പൊന്നിയിന്‍ സെല്‍വനിലെ ഏറ്റവും മനോഹര രംഗങ്ങള്‍; ചിന്നഞ്ചിരു നിലവേ വീഡിയോ
Film News
പൊന്നിയിന്‍ സെല്‍വനിലെ ഏറ്റവും മനോഹര രംഗങ്ങള്‍; ചിന്നഞ്ചിരു നിലവേ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th May 2023, 12:30 pm

പൊന്നിയിന്‍ സെല്‍വനില്‍ പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിച്ച ഘടകമായിരുന്നു ആദിത്യകരികാലന്‍ പ്രണയം. ഒന്നാം ഭാഗത്തില്‍ കഥാപരിസരവും കഥാപാത്രങ്ങളേയും പരിചയപ്പെടുത്താനാണ് മണിരത്‌നം ശ്രദ്ധ കാണിച്ചതെങ്കില്‍ രണ്ടാം ഭാഗത്തിന്റെ മര്‍മം ആദിത്യകരികാലന്റെയും നന്ദിനിയുടെയും പ്രണയമായിരുന്നു.

ചിത്രത്തിന്റെ തുടക്കത്തിലും അവസാനത്തിലും മാത്രമാണ് ഇരുവരും ഒന്നിച്ച് വരുന്നത്. വളരെ ചുരുങ്ങിയ സമയം മാത്രമാണ് ഇരുവരും ഒന്നിച്ച് സ്‌ക്രീനില്‍ എത്തുന്നതെങ്കിലും ആ രംഗങ്ങളിലെ തീവ്രത കൊണ്ടും വിക്രം- ഐശ്വര്യ കെമിസ്ട്രി കൊണ്ടും ഈ രംഗങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ തറക്കുന്നതായിരുന്നു. ഒപ്പം റഹ്‌മാന്റെ സംഗീതവും രവിവര്‍മന്റെ ക്യാമറയും കൂടി ചേരുമ്പോള്‍ ഈ രംഗങ്ങള്‍ അതിന്റെ പൂര്‍ണതയിലേക്ക് എത്തുകയായിരുന്നു. ആ മനോഹര നിമിഷങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

പി.എസ്. ടുവിലെ ചിന്നഞ്ചിരു നിലവേ എന്ന പാട്ടിന്റെ ഫുള്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചെല്ലച്ചെറുനിലവേ എന്ന് തുടങ്ങുന്ന മലയാളം വേര്‍ഷനും പുറത്ത് വിട്ടിട്ടുണ്ട്. നന്ദിനി വീണ്ടും ആദിത്യകരികാലനെ കാണുന്നതും അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്.

 

ഏപ്രില്‍ 28നാണ് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം റിലീസ് ചെയ്തത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ബാലാജി ശക്തിവേല്‍, അര്‍ജുന്‍ ചിദംബരം, സാറാ അര്‍ജുന്‍, കിഷോര്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ മണിരത്‌നം ചിത്രത്തില്‍ അണിനിരന്നിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മിച്ച ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Content Highlight: chinnachiru nilave video song from ps 2