എഡിറ്റര്‍
എഡിറ്റര്‍
മിണ്ടാതിരിക്കാനുള്ള തരൂരിന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണം: അര്‍ണബ് ഗോസ്വാമിയോട് ദല്‍ഹി ഹൈക്കോടതി
എഡിറ്റര്‍
Friday 4th August 2017 1:12pm


ന്യൂദല്‍ഹി: ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കാതിരിക്കാനുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ സ്വാതന്ത്രത്തെ ബഹുമാനിക്കണമെന്ന അര്‍ണബ് ഗോസാമിയോട് ദല്‍ഹി ഹൈക്കോടതി. തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന ശശി തരൂരിന്റെ പരാതിയില്‍ കോടതി റിപ്പബ്ലിക് ടിവിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

‘തരൂരിന്റെ മിണ്ടാതിരിക്കാനുള്ള അവകാശത്തെ നിങ്ങള്‍ ബഹുമാനിക്കണം.’ തരൂര്‍ ചാനലിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദത്തിനിടെ ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിനുവേണ്ടി ഹാജരായത്. സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ ‘സുനന്ദയുടെ കൊലപാതകം’ എന്ന പരാമര്‍ശം ഉപയോഗിക്കുന്നതില്‍ നിന്നും ചാനലിനെ വിലക്കണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു.


Must Read: വിഘടനവാദിയോട് ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ അഭിഭാഷകന്‍ : ഇത് ടിവി സ്റ്റുഡിയോ അല്ലെന്ന് കോടതി


മുതിര്‍ന്ന അഭിഭാഷകനായ സന്ദീപ് സേത്തിയാണ് ഗോസ്വാമിക്കും ചാനലിനും വേണ്ടി ഹാജരായത്. യഥാര്‍ത്ഥ തെളിവുകളും പൊലീസ് റിപ്പോര്‍ട്ടുമാണ് വാര്‍ത്തയില്‍ നല്‍കിയതെന്നാണ് ചാനലിന്റെ വാദം. തരൂരിനെ കൊലയാളിയെന്നു പരാമര്‍ശിച്ചിട്ടില്ലെന്നും സേതി വാദിച്ചു.

എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതി ചാനലിന് വാക്കാല്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കേസില്‍ ആഗസ്റ്റ് 16ന് വാദം തുടരും.

ശശി തരൂരിനെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന സമീപനമാണ് അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ചാനല്‍ തുടരുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിരുന്നു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ വിശ്വസ്ഥന്റേതെന്ന പേരില്‍ ചില ഫോണ്‍ സംഭാഷണങ്ങള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നു പറഞ്ഞ തരൂര്‍ ഇവ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് തരൂര്‍ മാനനഷ്ടകേസ് കൊടുത്തത്.

Advertisement