ഹെപ്പറ്റൈറ്റിസ് സി ബാധിതരുടെ അവയവം സ്വീകരിക്കാന്‍ ഇനി പേടി വേണ്ട
Health Tips
ഹെപ്പറ്റൈറ്റിസ് സി ബാധിതരുടെ അവയവം സ്വീകരിക്കാന്‍ ഇനി പേടി വേണ്ട
ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2019, 11:49 pm

അവയവ ദാന ചികിത്സാമേഖലയില്‍ നല്ലൊരു വാര്‍ത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധയുള്ള രോഗികളില്‍ നിന്ന് അവയവദാനം സാധ്യമല്ലെന്നായിരുന്നു ഇതുവരെ ആരോഗ്യമേഖലയുടെ നിഗമനം.മറ്റൊരു രോഗിയിലേക്ക് മാത്രമായിരുന്നു അവയവദാനം നടത്തിയിരുന്നത്.

നിലവില്‍ സ്വീകരിക്കുന്ന ആളിന് രോഗം പടരാനുള്ള സാധ്യതയായിരുന്നു ഇതിനുള്ള തടസം.എന്നാല്‍ പുതിയ വിവരങ്ങള്‍ അനുസരിച്ച് ഹെപ്പറ്റൈറ്റിസ് ബാധിച്ചയാളില്‍ നിന്ന് രോഗിയല്ലാത്ത സ്വീകര്‍ത്താവിനും അവയവദാനം സാധ്യമാണെന്നാണ് വിവരം. സ്വീകര്‍ത്താവിനെ രോഗബാധയില്‍ നിന്ന് സംരക്ഷിക്കുന്ന ചെലവ്കുറഞ്ഞ ചികിത്സാരീതി പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് ബോസ്റ്റണ്‍ ബ്രിംഗാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍.

2016ല്‍ ഹെപ്പറ്റൈറ്റിസിനെ ശക്തമായി നേരിടുന്ന പുതിയ മരുന്നുകള്‍ കണ്ടുപ്പിടിച്ചതാണ് വഴിതിരിവായത്.കഴിഞ്ഞ വര്‍ഷം പെന്‍സില്‍വാനിയ,ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലകളില്‍ നടത്തിയ പഠനത്തില്‍ രോഗികള്‍ ഹെപ്പറ്റൈറ്റിസ് രോഗമുക്തരായിരുന്നു.കൂടാതെ വൃക്കകള്‍ പ്രവര്‍ത്തനക്ഷമമായതായും കണ്ടെത്തി.

ഫെബ്രുവരി മാസം ഹെപ്പറ്റൈറ്റിസ് സി രോഗികളില്‍ നിന്ന് ഹൃദയം സ്വീകരിച്ച പത്തുപേരെ മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതൊക്കെ പുതിയ തീരുമാനത്തിലേക്ക് നയിക്കുകയായിരുന്നു.