Administrator
Administrator
ഹസാരെ നിരാഹാരം അവസാനിപ്പിച്ചു
Administrator
Sunday 28th August 2011 11:04am
Sunday 28th August 2011 11:04am

hazare break fast at Ramlila in New Delhi

ന്യൂദല്‍ഹി: സുശക്തമായ ജനലോക്പാല്‍ ബില്‍ നടപ്പില്‍ വരുത്തണമെന്ന ആവശ്യവുമായി പതിമൂന്ന് ദിവസമായി നടത്തിവന്ന നിരാഹാര സമരം ഗാന്ധിയന്‍ അണ്ണാ ഹസാരെ അവസാനിപ്പിച്ചു. ബാലികമാരായ സിമ്രാനും ഇക്രയും നല്‍കിയ ഇളനീര് കുടിച്ചാണ് ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചത്. ഹസാരെയുടെ ആരോഗ്യം മോശമായതിനാല്‍ വിദഗ്ദ്ധ പരിശോധനകള്‍ക്കായി ഗുഡ്ഗാവിലെ മെദാന്ത മെഡിസിറ്റി ആസ്പത്രിയിലേക്ക് മാറ്റി.

ടീം അണ്ണ എന്ന ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹം മുന്നോട്ടുവെച്ച മൂന്ന് ഉപാധികള്‍ അംഗീകരിക്കാന്‍ പാര്‍ലമെന്റില്‍ ധാരണയായതോടെയാണ് രാംലീലയില്‍ നടത്തിവന്ന സമരം അവസാനിപ്പിക്കാന്‍ ഹസാരെ തീരുമാനിച്ചത്. നിരാഹാരം അവസാനിക്കാന്‍ ഏറെ നാളായി ഹസാരെയ്ക്ക് മുകളില്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ശനിയാഴ്ച രാത്രിയാണ് ഹസാരെ നിരാഹാരസമരം ഞായറാഴ്ച രാവിലെ അവസാനിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചത്.

പാര്‍ലമെന്റ് അംഗീകരിച്ച പ്രമേയവുമായി വിലാസ് റാവു ദേശ്മുഖ് മറാത്തിയിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ പകര്‍പ്പ് ഹസാരെക്ക് ശനിയാഴ്ച രാത്രി കൈമാറിയിരുന്നു. പൂര്‍ണമായും അഴിമതി തടയണമെങ്കില്‍ ജനലോക്പാലിന്റെ പരിധിയില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തുക, സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപവത്കരിക്കുക, ജനങ്ങളുടെ അവകാശപ്പത്രിക എല്ലാ വകുപ്പുകളിലും പ്രസിദ്ധീകരിക്കുക എന്ന മൂന്ന് ഉപാധികളാണ് അണ്ണ ഹസാരെ സംഖം മുന്നോട്ടുവെച്ചത്. സര്‍ക്കാര്‍ അവസാനനിമിഷം വരെ ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഈ മൂന്ന് ഉപാധികളും പാര്‍ലമെന്റ് തത്വത്തില്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാമെന്നുള്ള ഹസാരെയുടെ പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് വിലാസ്‌റാവു ദേശ്മുഖിന്റെ സാന്നിധ്യത്തില്‍ എല്ലാവരും ദേശീയഗാനം പാടി സമരപരിപാടികള്‍ക്ക് വിരാമമിട്ടു.

ഇത് ജനങ്ങളുടെ വിജയമാണെന്നും തന്റെ നിരാഹാരത്തിന്റെ ഫലം രാജ്യമൊട്ടാകെ അനുഭവിക്കുകയാണെന്നും നിരാഹാരം അവസാനിപ്പിച്ച് പ്രസംഗിക്കവെ രാംലീല മൈതാനിയില്‍ തടിച്ച് കൂടിയ ആയിരകണക്കിന് അനുയായികളോടായി ഹസാരെ പറഞ്ഞു.