംഹറാവു സര്‍ക്കാരിന്റെ കാലത്തും മന്‍മോഹന്‍ സിംഗിന്റെ കാലത്തും ശക്തിപ്പെടുത്തി.

അത് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് നടത്തുന്നത്. ഫുഡ് കോര്‍പ്പറേഷന്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുന്ന അരിയും ഗോതമ്പുമൊക്കെയാണ് റേഷന്‍ കടകളില്‍ എത്തുന്നത്. 1964ല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആക്ട് കൊണ്ടുവന്നു നടപ്പാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ്.

എല്ലാ വര്‍ഷവും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗോതമ്പ് ശരാശരി ഇരുപത് ശതമാനം വരെ വാങ്ങി റേഷന്‍ കടകളില്‍ എത്തിക്കുന്നത് എഫ്.സി. ഐ ആണ്. അതുപോലെ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന അരിയുടെ 15% വാങ്ങി റേഷന്‍ കടകളില്‍ എത്തിക്കുന്നതും എഫ്.സി.ഐ യാണ്.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സബ്സിഡൈസ്ഡ് പൊതുവിതരണ സംവിധാനം ഇന്ത്യയിലാണ്. ഇന്ന് അഞ്ചര ലക്ഷം റേഷന്‍ പൊതു വിതരണ കടകളാണ് ഉള്ളത്. ഏതാണ്ട് 75000കോടി രൂപയാണ് പ്രതി വര്‍ഷം ചിലവ്. ഇന്ത്യയില്‍ എല്ലായിടത്തുമുള്ള റേഷന്‍ കടകള്‍ കൊണ്ട് വന്നത് ബി.ജെ.പി യോ, സി.പി.ഐ.എമ്മോ അല്ല കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഉള്ള സര്‍ക്കാരുകളാണ്.

2013ല്‍ ഭക്ഷ്യ സുരക്ഷ നിയമം പാര്‍ലമെന്റില്‍ പാസ്സാക്കിയത് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. അതിനു വേണ്ടി അക്ഷീണം പരിശ്രമിച്ചത് സോണിയ ഗാന്ധിയാണ്. അതു പ്രകാരമാണ് എല്ലാ സ്‌കൂളുകളിലും ഉച്ച ഭക്ഷണം നടപ്പിലാക്കിയത്. വബാലവാടികളില്‍ പോഷാഹാരം എല്ലായിടത്തും ലഭ്യമാക്കിയത്.

അതുമാത്രം അല്ല ഓരോ ആള്‍ക്കും രണ്ട് രൂപ നിരക്കില്‍ പ്രതിമാസം അഞ്ച് കിലോ ഗോതമ്പും മൂന്നു രൂപ നിരക്കില്‍ അഞ്ചു കിലോ അരിയും കൊടുക്കാന്‍ വ്യവസ്ഥയുണ്ടായി. കേരളത്തില്‍ സിവില്‍ സപ്പ്‌ളെ വകുപ്പും പൊതു വിതരണം സംവിധാനവുമുണ്ടായത് ആര്‍. ശങ്കര്‍ മുഖ്യ മന്ത്രിയായിരുന്നപ്പോഴാണ്. അത് ശക്തമായത് കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത്. പിന്നീട് വന്ന എല്ലാ സര്‍ക്കാരുകളും അത് ശക്തിപ്പെടുത്തി.

കേരളത്തില്‍ സൗജന്യ റേഷന്‍ ആദ്യമായി നടപ്പാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാരാണ്.
കൊവിഡ് കഷ്ട്ട കാലത്ത് ഇന്ത്യയില്‍ സൗജന്യ റേഷന്‍ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. അത് കേരളത്തില്‍ മാത്രം പിണറായി വിജയന്‍ ചെയ്ത അത്ഭുതം അല്ല തമിഴ്‌നാട്ടില്‍ അടക്കം പല സംസ്ഥാനങ്ങളിലും കിറ്റ് കൊടുത്തു.

അല്ലാതെ കേരളത്തില്‍ മാത്രം സംഭവിച്ച ഒന്നല്ല. ആദ്യമായി മനസ്സിലാക്കേണ്ടത് ഫുഡ് കിറ്റ് ആരുടെയും മെഹര്‍ബാനി അല്ല. ആരെങ്കിലും സ്വന്തം പോക്കറ്റില്‍ നിന്നോ പാര്‍ട്ടി ഫണ്ടില്‍ നിന്നോ കൊടുക്കുന്ന സൂത്രം അല്ല. അത് നികുതി ദായകരുടെ കാശ് വാങ്ങി ഉപയോഗിച്ചും നികുതി ദായകരുടെ പേരില്‍ കടം വാങ്ങിയും ചിലവഴിച്ചു വാങ്ങിയതാണ്. അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തവും ഉണ്ട്.

കൊവിഡ് വര്‍ഷം സ്‌കൂളുകളില്‍ ഉച്ച ഭക്ഷണത്തിനുള്ള ബജറ്റ് ചിലവാക്കേണ്ടി വന്നില്ല. അത് എല്ലാം കൂടിയിട്ടാണ് ഫുഡ് കിറ്റ് വിതരണം.
ഇതൊക്കെ ഏത് ഉത്തരവാദിത്തപെട്ട സര്‍ക്കാരുകളും ചെയ്യുന്നതാണ്. കേരളത്തില്‍ ആര് മുഖ്യ മന്ത്രി ആയിരുന്നാലും അത് സംഭവിക്കും.
കേരളത്തെ വിശപ്പ് രഹിതമാക്കിയത് പിണറായി വിജയനാണ് എന്ന് കോടികള്‍ മുടക്കി പരസ്യം നടത്തിയാല്‍ വസ്തുതകള്‍ മാറില്ല.

സര്‍ക്കാര്‍ ചിലവിലെ പിണറായി പരസ്യങ്ങള്‍ വായിച്ചാല്‍ തോന്നും അദ്ദേഹം വരുന്നതിന് മുമ്പ് കേരളം മുഴുപട്ടിണിയില്‍ ആയിരുന്നു എന്ന്.
കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാം മാറ്റങ്ങളും അഞ്ചഞ്ച് കൊല്ലം മാറി മാറി വന്ന സര്‍ക്കാരുകള്‍ ചെയ്തതാണ്. അത് ഇപ്പോഴും ചെയ്യുന്നു
തുടര്‍ഭരണം നടത്തി മുടിച്ച ബംഗാളില്‍ അത് കഴിഞ്ഞപ്പോള്‍ 11% കുടുംബങ്ങള്‍ മുഴു പട്ടിണി ആയിരുന്നു.

ബംഗാള്‍ അല്ല കേരളം. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ അഞ്ച് കൊല്ലം കഴിയുമ്പോള്‍ മാറ്റത്തിന് വോട്ട് ചെയ്തു. കേരളം ബംഗാളും ത്രിപുരയുമൊന്നും പോലെയാകാഞ്ഞത് അത് കൊണ്ട് ആണ്.

കിറ്റ് രാഷ്ട്രീയം ഒക്കെ കൊള്ളാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ഇല്ലായ്മ അതു കൊണ്ട് മാറില്ല. തൊഴില്‍ നഷ്ട്ടപെട്ട് കേരളത്തില്‍ വന്ന ലക്ഷകണക്കിന് ആളുകളുടെ പ്രശ്‌നം അതുകൊണ്ട് മാറില്ല. വരുമാനം ഇല്ലാത്തവരുടെ പ്രശ്‌നം അതുകൊണ്ട് തീരില്ല. കടക്കെണിയിലായ ആളുകളുടെയും സര്‍ക്കാരിന്റെയും പ്രശ്‌നം അതുകൊണ്ട് തീരില്ല. ശതകോടികള്‍ മുടക്കി പിണറായിസ്റ്റ് പരസ്യയുദ്ധം ചെയ്താല്‍ കേരളത്തില്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നം തീരില്ല.

അതുകൊണ്ട് ബി.ജെ.പിയ്ക്ക് കേരളത്തില്‍ വഴിയൊരുക്കുന്ന വിജയരാഘവന്റെ ഭൂരിപക്ഷ വര്‍ഗീയ രാഷ്ട്രീയത്തെ മനസ്സിലാക്കാനുള്ള ബുദ്ധി മലയാളിക്കുണ്ട്.

Content Highlight: History of public distribution system in Kerala – J.S. Adoor Writes