തേഞ്ഞിപ്പലത്ത് നിര്‍ബന്ധിത മതംമാറ്റം നടന്നെന്ന പരാതി ഹൈക്കോടതി തള്ളി
Kerala News
തേഞ്ഞിപ്പലത്ത് നിര്‍ബന്ധിത മതംമാറ്റം നടന്നെന്ന പരാതി ഹൈക്കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th July 2021, 3:29 pm

കൊച്ചി: തേഞ്ഞിപ്പലത്ത് നിര്‍ബന്ധിത മതംമാറ്റം നടന്നെന്ന പരാതി ഹൈക്കോടതിയും തള്ളി. തേഞ്ഞിപ്പലത്ത് യുവതിയുടെ മതംമാറ്റത്തിന് എതിരായ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറ്റമെന്ന് വിലയിരുത്തിയ ഹൈക്കോടതി യുവതി തീവ്രവാദ സംഘങ്ങളുടെ കസ്റ്റഡിയില്‍ ആണെന്ന രീതിയില്‍ മാധ്യമവാര്‍ത്തകള്‍ വന്നതില്‍ ആശങ്കയറിയിച്ചു.

തേഞ്ഞിപ്പലം സ്വദേശിയായ യുവതിയുടെ മതംമാറ്റത്തിന് എതിരെ യുവതിക്കൊപ്പം ജീവിച്ചിരുന്ന സഹോദരീ ഭര്‍ത്താവ് ഗില്‍ബര്‍ട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയെയും മകനെയും പണം വാഗ്ദാനം ചെയ്ത് മതം മാറ്റിയെന്നും തീവ്രവാദ റിക്രൂട്ടിങ്ങ് സാധ്യതയുണ്ടെന്നുമായിരുന്നു പരാതി.

യുവതിയുമായും മകനുമായും ഹൈക്കോടതി ജഡ്ജിമാര്‍ നേരിട്ട് സംസാരിക്കുകയും പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് മതം മാറ്റത്തിനു പിന്നില്‍ പ്രലോഭനമോ നിര്‍ബന്ധമോ ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയത്.

യുവതിയും മകനും താമസിക്കുന്ന കോഴിക്കോട്ടെ മതപഠന കേന്ദ്രത്തില്‍ തുടരാനും ഹൈക്കോടതി അനുമതി നല്‍കി. പരാതിക്കാരന്‍ യുവതിയെ നിയമപരമായി വിവാഹം കഴിക്കാത്തത് കണ്ടെത്തിയ കോടതി മകന് മേല്‍ അവകാശവാദം ഉണ്ടെങ്കില്‍ കുടുംബ കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു. താന്‍ മതം മാറിയിട്ടില്ലെന്ന് യുവതിയുടെ മകന്‍ കോടതിയെ അറിയിച്ചു.

മതം മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ വന്നത് മകന്റെ പഠനത്തെ ഉള്‍പ്പെടെ ബാധിക്കുന്നതായി യുവതി കോടതിയില്‍ പരാതിപ്പെട്ടു.  ഹരജിയില്‍ വാദം തുടങ്ങുന്നതിനു മുമ്പ് തന്നെ യുവതി തീവ്രവാദ സംഘടനകളുടെ പിടിയിലാണെന്ന രീതിയില്‍ മാധ്യമവാര്‍ത്തകള്‍ വന്നതിലെ ആശങ്ക ഹൈക്കോടതി തന്നെ പങ്കുവെച്ചിരുന്നു.

ഇത് സംബന്ധിച്ച് യുവതി പരാതി നല്‍കുകയാണെങ്കില്‍ നിയമപ്രകാരം നടപടി എടുക്കാന്‍ പൊലീസിനും കോടതി നിര്‍ദ്ദേശം നല്‍കി. നേരത്തെ പരപ്പനങ്ങാടി കോടതിയും ഗില്‍ബര്‍ട്ടിന്റെ ഹരജി തള്ളിയിരുന്നു.

ഭാര്യയെയും മകനെയും നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന് ആരോപിച്ച് ഗില്‍ബര്‍ട്ട്‌ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് നല്‍കിയിരുന്നു. ഇരുവരെയും കോഴിക്കോട്ടെ മതപാഠശാലയില്‍ തടഞ്ഞുവച്ചിരിക്കുന്നു എന്നാണ് ആരോപണം.

നീരോല്‍പ്പാലത്ത് ടാക്സി ഡ്രൈവറാണ് ഗില്‍ബര്‍ട്ട്. ഭാര്യയെയും മകനെയും നിര്‍ബന്ധിച്ച് മതം മാറ്റിയെന്നായിരുന്നു പരാതി. ഭാര്യ ജോലി ചെയ്തിരുന്ന ബേക്കറിയുടെ ഉടമയും മറ്റൊരു ജീവനക്കാരിയുമാണ് മതംമാറ്റത്തിന് പിന്നിലെന്നായിരുന്നു ആരോപണം. നീരോല്‍പ്പാലത്തെ സി.പി.ഐ.എം. പ്രവര്‍ത്തകനായ തന്നെ പാര്‍ട്ടി സഹായിച്ചില്ലെന്നും ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി പുറത്താക്കിയെന്നും ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു.

 

ജൂണ്‍ ഒമ്പതിന് ഭാര്യയെും 13 വയസുള്ള മകനനെയും വീട്ടില്‍ നിന്ന് കാണാതായി എന്നാണ് ഗില്‍ബര്‍ട്ട് പരാതിയില്‍ പറഞ്ഞത്. യുവതിയെയും മതപാഠശാല അധികൃതരെയും തേഞ്ഞിപ്പലം പൊലീസ് വിളിപ്പിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് പോകുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. മകനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും മാതാവിനൊപ്പം പോകണമെന്ന് മകന്‍ പറഞ്ഞുവെന്നും പൊലീസ് അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights:  High court rules Thenjipalam is not a forced conversion