'തെരഞ്ഞെടുപ്പിനുള്ള കള്ളപ്പണമാണമാണെന്ന് ആരോപണമുണ്ടായിട്ടും ഇ.ഡി വന്നില്ല'; കൊടകര കേസ് ഇ.ഡി അന്വേഷിക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kodakara Hawala Money
'തെരഞ്ഞെടുപ്പിനുള്ള കള്ളപ്പണമാണമാണെന്ന് ആരോപണമുണ്ടായിട്ടും ഇ.ഡി വന്നില്ല'; കൊടകര കേസ് ഇ.ഡി അന്വേഷിക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th June 2021, 9:20 am

കൊച്ചി: കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ് ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ വിഷയം ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹരജി നല്‍കിയത്.

തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയര്‍ന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്നാണ് ഹരജിയില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടര്‍ക്കും ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കള്ളപ്പണ ആരോപണങ്ങളില്‍ അടിപതറിയിരിക്കുകയാണ് കേരള ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രനെ പടിയിറക്കാന്‍ കരുക്കള്‍ നീക്കുകയാണ് ഒരുപക്ഷത്ത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് കേന്ദ്രനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന നേതൃത്വം പണം വാങ്ങിയെന്ന് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കൊടകര കുഴല്‍പ്പണ വര്‍ച്ചക്കേസില്‍ കെ. സുരേന്ദ്രന്റെ മൊഴിയെടുക്കുമെന്നും അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പിയുടെ ഏക സീറ്റ് നഷ്ടമായിരുന്നു. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ നാലരലക്ഷത്തിലേറെ വോട്ടുനഷ്ടമാവുകയും ചെയ്തു.

ഇതിനിടെയാണ് കേസില്‍ ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്തത്. സംസ്ഥാന നേതൃത്വത്തിലെ സുരേന്ദ്രനുമായി അടുപ്പമുള്ളവരേയാണ് കേസില്‍ ചോദ്യം ചെയ്തതിലേറേയും. അതേസമയം, സി. കെ. ജാനുവിന് പത്തുലക്ഷം രൂപ നല്‍കിയെന്ന ആരോപണവും പുറത്തുവന്നിരുന്നു.
ഇതോടെ തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ് സുരേന്ദ്രന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlights: High Court today to hear a petition seeking an inquiry into the Kodakara money laundering case.