ഇന്തോനേഷ്യയും തായ്‌വാനുമെല്ലാം ഹിന്ദു രാഷ്ട്രങ്ങള്‍; പള്ളികളില്‍ വരെ ആയുധങ്ങളാണ്: വിദ്വേഷം നിറച്ച് ഹിന്ദുത്വ പ്രസംഗങ്ങള്‍
national news
ഇന്തോനേഷ്യയും തായ്‌വാനുമെല്ലാം ഹിന്ദു രാഷ്ട്രങ്ങള്‍; പള്ളികളില്‍ വരെ ആയുധങ്ങളാണ്: വിദ്വേഷം നിറച്ച് ഹിന്ദുത്വ പ്രസംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th February 2023, 8:42 pm

മുംബൈ: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ തുടര്‍ക്കഥയാക്കി ഹിന്ദുത്വവാദികള്‍. ഒരാഴ്ചക്കിടെ ഒന്നിലധികം വിദ്വേഷ പ്രസംഗങ്ങളാണ് ഹിന്ദുത്വവാദികള്‍ പൂനെയിലും മറ്റ് പ്രദേശങ്ങളിലുമായി നടത്തിയത്.

തങ്ങളുടെ മതത്തിന്റെ സംരക്ഷണത്തിനായി ആയുധമെടുക്കാനായിരുന്നു പൂനെയിലെ ബാരാമതിയില്‍ നടന്ന പരിപാടിയില്‍ കാളീചരണ്‍ മഹാരാജിന്റെ പ്രതികരണം. ഛത്തീസ്ഗഢില്‍ നടന്ന ധരം സന്‍സദില്‍ മുസ്‌ലിം വിഭാഗത്തിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി കേസുകളാണ് കാളീചരണ്‍ മഹാരാജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയതിന് പിന്നാലെ റായ്പൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച പൂനെയില്‍ ഹിന്ദു ജാഗരണ്‍ മോര്‍ച്ച നടത്തിയ പരിപാടിക്കിടെയായിരുന്നു വീണ്ടും വിദ്വേഷ പ്രസംഗവുമായി കാളീചരണ്‍ രംഗത്തെത്തിയത്. ഏറെ വിവാദമായ വിവേക് അഗ്നിഹോത്രി ചിത്രം കശ്മീര്‍ ഫയല്‍സിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗം.

‘ ചിത്രത്തില്‍ ഹിന്ദു സ്ത്രീയെ 150 പുരുഷന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്ന രംഗമുണ്ട്. ഇസ്‌ലാമില്‍ എല്ലാം പങ്കുവെക്കണം എന്നാണ് നിയമം. ഇത് തന്നെയാണ് അവര്‍ ചെയ്തതും. 150 ആണുങ്ങളാണ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു, പിന്നീട് അവരെ കൊലപ്പെടുത്തി. എല്ലാവരും ആ സിനിമ കാണണം എന്നാണ് ഞാന്‍ പറയുക,’ അദ്ദേഹം പറയുന്നു.

കശ്മീര്‍ ഫയല്‍സില്‍ പരാമര്‍ശിച്ചിരിക്കുന്നത് യഥാര്‍ത്ഥ സംഭവങ്ങളില്‍ ഒന്നുമാത്രമാണ്. ഇത്തരം സംഭവങ്ങള്‍ നമുക്ക് ചുറ്റം ഇപ്പോഴും നടക്കുന്നുണ്ട്. മുസ്‌ലിങ്ങള്‍ക്കെതിരെ നമ്മള്‍ ആയുധം എടുക്കേണ്ടതുണ്ടെന്നും കാളീചരണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്ര രാജ്യങ്ങളായപ്പോള്‍ നിരവധി ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു.

‘മദ്രസകളിലും പള്ളികളിലും എ.കെ 47നും കത്തികളും ഉള്‍പ്പെടെ ആയുധങ്ങളുടെ ശേഖരമുണ്ട്. അത്തരം ആയുധങ്ങള്‍ ക്ഷേത്രങ്ങളില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, കമ്പോഡിയ, തായ്‌വാന്‍, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെല്ലാം ഹിന്ദു രാഷ്ട്രങ്ങളായിരുന്നു. അവിടമെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ മുസ്‌ലിങ്ങള്‍ കയ്യടക്കിയതാണ്,’ കാളീചരണ്‍ കൂട്ടിച്ചേര്‍ത്തു.

പൂനെയില്‍ നടന്ന മറ്റൊരു പരിപാടിയില്‍ സുദര്‍ശന്‍ ടി.വി ചീഫ് സുരേഷ് ചൗഹാന്‍കെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ശരിയായ ആയുധങ്ങള്‍ കൈവശം വെക്കുന്നവര്‍ക്ക് മാത്രമേ ഹിന്ദുത്വത്തെ രക്ഷിക്കാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

 

Content Highlight: Hindutvawadis continues hate speeches across pune