എഡിറ്റര്‍
എഡിറ്റര്‍
ജഗതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
എഡിറ്റര്‍
Sunday 11th March 2012 9:30am

കോഴിക്കോട്: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്  ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. 48മണിക്കൂര്‍ കൂടി വെന്റിലേറ്ററില്‍ തുടരേണ്ടതുണ്ടെന്നും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എങ്കിലും 48 മണിക്കൂര്‍ വെന്റിലേറ്ററില്‍ തുടരേണ്ടി വരും. ശ്വാസ തടസം നേരിടുന്നത് കൊണ്ടാണിത്. അദ്ദേഹത്തിന്റെ ശ്വാസകോശത്തിനും വൃക്കകള്‍ക്കും ക്ഷതമേറ്റിരുന്നു. ശ്വാസകോശത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. ഇതിനാല്‍ നാല് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നു.

വൃക്കയുടെ പ്രവര്‍ത്തനത്തില്‍ നേരിയ അസന്തുലിതാവസ്ഥയുണ്ട്. പേശികള്‍ക്ക് തകരാര്‍ സംഭവിച്ചത് കൊണ്ടാണ് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അസന്തുലിതാവസ്ഥയുണ്ടാവാന്‍ കാരണം. ആവശ്യമെങ്കില്‍ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കും. 24 മണിക്കൂറും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ബുള്ളറ്റിനില്‍ പറയുന്നു.

വയറിലേയും നെഞ്ചിലേയും പേശികള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തിലത് സ്വാഭാവിമായി സംഭവിക്കുന്നതാണ്.  തുടയിലും കയ്യിലും പൊട്ടലുണ്ട്. ആരോഗ്യ നില പൂര്‍ണമായും തൃപ്തികരമാണെങ്കിലേ സര്‍ജറി നടത്തൂവെന്നും ബുള്ളറ്റിനില്‍ പറയുന്നു.

അദ്ദേഹത്തെ പരിശോധിക്കുന്നതിന് 25ഓളം ഡോക്ടര്‍മാരെ നിയോഗിച്ചതായി  ആശുപത്രി എം.ഡി അബ്ദുല്ല ചെറയക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം ചേളാരി പാണമ്പ്രയില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് ജഗതി സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറിന്റെ ഒരു മീറ്ററിലധികം കാറിന്റെ മുന്‍ഭാഗത്തെ നെടുകെ പിളര്‍ത്തി ഉള്ളിലേക്കു കയറിയ നിലയിലായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കുടകിലേക്ക് പോകുകയായിരുന്നു.

Malayalam news

Kerala news in English

Advertisement