ഹലാല്‍ സമ്പ്രദായം മതാധിഷ്ഠിത സമാന്തര സമ്പദ് വ്യവസ്ഥ; ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ത്തണമെന്ന ആവശ്യവുമായി ഹിന്ദുത്വവാദികള്‍
national news
ഹലാല്‍ സമ്പ്രദായം മതാധിഷ്ഠിത സമാന്തര സമ്പദ് വ്യവസ്ഥ; ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ത്തണമെന്ന ആവശ്യവുമായി ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2022, 8:09 pm

ബെംഗളൂരു: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ നിലനില്‍ക്കെ രാജ്യത്തെ ഉത്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണവുമായി ഹിന്ദു ജന്‍ജാഗ്രതി സമിതി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ഹിന്ദു ജന്‍ജാഗ്രതി സമിതി വക്താവ് രമേഷ് ഷിന്‍ഡെയെടെ പരാമര്‍ശം.

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ മാംസത്തിന് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ നിലവില്‍ ഇത് എല്ലാ ഉത്പന്നങ്ങള്‍ക്കും ബാധകമാക്കുകയാണെന്നുമാണ് ഷിന്‍ഡെയുടെ പരാമര്‍ശം. പാര്‍പ്പിട സമുച്ചയങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍, ഭക്ഷ്യ ഉത്പന്നങ്ങല്‍ തുടങ്ങി എല്ലാത്തിനും ഹലാല്‍ ടാഗ് നിര്‍ബന്ധമായെന്നും അദ്ദേഹം പറഞ്ഞു.

‘പണ്ട് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് മാംസത്തിന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് അങ്ങനെയല്ല. പാര്‍പ്പിട സമുച്ചയങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങി എല്ലാത്തിനും ഹലാല്‍ ടാഗ് നിര്‍ബന്ധമാണ്,’ ഷിന്‍ഡെ പറഞ്ഞു.

ഈ സര്‍ട്ടിഫിക്കറ്റിനായി ജംഇയത്ത് ഉലമ എ ഹിന്ദിന് പ്രത്യേക ഫീസ് നല്‍കണമെന്നും ജംഇയത്ത് ഉലമ എ ഹിന്ദിന്റെ ഓഫീസുകള്‍ പരശോധിക്കണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടു.

57 മുസ്‌ലിം രാജ്യങ്ങളും ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കൂവെന്ന് തീരുമാനിച്ചെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. അതേസമയം ഹലാല്‍ സര്‍ട്ടിഫിക്കേഷനെ എതിര്‍ക്കുന്ന വിവിധ മതസ്ഥര്‍ പങ്കെടുക്കുന്ന ഹലാല്‍ വിരുദ്ധ സമ്മേളനം ഒക്ടോബര്‍ 9ന് മുംബൈയില്‍ നടക്കും.

ബഹുരാഷ്ട്ര കമ്പനികള്‍ രാജ്യത്തുടനീളമുള്ള തങ്ങളുടെ ഔട്ട്ലെറ്റുകളില്‍ ഹലാല്‍ സര്‍ട്ടിഫൈഡായ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് സര്‍ക്കാരിന് പണം ലഭിക്കുന്നില്ലെന്നും സര്‍ട്ടിഫിക്കേഷന്റെ പേരില്‍ സ്വകാര്യ സ്ഥാപനം കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഒരു മതത്തിന് മാത്രം പരിമിതപ്പെട്ട ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് മറ്റ് മതസ്ഥര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണെന്നും സമിതി ഡി.കെ ജോയിന്റ് കണ്‍വീനര്‍ ദിനേശ് കുമാര്‍ പറഞ്ഞു.

ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് സംവിധാനത്തിന് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അറുതിവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഒരു മതത്തിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്ന ഹലാല്‍ സമ്പ്രദായം മറ്റ് മതങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണ്? ‘ഹലാല്‍’ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം സര്‍ക്കാര്‍ ഉടന്‍ നിര്‍ത്തണം,’ ദിനേശ് കുമാര്‍ പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യന്തം അപകടകരമായ ഒരു മതാധിഷ്ഠിത സമാന്തര സമ്പദ് വ്യവസ്ഥയാണ് കെട്ടിപ്പടുക്കുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ചന്ദ്ര മൊഗേര പറഞ്ഞു. ഹലാല്‍ സമ്പദ്‌വ്യവസ്ഥയെ എതിര്‍ക്കാന്‍ സംസ്ഥാനത്തുടനീളം ഹലാല്‍ വിരുദ്ധ സമര സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മംഗളൂരുവിലെ ബാലംഭട്ട് ഹാളില്‍ ഒക്ടോബര്‍ രണ്ടിന് ഹലാല്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്.

Content Highlight: Hindutva says halal certification must be banned, says it is being forcefully imposed in other religions too