ഹൃദ്രോഗം ഇന്ത്യന്‍ യുവസമൂഹത്തെ പിടിമുറുക്കുന്നുവെന്ന് ക്ലിനിക്കല്‍ പഠനം
Middle East
ഹൃദ്രോഗം ഇന്ത്യന്‍ യുവസമൂഹത്തെ പിടിമുറുക്കുന്നുവെന്ന് ക്ലിനിക്കല്‍ പഠനം
എന്‍ ആര്‍ ഐ ഡെസ്ക്
Tuesday, 23rd October 2018, 7:48 pm

യുവാക്കളായ രോഗികളുടെ എണ്ണം ദ്രുതഗതിയില്‍ വര്‍ധിക്കുന്നുവെന്ന് ദുബായ് ആസ്റ്റര്‍ ഹോസ്പിറ്റലില്‍ അടുത്തിടെ നടന്ന ക്ലിനിക്കല്‍ പഠനത്തില്‍ വ്യക്തമാക്കുന്നു. പ്രശ്‌നം രൂപപ്പെടും മുന്‍പ് മുന്‍കൂട്ടിയുള്ള പ്രതിരോധത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ആസ്റ്റര്‍ ഹോസ്പിറ്റല്‍ തുടക്കം കുറിച്ച 142 രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ ഡാറ്റാ ഫലമനുസരിച്ച്, യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളിലെ യുവ തലമുറയെ ഒരു ശ്രേണിയില്‍പ്പെട്ട ഹൃദ്രോഗം ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്നും, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ തെക്കു-പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വിവിധ വിഭാഗങ്ങളിലും പ്രായപരിധിയിലുംപ്പെട്ടയാളുകളിലാണ് ജീവിതത്തിന്റെ പ്രഥമ ഘട്ടങ്ങളില്‍ ഹൃദ്രോഗ സാധ്യത കൂടുതലായി കാണപ്പെടുന്നത്.

ഈ വിഭാഗക്കാരെ പടിഞ്ഞാറന്‍ നാടുകളില്‍ നിന്നുള്ളവരെക്കാള്‍ ഒരു ദശകം മുന്‍പു തന്നെ രോഗബാധ പിടിമുറുക്കുന്നുവെന്നതാണ് വസ്തുത. കൊറോണറി ആര്‍ട്ടറി ഡിസീസ് (സി.എ.ഡി) പശ്ചാത്തലമുള്ള രോഗികളിലായിരുന്നു നിരീക്ഷണാടിസ്ഥാനത്തിലുള്ള ക്ലിനിക്കല്‍ പഠനം നടത്തിയത്. ഇതോടൊപ്പം, കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ ആസ്റ്റര്‍ ആശുപത്രിയിലെ കാത്ത്‌ലാബില്‍ ഇന്റര്‍വെന്‍ഷണല്‍ നടപടിക്രമങ്ങള്‍ക്ക് വിധേയമായവരുമായിരുന്നു ഈ രോഗികള്‍.

യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവ പ്രവാസികള്‍ മറ്റു പല രാജ്യങ്ങളില്‍ നിന്നുള്ളവരെക്കാള്‍, പല കാരണങ്ങളാല്‍ സി.എ.ഡി സാധ്യത കൂടിയവരും മുന്‍കാലങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി നേരത്തെ തന്നെ രോഗബാധയുണ്ടാകുന്ന പ്രവണതയുള്ളവരുമാണെന്നും പഠനത്തില്‍ വ്യക്തമായി. മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും ആരോഗ്യ പരിചരണ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴിലുള്ള ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ദുബൈയുടെ ഹൃദയ ഭാഗത്ത് ലോക നിലവാരത്തിലുള്ള സൗകര്യങ്ങളോടെയുള്ള മേത്തരം ആശുപത്രികളുടെ ശൃംഖലയാണ്.

 

ആസ്റ്റര്‍ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. സച്ചിന്‍ ഉപാധ്യായ, സ്‌പെഷ്യലിസ്റ്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. നവീദ് അഹമ്മദ് എന്നിവര്‍ കാത്ത് ലാബില്‍ നിന്നുള്ള തല്‍സമയ കല്‍നിക്കല്‍ ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള തങ്ങളുടെ നിരീക്ഷണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. പഠനത്തെ കുറിച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു അഭിപ്രായം രേഖപ്പെടുത്തവേ, ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള അവബോധം പ്രവാസി സമൂഹത്തില്‍ സൃഷ്ടിക്കാനും അതുവഴി അവരുടെ കുടുംബങ്ങളുടെയും രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയുടെ തന്നെയും സ്ഥിതി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നുവെന്ന് വെളിപ്പെടുത്തി.

പ്രവാസികള്‍ക്കിടയിലെ കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ക്കെതിരായ പേരാട്ടത്തില്‍ മുന്‍നിരയിലാണ് ഞങ്ങള്‍. ഇവിടത്തെ യുവ സമൂഹത്തിനിടയില്‍ ഹൃദയാഘാതവും അതു മുഖേനയുള്ള മരണങ്ങളും സാധാരണമായതിനാലാണ് ഇത്, അദ്ദേഹം വിശദീകരിച്ചു. ക്ലിനിക്കല്‍ പഠനത്തെ കുറിച്ച് വിലയിരുത്തവേ, ഡോ. സച്ചിന്‍ ഉപാധ്യായ പറഞ്ഞു, പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നതിന് വളരെ മുന്‍പു തന്നെ പ്രതിരോധം ആരംഭിക്കണമെന്ന ഓര്‍മപ്പെടുത്തലാണ് ഞങ്ങളുടെ കല്‍നിക്കല്‍ ഡാറ്റ. ഹൃദ്രാഗം ഇന്ന് യുവാക്കളായ പുരുഷന്മാരില്‍ അപൂര്‍വമല്ലാതായിക്കൊണ്ടിരിക്കുകയാണ്.

 

70-80 വയസുള്ളവര്‍ ഹൃദോഗത്തിന്റെ പിടിയിലമരുമ്പോള്‍ അതിന് ചെറിയ ശ്രദ്ധ മാത്രമേ കിട്ടിയിരുന്നുള്ളൂ. എന്നാല്‍, 30നും 40നുമിടക്ക് പ്രായമുള്ളവരെ ഇത് ബാധിച്ചപ്പോള്‍ ഞങ്ങള്‍ക്കതിലേക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല. വാസ്തവത്തില്‍, പ്രായത്തോടൊപ്പം തന്നെ ഹൃദ്രോഗ അപായ സൂചന നേരെ കുത്തനെ ഉയരുകയാണ് എന്നത് പ്രസ്താവ്യമായ കാര്യമാണ്.

ഇന്ത്യയില്‍ നടത്തിയ പല സര്‍വേകളിലും സൂചിപ്പിക്കുന്നത്, ജനസംഖ്യയിലെ ഹൃദ്രാഗികളായ 40 ശതമാനം പേരും 55 വയസിന് താഴെയുള്ളവരാണ് എന്നതാണ്. എന്നാല്‍, ആകെ രോഗികളിലെ മൂന്നില്‍ രണ്ടു ഭാഗവും കുത്തനെ ഉയര്‍ന്നിട്ടുള്ളത് യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യക്കാരാണ് എന്നത് ഏറ്റവും അപായകരമായ സൂചനയാണ് മുന്നോട്ടു വെക്കുന്നത്. ഡാറ്റയില്‍ അപഗ്രഥനം നടത്തിയ 142-ല്‍ 106 പേരും 55 വയസിന് താഴെയുള്ളവരായിരുന്നു. ഈ പ്രവണത തീര്‍ച്ചയായും അപായകരം തന്നെയാണ്, അദ്ദേഹം വിശദീകരിച്ചു.