'ഇന്‍ക്ലൂസീവ് സൊസൈറ്റിയെപ്പറ്റി ഏറ്റവുമധികം സംസാരിക്കുന്ന കാലത്താണിത്, മഹാരാജാസ് സംഭവം ചര്‍ച്ചയാകണം'
Kerala News
'ഇന്‍ക്ലൂസീവ് സൊസൈറ്റിയെപ്പറ്റി ഏറ്റവുമധികം സംസാരിക്കുന്ന കാലത്താണിത്, മഹാരാജാസ് സംഭവം ചര്‍ച്ചയാകണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th August 2023, 7:41 pm

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച തരത്തിലുള്ള വീഡിയോ പുറത്തുവന്ന സംഭവത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ധു. പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തി ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷി സമൂഹം ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

‘ഉള്‍ക്കൊള്ളല്‍ സമൂഹത്തെ (inclusive society) പറ്റി ഏറ്റവുമധികം ചര്‍ച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുന്‍നിന്ന് പ്രവര്‍ത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതില്‍ ചിലര്‍ക്കായാല്‍ പോലും ആ അവബോധമില്ലാതെ പോയത് ഏറ്റവും അപലപനീയമാണ്.


അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നത്.
ഭാഷ തൊട്ട് ദൈനംദിന ജീവിതവ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലര്‍ത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണം,’ ആര്‍. ബിന്ധു പറഞ്ഞു.

കെ.എസ്.യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. കോളേജിലെ മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. ഫാസില്‍ അധ്യാപകന്റെ പിറകിലൂടെ പോകുന്നതും, ഒരുകുട്ടി കസേര മാറ്റുന്നതും, ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ഫോണില്‍ നോക്കിയിരിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്.

വിഷയത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു.

സംഭവം നിര്‍ഭാഗ്യകരമാണെന്നും കുട്ടികളുടെ ഭാഗത്ത് നിന്ന് അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് അവഹേളനത്തിനിരയായ അധ്യാപകന്‍ ഡോ. പ്രിയേഷ് പ്രതികരിച്ചിരുന്നത്.

എന്നാല്‍, അഞ്ച്- പത്ത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ തെറ്റായിട്ടാണ് വ്യഖ്യാനിക്കപ്പെട്ടതെന്നും അധ്യാപകനെ അപമാനിക്കാന്‍ താനോ മറ്റ് വിദ്യാര്‍ത്ഥികളോ ശ്രമിച്ചിട്ടില്ലെന്നാണ് വിഷയത്തില്‍ ഉള്‍പ്പെട്ട കെ.എസ്.യു നേതാവ് മുഹമ്മദ് ഫാസിലിന്റെ വിശദീകരണം.

Content Highlight: Higher Education Minister R. Bindhu on maharajas college issue