ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാം എന്നത് മോദിയുടെ വ്യാമോഹം മാത്രം; രണ്ടും കല്‍പ്പിച്ച് കുമാരസ്വാമി
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 12:49pm

ബെംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാം എന്നത് മോദിയുടെ വ്യാമോഹമാണെന്ന് ജെ.ഡി.എസ് നേതാവ് കുമാരസ്വാമി. തങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി കഠിനമായി പരിശ്രമിക്കുന്നുണ്ട് എന്നാല്‍ ഞങ്ങള്‍ അതിനൊന്നും വഴങ്ങില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമം. അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ജെ.ഡി.എസ്ഫകോണ്‍ഗ്രസ് സഖ്യത്തിന് 117 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. കര്‍ണാടകയെ വര്‍ഗീയമായി വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനായി മതേതര വോട്ടുകള്‍ അവര്‍ ഭിന്നിപ്പിച്ചു. അതിനാല്‍ തന്നെ ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുമായി ഒരു സഖ്യത്തിനും തങ്ങളില്ലെന്നും കോണ്‍ഗ്രസ് സഖ്യത്തില്‍ 12 ജെ.ഡി.എസ് എം.എല്‍.എമാര്‍ അസംതൃപ്തരാണെന്ന ബിജെ.പിയുടെ വാദത്തില്‍ യാതൊരു കഴമ്പുമില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി കഠിനമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിലൊന്നും തങ്ങള്‍ വഴങ്ങില്ലെന്നും ബി.ജെ.പി അവര്‍ക്കാകുന്നപോലെ ശ്രമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലും ജെ.ഡി.എസിലും അസംതൃപ്തരായ ചില എം.എല്‍.എമാരുണ്ടെന്നും അവരെ ജനാധിപത്യപരമായി സമീപിക്കുമെന്നും പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞിരുന്നു. ‘കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തില്‍ പല എം.എല്‍.എമാരും അതൃപ്തരാണ്. ജനാധിപത്യപരമായി ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ വേണം. ഞങ്ങള്‍ അത് രൂപീകരിക്കും. അനാവശ്യമായ പ്രശ്നങ്ങള്‍ ആര്‍ക്കും സൃഷ്ടിക്കാം. പക്ഷേ കര്‍ണാടക ജനത ഞങ്ങള്‍ക്കൊപ്പമാണ്. യോഗത്തിനുശേഷം ഞങ്ങള്‍ ആവശ്യമായ നടപടിയെടുക്കും. പിന്നാമ്പുറത്തൂടെ കടക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നടപടി പ്രോത്സാഹിപ്പിക്കാനാവില്ല. സ്വന്തം നേട്ടത്തിനായി ബദ്ധശത്രുക്കള്‍ ഒരുമിക്കുകയാണ്.’ എന്നായിരുന്നു ജാവേദ്ക്കര്‍ പറഞ്ഞത്.

അതേസമയം ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബി.എസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. ബെംഗളൂരില്‍ ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തെരഞ്ഞെടുത്തത്.


Read Also : ബി.ജെ.പിക്ക് മറുപണിയുമായി കോണ്‍ഗ്രസ്; ബി.ജെ.പി എം.എല്‍.എമാരില്‍ ആറ് പേരുമായി ചര്‍ച്ച നടത്തിയെന്ന് കോണ്‍ഗ്രസ്

 

Read Also : യു.പിയില്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ദളിത് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു


 

Advertisement