അട്ടപ്പാടി മധു വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ
Kerala News
അട്ടപ്പാടി മധു വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th June 2022, 4:05 pm

കൊച്ചി: പാലക്കാട് അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹരജിയിലാണ് നടപടി. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയിലെ വിചാരണയാണ് കോടതി തടഞ്ഞത്. കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹരജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി മധുവിന്റെ അമ്മ നേരത്തെ ഹരജി നല്‍കിയിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലായിരുന്നു. ഈ അപേക്ഷയില്‍ തീരുമാനമാകുന്നതുവരെ വിചാരണ നിര്‍ത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

വിചാരണ തുടങ്ങിയപ്പോള്‍ കൂറുമാറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് അമ്മ കോടതിയെ സമീപിച്ചിച്ചത്. പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികള്‍ മൊഴി മാറ്റുന്നത്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമ്മ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസുവാണ് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് വിചാരണ കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി വിശദീകരിച്ചു.

കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കിയത്.

കേസില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രന് വിചാരണയില്‍ പരിചയക്കുറവുണ്ടെന്നും രണ്ട് സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമാണ് കത്തിലെ ആരോപണം.

കഴിഞ്ഞ ദിവസം പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയിരുന്നു. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Content Highlights: High court stays proceedings in Palakkad Attappadi honey murder case