നിങ്ങള്‍ക്ക് പേടിയുണ്ടോ, ജഡ്ജിമാര്‍ക്ക് പണം കൊടുക്കാമെന്നത് ഗുരുതര കേസാണ്, അന്വേഷണം നേരിടണം: സൈബി ജോസിനോട് ഹൈക്കോടതി
Kerala News
നിങ്ങള്‍ക്ക് പേടിയുണ്ടോ, ജഡ്ജിമാര്‍ക്ക് പണം കൊടുക്കാമെന്നത് ഗുരുതര കേസാണ്, അന്വേഷണം നേരിടണം: സൈബി ജോസിനോട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th February 2023, 12:11 pm

കൊച്ചി: ജഡ്ജിമാര്‍ക്ക് നല്‍കാമെന്ന പേരില്‍ കക്ഷികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് കേസില്‍ അറസ്റ്റ് തടയണമെന്ന അഡ്വ. സൈബി ജോസിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സൈബി ജോസിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും അന്വേഷണം മുന്നോട്ടുപോകട്ടെയെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണം, ഇപ്പോള്‍ നടക്കുന്ന അന്വേഷണം അടിയന്തരമായി നിര്‍ത്തിവെക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ ആവശ്യങ്ങളാണ് ഹൈക്കോടതി തടഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും അറസ്റ്റ് അടക്കമുള്ള നടപടികള്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വൈ ആര്‍ യു ഹറിയിങ്(നിങ്ങള്‍ക്കെന്താണിത്ര തിടുക്കം) എന്നാണ് സൈബിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചത്. കക്ഷികളില്‍ നിന്ന് ജഡ്ജിമാര്‍ക്ക്് പണം കൊടുക്കാം എന്നതാണ് കേസെന്നും ഇത് വളരെ ഗുരുതരമാണെന്നും, എന്തുകൊണ്ട് നിങ്ങള്‍ക്ക് അന്വേഷണത്തെ നേരിട്ടുകൂടാ എന്നും സൈബിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. സൈബി ജോസിന് പേടിയുണ്ടോയെന്നും കോടതി ചോദിച്ചു.

അതിനിടെ, നേരത്തെ കേസിന്റെ എഫ്.ഐ.ആര്‍ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷം എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈബിക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് ബോധ്യപ്പെടുത്തി ജഡ്ജിമാര്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞ് കക്ഷികളില്‍ നിന്നും ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് സൈബിക്കെതിരായ കേസ്.