കര്‍ഷക സമരത്തിനെതിരെ ഹിന്ദുത്വവാദികളുടെ കൊലവിളിയും 'തീവ്രവാദി' ആരോപണങ്ങളും; ദല്‍ഹി കലാപം ആവര്‍ത്തിക്കുമോ?
DISCOURSE
കര്‍ഷക സമരത്തിനെതിരെ ഹിന്ദുത്വവാദികളുടെ കൊലവിളിയും 'തീവ്രവാദി' ആരോപണങ്ങളും; ദല്‍ഹി കലാപം ആവര്‍ത്തിക്കുമോ?
അന്ന കീർത്തി ജോർജ്
Monday, 14th December 2020, 11:10 am

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ താനും കൂട്ടരും ഇറങ്ങി ഇവരെ ഒഴിപ്പിക്കുമെന്നും ദല്‍ഹി കലാപം ആവര്‍ത്തിക്കുമെന്നാണ് രാഗിണി തിവാരി കഴിഞ്ഞ ദിവസം പറഞ്ഞത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഇവരുടെ കൊലവിളി.

ഡിസംബര്‍ 17നകം കര്‍ഷകര്‍ പ്രതിഷേധം നിര്‍ത്തിയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്ന് ഇവര്‍ അവസാന മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. ദല്‍ഹി പൊലീസിനും സര്‍ക്കാരിനുമാണ് ഇവര്‍ വാണിംഗ് കൊടുത്തിരിക്കുന്നത്. ഹിന്ദുക്കളുടെ രക്ഷകയെന്ന് സ്വയം അവരോധിച്ച, ജാനകി ബെഹന്‍ എന്ന പേരിലറിയപ്പെടുന്ന രാഗിണി തിവാരിയുടെ ഈ കൊലവിളിക്കെതിരെ ഇതുവരെയും പൊലീസോ സര്‍ക്കാരോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാഗിണിക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രശാന്ത് ഭൂഷണടക്കമുള്ള പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ആദ്യമായിട്ടില്ല രാഗിണി തിവാരി ഇത്തരം പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. പൗരത്വഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനെതിരെയും ഇവര്‍ പ്രതികരിച്ചിരുന്നു. മുസ് ലിങ്ങളെ കൊന്നൊടുക്കാന്‍ ഹിന്ദുക്കള്‍ മുന്നോട്ടുവരണമെന്നായിരുന്നു ഇവര്‍ ആഹ്വാനം ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ വര്‍ഗീയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇവര്‍ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ വിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്.

”ഹിന്ദുമതത്തിനെതിരെയുള്ള ആക്രമണം ഇനിയും സഹിച്ചിരിക്കാനാവില്ല. ഹിന്ദുക്കള്‍ പുറത്തുവരണം. കൊല്ലുക അല്ലെങ്കില്‍ മരിക്കുക. ബാക്കിയൊക്കെ പിന്നെ നോക്കാം. ഇപ്പോള്‍ നിങ്ങളുടെ രക്തം തിളച്ചില്ലെങ്കില്‍ അത് രക്തമല്ല, വെള്ളമാണ്.’ എന്നെല്ലാമായിരുന്നു അന്ന് രാഗിണി പറഞ്ഞത്. അന്നും ഇവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.

രാഗിണി തിവാരിക്കെതിരെ മാത്രമല്ല പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ ഏറ്റവും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെയും അന്ന് നടപടിയുണ്ടായിരുന്നില്ല. പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലണം എന്നുപറഞ്ഞ അനുരാഗ് ഠാക്കൂര്‍, പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് ഭീഷണി മുഴക്കിയ കപില്‍ മിശ്ര തുടങ്ങിയ നേതാക്കള്‍ക്കെതിരെ വീഡിയോ തെളിവുകള്‍ ഉണ്ടായിട്ടു പോലും നടപടിയുണ്ടായില്ല.

രാഗിണി തിവാരിയുടെ പ്രസ്താവനയില്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ചില നീക്കങ്ങളിലും ദല്‍ഹി കലാപത്തിന്റെ ആവര്‍ത്തനത്തിന്റെ ചില സൂചനകള്‍ മുന്നോട്ടുവരുന്നുണ്ട്. ചര്‍ച്ചകളിലൂടെ കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരായും കൂടിക്കാഴ്ച നടത്തിയിരുന്നു.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദല്‍ഹി അതിര്‍ത്തിയില്‍ അക്രമമുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി അറിയുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭം നീട്ടുകയോ അക്രമത്തിലേക്ക് എത്തിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ ചില ‘തീവ്രവാദ’ ഗ്രൂപ്പുകള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറിയേക്കാമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ ഇത്തരത്തിലുള്ള 10 ഗ്രൂപ്പുകളെങ്കിലും ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്നും സര്‍ക്കാരുമായി അടുത്തുനില്‍ക്കുന്ന വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ മാവോയിസ്റ്റ്, നക്‌സല്‍ ബന്ധം ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ മാവോയിസ്റ്റുകളും നക്‌സലുകളും കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായി ഉയര്‍ന്നുവന്നതാണെന്നും ഈ നുഴഞ്ഞ കയറ്റക്കാര്‍ ഒഴിഞ്ഞു പോയാല്‍ കര്‍ഷകര്‍ക്ക് പുതിയ നിയമങ്ങളുടെ പ്രയോജനങ്ങള്‍ മനസ്സിലാകുമെന്നും പിയൂഷ് ഗോയല്‍ ആരോപിച്ചിരുന്നു.

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടതിനെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായവരുടെ മോചനമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നതും ഇത് തീവ്ര ഇടതു ഗ്രൂപ്പുകളുടെ സാന്നിധ്യമാണ് കാണിക്കുന്നതെന്നുമായിരുന്നു പിയൂഷ് ഗോയല്‍ വ്യാഖ്യാനിച്ചത്.

ഈ പ്രസ്താവനകളുടെയും റിപ്പോര്‍ട്ടുകളുടെയും പശ്ചാത്തലത്തില്‍ കൂടിയാണ് കര്‍ഷക പ്രതിഷേധത്തിനെതിരെയുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ സംശയത്തിലാകുന്നത്.

‘ഞങ്ങളുടെ പ്രസ്ഥാനത്തെ പരാജയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ഏത് ശ്രമവും ഞങ്ങള്‍ പരാജയപ്പെടുത്തും. ഞങ്ങളെ ഭിന്നിപ്പിക്കാനും ഞങ്ങളുടെ പ്രസ്ഥാനത്തിലെ ആളുകളെ പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ചില ചെറിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ഈ മുന്നേറ്റത്തെ ഞങ്ങള്‍ സമാധാനപരമായി വിജയത്തിലേക്ക് നയിക്കുമെന്നാണ് സംയുക്ത കിസാന്‍ ആന്തോളന്‍ നേതാവ് കമല്‍ പ്രീത് സിംഗ് ഈ പ്രസ്താവനകളോട് പ്രതികരിച്ചത്.

ദല്‍ഹി കലാപം ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥി നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍ തുടങ്ങിയവരെയെല്ലാം ജയിലലടച്ച കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് നിരവധി പേരാണ് ചൂണ്ടിക്കാണിക്കുന്നത്.

സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ഹിന്ദുത്വ വര്‍ഗീയത ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളുടെ ഇരയാകരുത് കര്‍ഷക പ്രതിഷേധമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും സാമൂഹ്യനിരീക്ഷകര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hindutva groups threatens against Farmers Protest, Central ministers alleges extremists presence, will Delhi riot repeat

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.