വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശം; ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി
national news
വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശം; ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th November 2020, 2:05 pm

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന തെലുഗ് കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ബോംബൈ ഹൈക്കോടതി നിര്‍ദ്ദേശം.

മുംബൈയിലെ നാനാവതി ആശുപത്രിയില്‍ 15 ദിവസം വരവര റാവുവിനെ പ്രവേശിപ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചികിത്സയുടെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.

ആശുപത്രി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് വരവര റാവുവിനെ ബന്ധുക്കള്‍ക്ക് സന്ദര്‍ശിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ അനുമതിയില്ലാതെ റാവുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല.

റാവുവിന്റെ ഭാര്യ പി ഹേമലത സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. 2018 മുതല്‍ വരവര റാവു ജയിലിലാണ്. ഭീമ- കൊറേഗാവ് ദളിത്-സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്.

അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് തുടങ്ങി നിരവധി പേരെ പൂണെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.വരവര റാവുവിനെ മെയ് മാസത്തില്‍ ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

വരവര റാവുവിന്റെ ആരോഗ്യനില സംബന്ധിച്ച് ജയില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: High court orders transfer of Varavara Rao to hospital; The court also said that the cost of treatment should be borne by the government