'അയാള്‍ എന്നെ ബലാത്സംഗം ചെയ്തു, എന്റെ കുഞ്ഞിന്റെ അച്ഛന്‍ അയാള്‍ തന്നെയാണ്'; ബി.ജെ.പി എം.എല്‍.എക്കെതിരെ പരാതിയുമായി യുവതി
Natonal news
'അയാള്‍ എന്നെ ബലാത്സംഗം ചെയ്തു, എന്റെ കുഞ്ഞിന്റെ അച്ഛന്‍ അയാള്‍ തന്നെയാണ്'; ബി.ജെ.പി എം.എല്‍.എക്കെതിരെ പരാതിയുമായി യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th August 2020, 11:08 am

ന്യൂദല്‍ഹി: ഉത്തരഖണ്ഡിലെ അല്‍മോറയിലെ ബി.ജെ.പി എം.എല്‍.എ തന്നെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് യുവതി രംഗത്ത്.

ബി.ജെ.പി എം.എല്‍.എ ആയ മഹേഷ് സിംഗ് നെഗിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എം.എല്‍.എയും പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് കോടി രൂപ നല്‍കാന്‍ യുവതി ആവശ്യപ്പെട്ടിരുന്നു ഇത് നല്‍കാത്തതിലെ ദേഷ്യമാണ് ഈ കേസിന് കാരണമെന്നും മഹേഷ് നെഗി പറഞ്ഞു.

2016 മുതലാണ് തനിക്ക് നെഗിയെ പരിചയമുള്ളതെന്ന് യുവതി പറഞ്ഞു. നെഗിയുടെ തൊട്ടടുത്ത വീട്ടിലാണ് യുവതിയും അമ്മയും താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇയാള്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്നും അവര്‍ പറഞ്ഞു.

അമ്മയ്ക്ക് സുഖമില്ലാതായപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നെഗി സഹായിച്ചു. തുടര്‍ന്ന് സ്ഥിരമായി അമ്മയ്ക്ക് ആവി പിടിക്കാന്‍ ഹോസ്പിറ്റലില്‍ ചെല്ലാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ അതിനുള്ള സൗകര്യമുണ്ടെന്നും വീട്ടിലേക്ക് വന്നാല്‍ മതിയെന്നും നെഗി പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോയപ്പോള്‍ അയാള്‍ തന്നെ കടന്നു പിടിക്കുകയും നിര്‍ബന്ധിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. തുടര്‍ന്നും ഇത്തരത്തില്‍ നിരവധി തവണ ഉപദ്രവിച്ചു. കല്യാണം കഴിയുന്നതിന് ആഴ്ചകള്‍ മുമ്പ് അയാള്‍ തന്നെ മുസ്സോറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു. പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിയുണ്ടായിരുന്നെന്നും യുവതി പറയുന്നു.

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കകം തിരികെ വീട്ടിലെത്തണമെന്നും ഇല്ലെങ്കില്‍ എല്ലാം ഭര്‍ത്താവിനോട് പറയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അല്‍മോറയിലേക്കുള്ള സ്വന്തം വീട്ടിലേക്ക് താന്‍ തിരിച്ചുവന്നു. വന്നയുടനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ സ്ത്രീധനത്തിന്റെ പേരില്‍ കേസ് കൊടുക്കാന്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തി. കേസ് കൊടുത്ത ശേഷം ഭര്‍ത്താവിനോട് നടന്നതെല്ലാം യുവതി പറഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

പിന്നീട് എം.എല്‍.എ നിരന്തരമായി തന്നെ പീഡിപ്പിക്കുകയായിരുന്നു. ഒടുവില്‍ ഗര്‍ഭിണിയായ വിവരം അദ്ദേഹത്തെ അറിയിച്ചപ്പോള്‍ കുഞ്ഞിനെ നോക്കിക്കോളാമെന്ന് തനിക്ക് വാക്കു നല്‍കുകയും ചെയ്തു. എന്നാല്‍ കുഞ്ഞ് ജനിച്ചപ്പോള്‍ 25 ലക്ഷം രൂപ തന്ന് എല്ലാം മറക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ റിത നെഗി രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറല്ലെന്ന് അറിയിച്ചതോടെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണ് യുവതി എന്ന പേരില്‍ ഇവര്‍ പരാതി നല്‍കി.

തന്റെ കുഞ്ഞിന്റെ അച്ഛന്‍ ബി.ജെ.പി എം.എല്‍.എ ആയ മഹേഷ് നെഗി തന്നെയാണ്. ഇതിനിടെ നടത്തിയ ഡി.എന്‍.എ ടെസ്റ്റില്‍ അത് വ്യക്തമായിട്ടുണ്ടെന്നും യുവതി പറഞ്ഞു.

അതേസമയം തന്റെ പ്രതിഛായ തകര്‍ക്കാന്‍ നടത്തുന്ന കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്നും ഈ ആരോപണങ്ങളെല്ലാം തന്നെ വ്യാജമാണെന്നും മഹേഷ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: bjp mla raped girl in uttarakhand