Administrator
Administrator
ചരിത്രമുറങ്ങും ചരിത്രാതീത കാലം
Administrator
Monday 23rd May 2011 3:45pm

പ്യൂപ്പ / ഷഫീക്ക്.എച്ച്

നുഷ്യന്‍ എന്നാണ് ഉണ്ടായത് എന്നു ചോദിച്ചാല്‍ കാക്കത്തോള്ളായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് കൂട്ടുകാര്‍ പറയും. അതെ, പണ്ടുപണ്ടുപണ്ട്, ഏകദേശം 2 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ പൂര്‍വികര്‍ ജന്മംകൊണ്ടിട്ടുള്ളത്! കുരങ്ങില്‍ നിന്ന് പരിണമിച്ചാണ് മനുഷ്യനുണ്ടായതെന്ന് കൂട്ടുകാര്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ പറയുന്നതിനേക്കാള്‍ മനുഷ്യനും കുരങ്ങിനും ഒരു പൊതു പൂര്‍വികനാണുള്ളതെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഇങ്ങനെയൊക്കെയാണെങ്കിലും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമൊക്കെ കഴിയുന്ന ബുദ്ധിയുള്ള ആധുനിക മനുഷ്യന്‍ പിറവിയെടുത്തിട്ട് കേവലം 50000 വര്‍ഷമേ ആയിട്ടുള്ളു കേട്ടോ.

ഇങ്ങനെ മനുഷ്യന്‍ രൂപപ്പെട്ടതു മുതല്‍ ഇന്നോളമുള്ള നാള്‍വഴികള്‍ നമ്മളെങ്ങനെയാണ് മനസിലാക്കുന്നതെന്ന് കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ?

അവര്‍ ഉപേക്ഷിച്ചുപോയ രേഖകളിലൂടെയാണ് നമ്മളത് മനസിലാക്കുന്നത്. രേഖകള്‍ എന്നു പറയുമ്പോള്‍ എഴുതപ്പെട്ടവ മാത്രമല്ല, എഴുതപ്പെടാത്തവയും ഉണ്ട്. എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ഈ രേഖകളെ സൂക്ഷമം പഠിച്ചിട്ടാണ് ചരിത്രകാരന്‍മാര്‍ ചരിത്രം രചിക്കുന്നത്. അതുകൊണ്ടാണ് ഭൂതകാലത്ത് മനുഷ്യന്‍ അവശേഷിപ്പിച്ച് കടന്നുപോയ ചരിത്ര വസ്തുക്കളെ പഠിച്ച് ചരിത്രകാരന്‍ നടത്തുന്ന വ്യാഖ്യാനമാണ് ചരിത്രമെന്ന് വിഖ്യാത ചരിത്രകാരനായ ഇ.എച്ച്.കാര്‍ പറഞ്ഞത്.

എഴുതപ്പെട്ട രേഖയായി വളരെ കുറച്ചുകാലത്തെ രേഖകള്‍ മാത്രമേ നമുക്ക് കിട്ടാനുള്ളു. എന്തായിരിക്കും അതിനുകാരണം? മനുഷ്യന്‍ എഴുത്തുവിദ്യ കണ്ടെത്തിയിട്ട് വളരെകുറച്ചു നാളുകളേ ആയിട്ടുള്ളു എന്നതു തന്നെ. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് സുമേറിയക്കാര്‍ വികസിപ്പിച്ചെടുത്ത ‘ക്യൂണിഫോം’ ആണ് ആദ്യത്തെ എഴുതപ്പെട്ട അക്ഷരങ്ങള്‍.

എഴുതപ്പെട്ട ഈ രേഖകള്‍ കണ്ടെത്തിയതുമുതലുള്ള ചരിത്രത്തെയാണ് ‘ചരിത്ര കാല’മെന്ന് (historic period) പറയുന്നത്. എന്നാല്‍ അതിനു മുമ്പുള്ള കാലത്തെകുറച്ച് നമുക്കറിയണ്ടേ? അതിനായി നമ്മള്‍ ആശ്രയിക്കുന്നത്, പണ്ടത്തെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, ഉപകരണങ്ങള്‍, പാത്രങ്ങളുടെയും പ്രതിമകളുടെയും അവശിഷ്ടങ്ങള്‍, മനുഷ്യരുടെയും അവര്‍ വളര്‍ത്തിയ മൃഗങ്ങളുടെയും ധാന്യങ്ങളുടെയും ജൈവാവശിഷ്ടങ്ങള്‍ (fossils), വസ്ത്രകഷ്ണങ്ങള്‍ മുതലായവയെയാണ്. ഇവയിലൊക്കെത്തന്നെ അന്നത്തെ നമ്മുടെ മുതുമുത്തച്ഛന്‍മാരുടെ ജീവിത കഥകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത് വായിച്ചെടുത്താല്‍ എന്തെല്ലാം അത്ഭുതകരമായ കാര്യങ്ങള്‍ നമുക്കറിയാനാവുമെന്നോ! എഴുത്തുവിദ്യ കണ്ടെത്താത്ത ആ കാലത്തെയാണ് ചരിത്രാതീതകാലമെന്ന് (pre-historic period) പറയുന്നത്.

കല്ലുകൊണ്ടുള്ള അഥവാ ശിലകള്‍ കൊണ്ടുള്ള ആയുധങ്ങളാണ് വേട്ടയാടാനും കിഴങ്ങുവര്‍ഗങ്ങള്‍ കുഴിച്ചെടുക്കാനുമൊക്കെ ഉപയോഗിച്ചിരുന്നത് എന്നതാണ് ചരിത്രാതീത കാലത്തെ മനുഷ്യര്‍ക്ക് പൊതുവായി കണ്ടെത്തിയ പ്രത്യേകത . അതുകൊണ്ട് ചരിത്രാതീത കാലത്തിന് ‘ശിലായുഗ’മെന്നും പേരുണ്ട്. ശിലായുഗത്തെ അഥവാ ചരിത്രാതീതകാലത്തെ നമുക്ക് വീണ്ടും മുന്നായി തിരിക്കാം. പ്രാചീന ശിലായുഗം (Paleolithic period or old stone age), മദ്ധ്യശിലായുഗം (Mesolithic period or middle stone age), നവീനശിലായുഗം (Neolithic period or new stone age).

ഇനി നമുക്ക് ഈ മൂന്ന് കാലഘട്ടത്തെയും പറ്റി ചെറുതായൊന്ന് പരിചയപ്പെട്ടാലെന്താ?

മൂന്ന് കാലഘട്ടങ്ങളിലും ഏറ്റവും പഴക്കം ചെന്നത് പ്രാചീന ശിലായുഗമാണ്. ‘പാലിയോലിത്തിക്’ കാലമെന്നാണ് ഗ്രീക്കില്‍ ഇതറിയപ്പെടുന്നത്. ‘പാലിയോ’ (paleo) എന്നാല്‍ പ്രാചീനം, പുരാതനം എന്നൊക്കെയാണര്‍ത്ഥം. ‘ലിത്തോസ്'(lithos) എന്നാല്‍ കല്ല് അല്ലെങ്കില്‍ ശില എന്നും. ഇക്കാലത്തെ മനുഷ്യര്‍ പരുക്കനായ കല്ലുകളായിരുന്നത്രേ ആയുധമായി ഉപയോഗിച്ചിരുന്നത്. അവ തേച്ച് മിനുസപ്പെടുത്താനൊന്നും പാവങ്ങള്‍ക്കറിയുമായിരുന്നില്ല. ഈ പരുക്കന്‍ കല്ലായുധങ്ങള്‍ കൊണ്ട് അവര്‍ മൃഗങ്ങളെ എറിഞ്ഞും തല്ലിയും വേട്ടയാടി ഭക്ഷച്ചിരുന്നു.

പാലിയോലിത്തിക് കാലത്തിനുശേഷമാണ് മദ്ധ്യശിലായുഗം അഥവാ ‘മെസോലിത്തിക്’ കാലമാരംഭിക്കുന്നത്. മെസോലിത്തിക് എന്ന ഗ്രീക്ക് പദത്തിനര്‍ത്ഥം ‘മദ്ധ്യം’ എന്നാണ്. ഈ കാലഘട്ടത്തിലെ മനുഷ്യര്‍ ആയുധങ്ങളെ ചെറുതായി തേച്ചുമിനുക്കാന്‍ പഠിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും അവര്‍ക്കതിനായതുമില്ല. വേട്ടയാടലായിരുന്നു ഇവരുടേയും മുഖ്യ തൊഴില്‍.

ഇതിനും ശേഷമാണ് നവീനശിലായുഗം വരുന്നത്. കൂട്ടുകാരെ നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണിത്. കാരണം മനുഷ്യന്‍ കൃഷിയാരംഭിച്ചതും സ്ഥിരതാമസമാരംഭിക്കുന്നതും ഈ കാലഘട്ടത്തിലാണ്. അതിനു കാരണമായതെന്താണെന്നോ? തേച്ചുമിനുക്കിയ കല്ലായുധങ്ങള്‍!!! മനുഷ്യന്റെ ബുദ്ധിയില്‍തന്നെ വികാസം വരുത്തുന്നതിന് ഈ മാറ്റം വളരെ പ്രധാനമായിരുന്നു. അതുകൊണ്ട് ഗോര്‍ഡന്‍ ചൈല്‍ഡെന്ന മഹാനായ പുരാവസ്തുഗവേഷകന്‍ നവാനശിലായുഗത്തെ ‘നവീനശിലായുഗ വിപ്ലവം’ (Neolithic Revolution) എന്നാണ് വിളിച്ചത്.

ഇവിടം മുതലാണ് ആധുനിക മനുഷ്യന്റെ സംസ്‌കാരങ്ങള്‍ ഉദയം കൊണ്ടത്. അത് ഇന്ന് ആഗോളവല്‍ക്കരണത്തിന്റെ അത്യാധുനിക കാലഘട്ടത്തിലെത്തിനില്‍ക്കുന്നു. ആ വികാസഗതിയില്‍ നമ്മുട പ്രിയപ്പെട്ട പൂര്‍വികരെ ഓര്‍ത്തത് എന്തുകൊണ്ടും നന്നായില്ലെ കൂട്ടുകാരെ? അവരൊഴുക്കിയ വിയര്‍പ്പാണ് ഇന്നത്ത നമ്മള്‍. ‘ആ മരമായ മരമെല്ലാം കൊണ്ട വെയിലാണ് ഈ തണല്‍” എന്ന് കോഴിക്കോട്ടുകാരനായ ടിജോ എന്ന സുഹൃത്ത് പാടിയതെത്ര ശരി.അല്ലേ!

Advertisement