വെള്ളപ്പൊക്കത്തിന് ശേഷം വരാനിടയുള്ള രോഗങ്ങള്‍; പ്രതിരോധമാര്‍ഗ്ഗങ്ങള്‍
kERALA NEWS
വെള്ളപ്പൊക്കത്തിന് ശേഷം വരാനിടയുള്ള രോഗങ്ങള്‍; പ്രതിരോധമാര്‍ഗ്ഗങ്ങള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 22nd August 2018, 2:57 pm

കേരളത്തില്‍ മഴയ്ക്കും വെളളപ്പൊക്കത്തിനും നേരിയ ശമനം ഉണ്ടെങ്കിലും സംസ്ഥാനത്തിന്റെ ദുരിതം തീരുന്നില്ല. വെള്ളപ്പൊക്കത്തില്‍ നിന്നും പലതരത്തിലുള്ള രോഗങ്ങള്‍ പിടിപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ നമ്മള്‍ നേരിടുന്ന വലിയ വെല്ലുവിളി. ജനങ്ങള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നുണ്ട്.

വെള്ളത്തില്‍ നിരവധി മൃഗങ്ങളും മറ്റ്് ജന്തുക്കളും ചത്തൊടുങ്ങിയിട്ടുണ്ട്. കൂടാതെ ഓടകളില്‍ നിന്നുമുള്ള മലിനജലം കലര്‍ന്നതിനാല്‍ എലിപ്പനി പോലുള്ള മാരക രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഏറെയാണ്.

വീടുകളും മറ്റും വൃത്തിയാക്കുന്നവര്‍ രോഗങ്ങള്‍ പിടിപെടാതിരിക്കാനുള്ള പ്രത്യേക പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

1. വയറിളക്കം, കോളറ, ടൈഫോയ്ഡ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനായി തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. ഇല്ലെങ്കില്‍ 20 ലിറ്റര്‍ വെളളത്തില്‍ 500mg ക്ലോറിന്‍ ഗുളികകള്‍ ഉപയോഗിക്കാം. ഇവ 99.99% ബാക്ടീരിയ, വൈറസ് പോലുള്ളവയെ നശിപ്പിക്കും.

2. വീടും പരിസരവും പാത്രങ്ങളും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറ് ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കി പാത്രങ്ങളും മറ്റും അര മണിക്കൂര്‍ ഇട്ട് വയ്ക്കുക. കൂടാതെ കിണര്‍ വെള്ളത്തില്‍ ആയിരം ലിറ്ററിന് ഒരു ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ എന്ന കണക്കില്‍ ശുദ്ധീകരിക്കുക.


ALSO READ: വീട്ടില്‍ കയറും മുമ്പ് അറിഞ്ഞിരിക്കേണ്ടത്: പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ട പ്രാഥമിക ചികിത്സകള്‍


3. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. ഹെപ്പറ്റെറ്റിസിനെതിരെയുള്ള വാക്സിനേഷന്‍ എടുക്കുക.

4. വൈറല്‍ ഫീവര്‍ സാധാരണമാണെങ്കിലും പാരസെറ്റമോള്‍ ഗുളികകള്‍ ഉപയോഗിക്കാം. അഞ്ചാം പനി പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്സിനേഷനുകള്‍ സ്വീകരിക്കുക. മുറിവ് പറ്റിയവര്‍ ടെറ്റനസ് ബൂസ്റ്റര്‍ വാക്സിന്‍ എടുക്കുക.

5. എലിപ്പനി പിടിപ്പെട്ടവരില്‍ കണ്ണ് ചുവന്ന് കാണുക, മഞ്ഞപ്പിത്തം, കടുത്ത ശരീരവേദന, പനി എന്നിവയാണ് രോഗലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ വിദഗ്ധ ചികിത്സ തേടുക.

6. കൊതുക് വഴി പകരുന്ന മലമ്പനി, ഡെങ്കിപ്പനി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കൊതുകുതിരി, കൊതുകുവല എന്നിവ ഉപയോഗിക്കുക. കടുത്ത പനി, കഠിനമായ ശരീരവേദന, വിറയല്‍ എന്നീ രോഗലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക.

7. ചുമ, ജലദോഷം എന്നിവ സാധാരണ ഗതിയില്‍ ഉള്ളതാണെങ്കിലും ശ്വാസംമുട്ടല്‍, കടുത്തചുമയും പനിയും ഉണ്ടായാല്‍ ആശുപത്രിയില്‍ ചികില്‍സ തേടുക.

8. പ്രധാനമായും പാമ്പ് കടിയേല്‍ക്കാതെ സൂക്ഷിക്കുക. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ പോലുള്ളവ കടിച്ചാല്‍ വേദനകളൊന്നും ഉണ്ടാകണമെന്നില്ല. എന്നാല്‍ മുഖത്ത് പിരിമുറുക്കം, ശ്വാസംമുട്ടല്‍ എന്നിവ കണ്ട്് തുടങ്ങിയാല്‍ ഉടന്‍ വിദഗ്ധ ചികില്‍സ തേടുക. കുട്ടികളെ പ്രത്യകം ശ്രദ്ധിക്കുക.