ഹിന്ദു പേരിട്ടത് ഇക്കണോമിക്ക് ജിഹാദിന്; മുസ്‌ലിം യുവാക്കളുടെ കടയില്‍ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം
Saffron Terror
ഹിന്ദു പേരിട്ടത് ഇക്കണോമിക്ക് ജിഹാദിന്; മുസ്‌ലിം യുവാക്കളുടെ കടയില്‍ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th August 2021, 10:57 pm

ലഖ്‌നൗ: ദോശക്കടയ്ക്ക് ഹിന്ദു പേരിട്ടു എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ മഥുരയില്‍ തീവ്ര ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. മഥുര വികാസ് ബസാറിലാണ് മുസ്‌ലിം യുവാക്കളുടെ ദോശക്കടക്ക് നേരെയാണ് ഹിന്ദു പേരിട്ടതിനെ തുടര്‍ന്ന് ഹിന്ദുത്വവാദികള്‍ ആക്രമം അഴിച്ചുവിട്ടത്.

കടയ്ക്ക് ഹിന്ദു പേരിട്ടത് ‘ഇക്കണോമിക്ക് ജിഹാദി’ന് വേണ്ടിയാണെന്നാണ് അക്രമികള്‍ പറയുന്നത്.

‘ശ്രീനാഥ് ദോശ കോര്‍ണര്‍’ എന്ന് പേര് ഇട്ടിട്ടുള്ളത് ഹിന്ദുക്കളെ ആകര്‍ഷിക്കാനാണെന്നും, ഈ പേര് കണ്ട് ഹിന്ദുക്കള്‍ ഇത് ഹിന്ദു നടത്തുന്ന കടയാണെന്ന് കരുതിയായിരിക്കും വരുന്നതെന്നും അക്രമികള്‍ പറയുന്നു. ഹിന്ദുക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിന് കാരണം ഇതുപോലുള്ളവരാണെന്നും അക്രമികള്‍ പറയുന്നു.

കടക്കാരെ കയ്യേറ്റം ചെയ്യുന്നതും മറ്റും അക്രമികള്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു. ദേവ് രാജ് പണ്ഡിറ്റ് എന്ന വ്യക്തിയാണ് വീഡിയോ ചിത്രീകരിച്ചത്. അയാളിത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൃഷ്ണ ഭക്തര്‍ യുദ്ധത്തിന് ഒരുങ്ങണമെന്നും മധുര ശുദ്ധീകരിക്കണമെന്നും ഇയാള്‍ ആഹ്വാനം ചെയ്യുന്നതും വീഡിയോയില്‍ കേള്‍ക്കാം.

നേരത്തെ മധ്യപ്രദേശില്‍ വള വില്‍പനക്കാരനായ മുസ്‌ലിം യുവാവിനെ ആക്രമിച്ചത് ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയ ഓണ്‍ലൈന്‍ ക്യാംപെയ്നിനെ തുടര്‍ന്നാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രാജ്യത്തുടനീളം മുസ്‌ലിം മതവിശ്വാസികള്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങളും കടകളും ഉപരോധിക്കാനും അവരെ സാമ്പത്തികമായി പ്രതിസന്ധയിലാക്കാനും ആസൂത്രിതമായ പ്രചരണം നടക്കുന്നുവെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 ല്‍ ബി.ജെ.പി എം.എല്‍.എ രാജാ സിംഗ് മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്തണമെന്നും അവരുടെ കടയില്‍ നിന്നും ഒരു സാധനവും വാങ്ങരുതെന്നും പ്രസംഗിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘ഇക്കാര്യം എന്നും നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ അത് ഹിന്ദുക്കള്‍ നടത്തുന്ന കടയില്‍ നിന്ന് വാങ്ങിക്കണം. ഈ ചതിയന്‍മാരുടെ (മുസ്‌ലിങ്ങള്‍) അടുത്തേക്ക് പോകരുത്. 100 കോടി ഹിന്ദുക്കള്‍ ഇത് പിന്തുടര്‍ന്നാല്‍ ബാക്കിയുള്ള 25 കോടി പേര്‍ ഹിന്ദുമതത്തിലേക്ക് വന്ന് കൊള്ളും,’ എന്നായിരുന്നു രാജാ സിംഗ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

ഹിന്ദു ആര്‍മിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന സുശീല്‍ തിവാരി എന്നയാള്‍ എങ്ങനെ മുസ്‌ലിങ്ങളെ സാമ്പത്തികമായി ഉപരോധിക്കാം എന്നതിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിഭാഷകന്‍, ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയവരെ സമീപിക്കേണ്ടി വന്നാല്‍ അവര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇയാള്‍ പറയുന്നു. മുസ്‌ലിങ്ങള്‍ നടത്തുന്ന സ്റ്റേഷനറി, പാല്‍, ചായക്കട, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്നാണ് ഇയാളുടെ നിര്‍ദേശം.

ഇങ്ങനെ ചെയ്താല്‍ ഒരു മാസം കൊണ്ട് ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്നാണ് ഇയാള്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Hindu goons attacking Muslim for giving Hindu name for their shop