ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ദുരുദ്ദേശത്തോടെ ആചാരം ലംഘിച്ചെങ്കില്‍ മാത്രമേ ദേവസ്വം ബോര്‍ഡ് അംഗത്വം റദ്ദാക്കാനാവൂ; ശങ്കര്‍ദാസിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Thursday 8th November 2018 2:10pm

 

കൊച്ചി: ദുരുദ്ദേശത്തോടെ ആചാരം ലംഘിച്ചെങ്കില്‍ മാത്രമേ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിന്റെ അംഗത്വം റദ്ദാക്കാനാവൂവെന്ന് ഹൈക്കോടതി. ശബരിമലയില്‍ ആചാരലംഘനം ആരോപിച്ച് ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിന്റെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിന്റെ അംഗത്വം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് ദുരുദ്ദേശത്തോടെ ആചാരം ലംഘിച്ചെങ്കില്‍ മാത്രമേ ദേവസ്വം ബോര്‍ഡ് അംഗത്വം റദ്ദാക്കാനാകൂ. ശങ്കര്‍ദാസിന്റെ ഭാഗത്ത് പെരുമാറ്റ ദൂഷ്യം ഉണ്ടായോയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. പതിനെട്ടാം പടിയില്‍ പൊലീസുകാര്‍ സേവനം ചെയ്യുന്നത് ആചാരലംഘനമെന്ന് പറയാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.

Also Read:ചിത്തിര ആട്ടവിശേഷ പൂജയ്ക്ക് എത്തിയവരില്‍ ഭക്തര്‍ 200 പേര്‍ മാത്രം: 7000ത്തിലേറെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്നും പൊലീസ്

ശബരിമലയില്‍ ആചാരലംഘനം നടത്തിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയാണ് ഹര്‍ജി നല്‍കിയത്.

ആചാരങ്ങള്‍ സംരക്ഷിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് അധികാരമേറ്റ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ ആചാരം ലംഘിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ഹൈക്കോടതി ഇടപെട്ട് തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ആചാരലംഘനം നടത്തിയിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് പറയുന്നത്. ചടങ്ങിന്റെ ഭാഗമായാണ് പതിനെട്ടാം പടി കയറിയത്. ചടങ്ങിനുവേണ്ടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും കയറാറുണ്ട്. ആചാരവും ചടങ്ങും രണ്ടാണ്. ചടങ്ങിനു പോകുമ്പോള്‍ ഇരുമുടികെട്ട് വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദേവസ്വം ബോര്‍ഡ് പ്രതിനിധി ആയാണ് അവിടെ പോയത്. ആഴി തെളിയിക്കാന്‍ പോയപ്പോള്‍ കൂടെ പോയതാണെന്നും ശങ്കര്‍ദാസ് പറഞ്ഞിരുന്നു.

സുപ്രീം കോടതി വിധിയ്ക്കെതിരെ ആചാരസംരക്ഷണത്തിനെന്നു പറഞ്ഞുകൊണ്ട് ഭക്തര്‍ എന്നവകാശവാദത്തോടെ ശബരിമലയില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ദേവസ്വം ബോര്‍ഡ് അംഗം ആചാരലംഘനം നടത്തിയതെന്നാരോപണവും ഉയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Advertisement