എഡിറ്റര്‍
എഡിറ്റര്‍
വിവാഹത്തിനു തയ്യാറാകണമെങ്കില്‍ മതം മാറണം; കാമുകനോട് യുവതി
എഡിറ്റര്‍
Thursday 30th November 2017 4:00pm

ജോധ്പൂര്‍: കാമുകനുമായുള്ള വിവാഹത്തിന് തയ്യാറാവണമെങ്കില്‍ മതം മാറണമെന്ന ഉറച്ച നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് പൂജ ജോഷി എന്ന ജോധ്പൂരുകാരി.

തന്നെ വിവാഹം ചെയ്യണമെങ്കില്‍ മുസ്ലിമായ കാമുകന്‍ ഹിന്ദു മതം സ്വീകരിക്കണമെന്നായിരുന്നു ഇരുപതുകാരിയായ പൂജയുടെ ആവശ്യം. കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കണ്ടത്തുകയും ജോധ്പൂരിലേക്ക് തിരികെ കൊണ്ടുവരികയുമായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് പൂജ ജോഷി എന്ന ബിരുദ വിദ്യാര്‍ത്ഥിനി മുഹ്സിന്‍ ഖാന്‍ എന്ന ടാക്സി ഡ്രൈവറോടൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയും ചൊവ്വാഴ്ച ബിക്കാനീറില്‍ വെച്ച് പോലീസ് ഇരുവരെയും കണ്ടെത്തി ജോധ്പൂരിലേക്ക് തിരികെ കൊണ്ടു വരികയുമായിരുന്നു. ശേഷം മാതാപിതോക്കളോടൊപ്പം പോകാന്‍ താല്‍പര്യപ്പെടാത്ത യുവതി ബന്ധുവിനോടൊപ്പം പോവുകയായിരുന്നു.


Dont Miss അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; കോടതി വാദം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ഉത്തരവ് മൗലികാവകാശ ലംഘനമെന്ന് പ്രശാന്ത് ഭൂഷണ്‍


ഹിന്ദു യുവതി മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടിയെന്ന വാര്‍ത്ത പരന്നതോടെ ചില ഹൈന്ദവ ഗ്രൂപ്പുകളിലെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടുകയും കുടുംബത്തോടൊപ്പം ചേര്‍ന്ന് വിഷയം ലൗ-ജിഹാദാക്കിത്തീര്‍ക്കുകയുമായിരുന്നു. പോലീസ് സ്റ്റേഷനില്‍ വെച്ച് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന ഇവര്‍ കാമുകനെ മര്‍ദ്ദിക്കുകയുമുണ്ടായി.

മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ യുവതി രക്ഷിതാക്കള്‍ക്കോപ്പം പോവാതെ ബന്ധുവിനോടൊപ്പം പോകാന്‍ താല്‍പര്യപ്പെടുകയായിരുന്നുവെന്ന് എ.സി.പി പൂജ യാദവ് പറഞ്ഞു.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയല്ലാത്തതുകൊണ്ടു തന്നെ ആരുടെ കൂടെ ജീവിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. അതുകൊണ്ടുതന്നെ ആവശ്യമായ നടപടിക്രമങ്ങള്‍ക്കു ശേഷം തങ്ങള്‍ യുവതിയെ പോകാന്‍ അനുവദിക്കുകയായിരുന്നുവെന്നും എസിപി പറഞ്ഞു.

ബന്ധുവിനോടൊപ്പം പോവാന്‍ തയ്യാറായതോടെ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ ചീത്ത പറയുകയും വാദപ്രതിവാദം നടത്തുകയും ചെയ്തുവെങ്കിലും പൂജ തന്റെ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാതെ ബന്ധുവിനോടൊപ്പം സ്റ്റേഷന്‍ വിടുകയായിരുന്നു. അതേസമയം മുഹ്സിന്‍ മതം മാറി ഹിന്ദുവായാല്‍ മാത്രമേ അയാളെ വിവാഹം കഴിക്കുകയുള്ളുവെന്നും അതുവരെ കാത്തിരിക്കാന്‍ താന്‍ തയ്യാറാണെന്നുമായിരുന്നു യുവതിയുടെ തീരുമാനം.

ഇത്തരത്തില്‍ ജോധ്പൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. പായല്‍ സിങ്വി എന്നൊരു യുവതി ഇസ്ലാം മതം സ്വീകരിച്ച് ഫയിസ് മോഡി എന്നയാളെ വിവാഹം കഴിച്ച് വിവാദമായത് ഈ മാസം ആദ്യം പുറത്തു വന്നിരുന്നു. യുവതിയുടെ സഹോദരനായ ചിരാഗ് മോദി യുവതിയെ കാണാനില്ലെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കുകയുണ്ടായി. പായലിനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി 10 രൂപയുടെ മുദ്ര പത്രമുപയോഗിച്ച് വിവാഹ ഉടമ്പടിയില്‍ ഒപ്പുവെപ്പിക്കുകയുമായിരുന്നുവെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. തുടര്‍ന്ന് സംസ്ഥാനത്തോട് ഹൈക്കോടതി വിശദീകരണം തേടുകയുമുണ്ടായി.

Advertisement