എഡിറ്റര്‍
എഡിറ്റര്‍
അദ്ദേഹം മനസുവെച്ചാല്‍ എന്റെ ജീവിതം തിരിച്ചുകിട്ടും; മോദിയെ വിവാഹം ചെയ്യണമെന്ന ആവശ്യത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി യുവതി
എഡിറ്റര്‍
Friday 13th October 2017 3:48pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയ്പൂര്‍ സ്വദേശിയായ ഓംശാന്തിയെന്ന നാല്‍പ്പതുകാരി ജന്തര്‍മന്ദറില്‍ സമരം ചെയ്തത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു.

ഒട്ടേറെ പേര്‍ ഇവരെ കളിയാക്കിക്കൊണ്ടും മോദിയെ വിവാഹം ചെയ്യണമെന്ന ആവശ്യത്തിന് പിന്നില്‍ നിറപിടിപ്പിച്ച കഥകളും മെനഞ്ഞും രംഗത്തെത്തി. എന്നാല്‍ അപ്പോഴൊന്നും താന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നോ തന്റെ ജീവിതം എങ്ങനെയാണെന്നോ ഓം ശാന്തി വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ തന്റെ ജീവിതസാഹചര്യങ്ങളെ കുറിച്ച് സ്‌കൂപ് വൂപ് ന്യൂസിനോട് മനസുതുറക്കുകയാണ് ഇവര്‍. 1996 ലാണ് ഞാന്‍ വിവാഹിതയാകുന്നത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ആ സമയത്ത് ആറ് മാസം ഗര്‍ഭിണിയായിരുന്നു ഞാന്‍. മാനസിക രോഗിയാണെന്ന് പറഞ്ഞായിരുന്നു ബന്ധം വേര്‍പെടുത്തിയത്. ആ വീട്ടില്‍ നിന്നും എന്നെ പുറത്താക്കി. സഹോദരനും അവരുടെ ഭാര്യമായും എന്നെ ഒരു ചീത്തസ്ത്രീയായാണ് മുദ്രകുത്തിയത്.


Dont Miss മതസ്പര്‍ധയും സമുദായ ധ്രുവീകരണവും നടത്തി കേരളത്തിന്റെ മണ്ണില്‍ വേരുപിടിക്കാമെന്ന് ബി.ജെ.പി വ്യാമോഹിക്കേണ്ട: രജദീപ് സര്‍ദേശായി


എന്റെ സഹോദരന്റെ ഭാര്യ സുശീല ശര്‍മ ജയ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. എന്റെ 20 വയസായ മകള്‍ അവരുടെ കസ്റ്റഡിയിലാണ്. എന്നെ അവളെ കാണാന്‍ പോലും അനുവദിക്കില്ല. – സ്‌കൂപ് വൂപിനോട് സംസാരിക്കവേ ശാന്തി പറഞ്ഞു. ആറ് മാസം മുന്‍പ് ജയ്പൂരില്‍ പോയെങ്കിലും കാണാന്‍ അനുവദിച്ചില്ല. ഞാനൊരു അമ്മയാണ്.സ്വന്തം മകളെ ഒരു നോക്കുകാണാന്‍ കഴിയാത്ത അമ്മയുടെ വിഷമം പലര്‍ക്കും മനസിലാവില്ല. ജയ്പൂരില്‍ കുടുംബസ്വത്തുണ്ടെങ്കിലും സഹോദരന്‍മാര്‍ തനിക്ക് ഒന്നും നല്‍കിയില്ല. ഇന്ന് ഇവിടെ സമരം ചെയ്യുന്നതിന് പിന്നിലും കാരണമുണ്ട്. എനിക്ക് പോകാന്‍ മറ്റൊരു ഇടമില്ല. എന്റെ ഭര്‍ത്താവ് എന്നെ സ്വീകരിക്കാന്‍ തയ്യാറല്ല. എന്റെ സഹോദരങ്ങളും എന്നെ ഒഴിവാക്കി. പിന്നെ ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്? ഞാന്‍ ഭ്രാന്തിയാണെന്നാണ് അവര്‍ പറയുന്നത്. പക്ഷേ അങ്ങനെയല്ല. മോദിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു ധര്‍ണ നടത്തുന്നതുവഴി എനിക്ക് ലഭിക്കാനുള്ള സ്വത്തുക്കള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

മോദി ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. അദ്ദേഹം ഒന്നുമനസുവെച്ചാല്‍ നിമിഷങ്ങള്‍ക്കകം എന്റെ ജീവിതം എനിക്ക് തിരിച്ചുകിട്ടും. – ഓം ശാന്തി പറയുന്നു.

അതേസമയം ഇവര്‍ പറഞ്ഞ കഥകള്‍സത്യമാണെന്ന് തെളിയിക്കാനായി തങ്ങളുടെ പക്കല്‍ തെളിവുകളൊന്നുമില്ലെന്നും അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള നമ്പറുകളൊന്നും അവര്‍ നല്‍കിയിട്ടില്ലെന്നും സ്‌കൂപ് വൂപ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എങ്കിലും യാതൊരു തുണയുമില്ലാതെ ജീവിതം മുന്നോട്ട് നയിക്കേണ്ടി വരുന്ന സ്ത്രീകളില്‍ ഒരാളാണ് ഓംശാന്തിയെന്ന കാര്യത്തില്‍ സംശയമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement