'ഭീകരന്മാരെ അടവെച്ച് വിരീയിക്കുന്ന ഹാച്ചറിയാണ് ഷഹീന്‍ബാഗ്, അവിടെ നിന്നാണ് എലത്തൂര്‍ കേസിലെ പ്രതി വരുന്നത്': വത്സന്‍ തില്ലങ്കേരി
Kerala News
'ഭീകരന്മാരെ അടവെച്ച് വിരീയിക്കുന്ന ഹാച്ചറിയാണ് ഷഹീന്‍ബാഗ്, അവിടെ നിന്നാണ് എലത്തൂര്‍ കേസിലെ പ്രതി വരുന്നത്': വത്സന്‍ തില്ലങ്കേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th April 2023, 9:51 pm

കോഴിക്കോട്: എലത്തൂരിലെ തീവെപ്പ് കേസ് എന്‍.ഐ.എ ഏറ്റെടുക്കണമെന്ന് ഹിന്ദു ഐക്യവേദി. കേസിലെ പൊലീസ് കസ്റ്റഡിയിലുള്ള ഷാറൂഖ് സെയ്ഫി ‘ഭീകര പ്രവര്‍ത്തനത്തിന് കുപ്രസിദ്ധമായ ഷഹീന്‍ബാഗില്‍’ നിന്നാണ് വരുന്നതെന്നും ലാഘവത്തോടെയാണ് പൊലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേസില്‍ യു.എ.പി.എ ചുമത്താത്തതില്‍ ദുരൂഹതയുണ്ടെന്നും വോട്ട് ബാങ്കിനെ പിണക്കാതെയാണ് കേരളാ സര്‍ക്കാര്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാര്‍ കുറ്റവാളികളെ ഒളിപ്പിക്കുന്നു എന്നുള്ള ന്യായമായ സംശയം ഞങ്ങള്‍ക്കുണ്ട്. പ്രതി അറസ്റ്റിലിയത് ദല്‍ഹിയിലാണ്. അതുകൊണ്ട് അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കേണ്ടത്. ഷഹീന്‍ബാഗില്‍ നിന്നാണ് ഇയാള്‍ വരുന്നത്. ഭീകരപ്രവര്‍ത്തകന്മാരെ അടവെച്ച് വിരിക്കുന്ന ഹാച്ചറിയാണ് ആ സ്ഥലം. അങ്ങനെയൊരാള്‍ മലബാര്‍ കേന്ദ്രീകരിച്ച് അക്രമം നടത്തിയിരിക്കുകയാണ്.

ഈ ഭീകരന്‍ യു.പിയിലോ മറ്റ് എവിടെയോ പോകാതെ അക്രമം ആസൂത്രണം ചെയ്യാന്‍ കേരളത്തെ തെരഞ്ഞെടുത്തത് ഇവിടെ ഭീകരരുടെ സങ്കേതം ആയതിനാലാണ്,’ വത്സന്‍ തില്ലങ്കേരി പറഞ്ഞു.

അതേസമയം, എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കസ്റ്റഡിയിലുള്ള ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആക്രമണത്തിന് മുന്നേ പ്രതി ആദ്യമെത്തിയത് ഷൊര്‍ണൂരിലാണെന്നും ഇവിടെ നിന്ന് തന്നെയാണ് ഇയാള്‍ പെട്രോള്‍ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പെട്രോള്‍ വാങ്ങിച്ചത് റെയില്‍വേ സ്റ്റേഷനടുത്തുള്ള പമ്പില്‍ നിന്നാണെന്നും പെട്രോള്‍ വാങ്ങിച്ചത് ഞായറാഴ്ചയാണെന്നുമുള്ള പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഷൊര്‍ണൂരിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.