മുസ്‌ലിം സംവരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ഹരജി ഹൈക്കോടതി തള്ളി, 25,000 രൂപ പിഴ; കേസില്‍ ഹാജരായത് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഡാന്‍സ് 'ലവ് ജിഹാദായി' ചിത്രീകരിച്ച അഭിഭാഷകന്‍
Kerala News
മുസ്‌ലിം സംവരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ഹരജി ഹൈക്കോടതി തള്ളി, 25,000 രൂപ പിഴ; കേസില്‍ ഹാജരായത് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഡാന്‍സ് 'ലവ് ജിഹാദായി' ചിത്രീകരിച്ച അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th July 2021, 9:02 am

കൊച്ചി: മുസ്‌ലിം സംവരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരനോട് 25,000 രൂപ പിഴയടക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. കൊച്ചിയിലെ ഹിന്ദു സേവാ കേന്ദ്രം ട്രഷറര്‍ ശ്രീകുമാര്‍ മാങ്കുഴി നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് കോടതി തള്ളി പിഴയടക്കാന്‍ ഉത്തരവിട്ടത് .

അപൂര്‍വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഒരു മാസത്തിനകം പിഴത്തുക നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചണ് കേസ് പരിഗണിച്ചത്. മീഡിയ വണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൈറലായ തൃശ്ശൂര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഡാന്‍സിനെ ‘ലവ് ജിഹാദായി’ ചിത്രീകരിച്ച അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജ് മുഖേനെയായിരുന്നു ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

വിദ്യാഭ്യാസ സ്ഥിതി കണക്കിലെടുത്താല്‍ മുസ്‌ലിം, ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ പിന്നാക്ക വിഭാഗമായി കാണാന്‍ കഴിയില്ലെന്നായിരുന്നു ഹരജിയില്‍ പറഞ്ഞത്.

സച്ചാര്‍, പാലൊളി കമ്മിറ്റി ശിപാര്‍ശ പ്രകാരം ഈ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും സാമൂഹിക ക്ഷേമ പരിപാടികള്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  The High Court rejected a petition seeking an end to Muslim reservation