പ്രതിപക്ഷ എം.പിമാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല; ബി.ജെ.പി എം.പിയുടെ ജനസംഖ്യാ നിയന്ത്രണ ബില്‍ പിന്‍വലിച്ചു
national news
പ്രതിപക്ഷ എം.പിമാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല; ബി.ജെ.പി എം.പിയുടെ ജനസംഖ്യാ നിയന്ത്രണ ബില്‍ പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd April 2022, 8:58 am

ന്യൂദല്‍ഹി: ബി.ജെ.പി എം.പി രാകേഷ് സിന്‍ഹ രാജ്യസഭയില്‍ അവതരിപ്പിച്ച ജനസംഖ്യാ നിയന്ത്രണ ബില്‍ പിന്‍വലിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ പിന്‍വലിച്ചത്.

കുടുംബാസൂത്രണ പദ്ധതി വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കരുതെന്നും ജനസംഖ്യ നിയന്ത്രിക്കാനുള്ള ഏതൊരു നിയമവും ജനാധിപത്യ മാര്‍ഗങ്ങളിലൂടെയായിരിക്കണമെന്നും നിര്‍ബന്ധിത മാര്‍ഗങ്ങളിലൂടെയായിരിക്കരുതെന്നും പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭയില്‍ പറഞ്ഞു.

ജനസംഖ്യാടിസ്ഥാനത്തിലുള്ള കേന്ദ്രവിഹിതം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടുത്തരുതെന്ന് കോണ്‍ഗ്രസിന്റെ ജയറാം രമേശും ഡി.എം.കെയുടെ തിരുച്ചി ശിവയും വാദിച്ചു.

കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് അനുവദിക്കുന്നതും നീതി ആയോഗ്, ധനകാര്യ കമ്മീഷന്‍ എന്നിവയിലൂടെ നടപ്പാക്കുന്നതും ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതിനാല്‍, ജനസംഖ്യാ നിയന്ത്രണത്തില്‍ വിജയിച്ച കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അത് നഷ്ടപ്പെടുകയാണെന്ന് രമേശ് പറഞ്ഞു.ഇന്ത്യയുടെ കുടുംബാസൂത്രണ പദ്ധതി ഫലിച്ചില്ല എന്ന തികച്ചും തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബില്ലെന്നും ജയറാം രമേശ് പറഞ്ഞു.

അടിയന്തരാവസ്ഥയുടെ ഏറ്റവും ദൗര്‍ഭാഗ്യകരമായ കാലഘട്ടം ഒഴികെ, ‘ഇന്ത്യയുടെ കുടുംബാസൂത്രണം ജനാധിപത്യ മാര്‍ഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതും സ്ത്രീ സാക്ഷരത, സ്ത്രീ വിദ്യാഭ്യാസം, കുടുംബാസൂത്രണ സേവനങ്ങള്‍ എന്നിവയിലൂടെയാണെന്നും ജയറാം രമേശ് പറഞ്ഞു.

ഇന്ത്യ ഇതിനകം തന്നെ സന്താനോല്‍പാദനം ചുരുക്കുന്ന കാര്യത്തില്‍ ലക്ഷ്യം നേടിയിട്ടുണ്ട് എന്നാണ്കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കിയ അഞ്ചാം കുടുംബാരോഗ്യ സര്‍വേ പറയുന്നത്. ബാക്കിയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ നാല് സംസ്ഥാനങ്ങള്‍ 2025ല്‍ ലക്ഷ്യത്തിലെത്താന്‍ പോകുകയാണ്. ജനസംഖ്യ നിയന്ത്രണത്തിലെത്താന്‍ സമയം എടുക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം ബീഹാര്‍ ആണ്, അതും 2028ല്‍ ലക്ഷ്യത്തിലെത്തും.

1988ല്‍ കേരളമായിരുന്നു സന്താനോല്‍പാദന നിരക്കില്‍ ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ തിരിച്ചുവിട്ടല്ല ജനസംഖ്യാബോധവല്‍കരണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.’ആ ബില്ലില്‍ വളരെ അപകടകരമായ ഒരു ഘടകമുണ്ട്. മറഞ്ഞിരിക്കുന്ന ഒരു ഭാഗമുണ്ട്. ഒരു പ്രത്യേക സമൂഹം, ആ സമുദായം കൂടുതലുള്ള രാജ്യത്തിന്റെ ചില ഭാഗങ്ങള്‍, അവര്‍ രാജ്യത്തിന് അപകടമുണ്ടാക്കുന്നു എന്നാണ് അതില്‍ പറയുന്നത്,”അദ്ദേഹം പറഞ്ഞു.

Content Highlights: Health Minister says no to BJP MP’s Bill on population control