എഡിറ്റര്‍
എഡിറ്റര്‍
കനയ്യ കുമാറിനെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി
എഡിറ്റര്‍
Thursday 12th October 2017 10:43pm

 

ന്യൂദല്‍ഹി: ജെ.എന്‍.യു യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാറിനും ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കുമെതിരായ അച്ചടക്ക നടപടി ദല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഇവര്‍ക്കെതിരെ സര്‍വകലാശാല സ്വീകരിച്ച അച്ചടക്ക നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

വധശിക്ഷയ്‌ക്കെതിരെ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നായിരുന്നു പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാലയുടെ നടപടി. വിദ്യാര്‍ത്ഥികളുടെ ഭാഗം കേള്‍ക്കാതെയാണ് അച്ചടക്ക നടപടിയെടുത്ത് സര്‍വകലാശാല മുന്നോട്ട് പോയത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കാത്തിനാലാണ് നടപടി ഹൈക്കോടതി റദ്ദാക്കിയത്.


Also Read: ‘സത്യം എന്തിന് അടിച്ചമര്‍ത്തി വെക്കുന്നു?’; അമിത് ഷായുടെ മകനെതിരായ ആരോപണം അന്വേഷിക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ


സര്‍വകലാശാലയില്‍ നിന്നുളള പുറത്താക്കലും ഹോസ്റ്റല്‍ സൗകര്യങ്ങള്‍ റദ്ദാക്കലുമുള്‍പ്പടെയുളള ശിക്ഷാ നടപടികളെയും വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഉമര്‍ ഖാലിദിനെ ഡിസംബര്‍ വരെ ജെ.എന്‍.യുവില്‍ നിന്നും പുറത്താക്കുകയും അനിര്‍ബന്‍ ഭട്ടാചാര്യയോട് അഞ്ച് വര്‍ഷം സര്‍വകലാശാലയ്ക്ക് പുറത്താക്കിയുമാണ് നടപടികള്‍ സ്വീകരിച്ചത്.

നേരത്തെ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ നേരത്തെ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്തിരുന്നു. അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയുടെ വാര്‍ഷികത്തില്‍ നടന്ന വധശിക്ഷാവിരുദ്ധ പരിപാടിയില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

പിന്നീട് മൂന്നുപേര്‍ക്കും ജാമ്യം ലഭിച്ചു. എന്നാല്‍ ഇത്രകാലമായിട്ടും ഈ കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ല.

Advertisement