Administrator
Administrator
ഹസാരെ: 64 പിന്നിട്ട സ്വാതന്ത്ര്യത്തിന്റെ ഗതി
Administrator
Tuesday 16th August 2011 4:47pm


65ാം
സ്വാതന്ത്ര്യദിനം ആഘോഷിച്ചതിന്റെ തൊട്ട് പിറ്റേന്ന് രാജ്യം ഉണര്‍ന്നത് പ്രമുഖ ഗാന്ധിയനും അഴിമതി വിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെയെ അറസ്റ്റു ചെയ്ത വാര്‍ത്ത കേട്ടാണ്. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ഇന്ത്യന്‍ ദേശീയ പതാക വാനിലേക്കുയര്‍ത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യം ഇത്രയും കാലം മഹത്വരമെന്ന് വാഴ്ത്തിപ്പോന്ന ഒന്നിനെ തള്ളിപ്പറയുന്നത് നാം കേട്ടു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമായി ഉപയോഗിച്ച നിരാഹാര സമരത്തെ മന്‍മോഹന്‍ ജനകോടികളുടെ മുഖത്തുനോക്കി പുച്ഛിച്ചു.

ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ നൂറ്റാണ്ടുകള്‍ ഇന്ത്യയെ കൊള്ളയിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം കഴിഞ്ഞപ്പോള്‍ നാം തിരഞ്ഞെടുത്ത ഭരണകൂടംതന്നെ നമ്മെ കൊള്ളയടിക്കുന്നു. ജന്‍ലോക്പാല്‍ ബില്ലിന് വേണ്ടി സമരത്തിന് ആഹ്വാനം ചെയ്തത് അണ്ണാ ഹസാരെയല്ല, ദല്‍ഹിയില്‍ നിന്ന് വമിച്ച അഴിമതിയുടെ നാറുന്ന ഗന്ധം കാരണം അസഹ്യരായ ജനതയുടെ ആത്മരോഷമായിരുന്നു ഹസാരെ. ഇനി ഹസാരെയുടെ കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ടാവാം. പക്ഷെ ഭരണകൂടത്തിനെതിരെ ഉയരുന്ന ചൂണ്ടുവിരലുകള്‍ വെട്ടിമാറ്റാന്‍ മന്‍മോഹന് ആരാണ് അധികാരം കൊടുത്തത്.

അഴിമതിക്കാരായ ഭരണകൂടങ്ങള്‍ക്ക് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗതിയെക്കുറിച്ച് മന്‍മോഹനും അവരുടെ സര്‍ക്കാറും ഓര്‍ക്കുന്നത് നന്ന്. ഒരു പക്ഷെ ഈ ഭയം തന്നെയായിരിക്കാം മന്‍മോഹനെയും സ്വേച്ഛാധിപതികളെപ്പോലെ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതും. പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തിനൊപ്പം ഡൂള്‍ന്യൂസും നിലകൊള്ളുന്നു… ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു…ഹസാരെ: 65 പിന്നിട്ട സ്വാതന്ത്ര്യത്തിന്റെ ഗതി


അരുന്ധതി റോയി, എഴുത്തുകാരി, ആക്ടിവിസ്റ്റ്

അണ്ണാ ഹസാരെയുടെ അറസ്റ്റ് മഹാ അന്യായമായിട്ടാണ് തോന്നുന്നത്. മാത്രമല്ല, ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതുമാണ്. സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്രയും അരക്ഷിതമായതെന്ന് എനിക്കറിയില്ല. എല്ലാത്തിനോടും ഇത്തരത്തില്‍ പ്രതികരിക്കുന്നത് നല്ലതല്ല.

പത്തുവര്‍ഷമായി നിരാഹാരമിരിക്കുന്ന ഇറോം ശര്‍മിളയെ നമ്മള്‍ മറക്കുന്നു. മരണംവരെ നിരാഹാരമാണ് അവര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അവര്‍ക്കുചുറ്റും ചാനലുകളില്ല. രാജ്യത്തൊട്ടാകെ ഇത്തരം ഹിംസകള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. എന്നാല്‍ നഗരത്തിലെ മധ്യവര്‍ഗത്തിന് നേരിടുന്ന പ്രശ്‌നമെന്നതു കൊണ്ടാണ് ഈ സമരം ഇത്രയും ജനശ്രദ്ധ നേടിയത്.

ഒറീസയിലും ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും അടിയന്തിരാവസ്ഥ നടന്നിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ നമ്മുടെ വീട്ടുമുറ്റത്തും അത് എത്തിച്ചേര്‍ന്നപ്പോഴാണ് നമ്മളതിനെക്കുറിച്ച് ബോധവാന്‍മാരാകുന്നത്. ഇന്ത്യയിലെ നിയമങ്ങള്‍ പരിശോധിച്ചാല്‍ ഒരു ജനാധിപത്യരാജ്യമാണെന്ന് പറയാനുള്ള അവകാശം ഇന്ത്യയ്ക്കില്ല. ഇതിനു മുമ്പ് ഛത്തീസ്ഗഢിലേയും ജാര്‍ഘണ്ഡിലേയും കര്‍ഷകര്‍ക്കുനേരെയായിരുന്നു ഭരണകൂടത്തിന്റെ ഇത്തരം അതിക്രമങ്ങള്‍.

വി.എസ് അച്ച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവ്

വിമര്‍ശിക്കാന്‍ ആരെയും അനുവദിക്കാത്ത നിലപാടാണ് കേന്ദ്രത്തിന്റെത്. അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്ത നടപടി തെറ്റാണ് അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണിത്. ഹസാരെയുടെ സമരരീതിയോട് ചില വിയോജിപ്പുണ്ട്. എന്നാല്‍ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കും.

ജനാധിപത്യപരമായ അവകാശമാണ് സമരം ചെയ്യുക എന്നത്. ഹസാരെയെ അറസ്റ്റു ചെയ്തതിലൂടെ ഏകാധിപതികള്‍ക്ക് അനുയോജ്യമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ദിരാ ഗാന്ധി രാജ്യം ഭരിച്ചപ്പോഴാണ് ഇത്തരമൊരു സാഹചര്യമുണ്ടായിരുന്നത്.

ബി.ആര്‍.പി ഭാസ്‌കര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

വന്‍ ജനപിന്തുണ ലഭിക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്ന ഈ രീതി വളരെ പഴക്കമുള്ളതാണ്. കൊളോണിയല്‍ കാലത്തേ തുടര്‍ന്നുവരുന്നതാണ് ഈ രീതി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 64 വര്‍ഷങ്ങള്‍ക്കുശേഷം, ഇന്ത്യന്‍ ഭരണഘടന രൂപീകരിച്ചിട്ട് 61 വര്‍ഷങ്ങള്‍ക്കുശേഷവും ഭരണകൂടത്തിന്റെ സമീപനത്തില്‍ മാറ്റം വന്നിട്ടില്ല. അടിച്ചമര്‍ത്തുക എന്ന കൊളോണിയല്‍ പാരമ്പര്യം ഇന്നും രാജ്യം തുടര്‍ന്നു വരികയാണ്. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ദൗര്‍ബല്യമാണ് ഇത്തരം സംഭവങ്ങള്‍ ഇവിടെ അരങ്ങേറാന്‍ കാരണം. ജനാധിപത്യ പ്രക്രിയ വേണ്ടത്ര ജനാധിപത്യപരമല്ല. അതിന്റെ ഉള്ളടക്കത്തില്‍ ജനാധിപത്യത്തിന്റെ അംശം വളരെ കുറവാണ്. ഒരര്‍ത്ഥത്തില്‍ നമ്മളാരും ജനാധിപത്യപരമായ ഒരു ചുറ്റുപാടിലല്ല ജീവിക്കുന്നത്. അങ്ങനെയൊരു അവകാശം നിലനില്‍ക്കുന്നത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ്. ഈ ജനാധിപത്യം ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കണം.

എന്തുകൊണ്ട് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചു എന്ന് അന്വേഷിക്കേണ്ടതുണ്ട്. നേരത്തെ പറഞ്ഞതുപോലെ വന്‍ ജനപിന്തുണ ലഭിക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നതിന് ഉദാഹരണമായി ഈ അറസ്റ്റിനെ നമുക്ക് കാണാം. ഇതിനു മുമ്പ് ഒരു തവണ ഹസാരെ സമരം നടത്തിയിരുന്നു. അന്ന് അദ്ദേഹത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് ഹസാരെ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലോക്പാല്‍ ബില്ലിന് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. സമരം തുടങ്ങുന്നതിന് മുമ്പ് അറസ്റ്റു ചെയ്തതിനും സര്‍ക്കാരിന് ന്യായീകരണങ്ങളുണ്ട്. സമരം തുടങ്ങിക്കഴിഞ്ഞാല്‍ ജനക്കൂട്ടത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ലെന്നതുകൊണ്ടാണ് സമരത്തിനു മുമ്പു തന്നെ അറസ്റ്റു ചെയ്തത്. ഏതാനും ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഹസാരെയ്ക്ക് നിരാഹാരത്തിനുള്ള അനുമതി ലഭിച്ചത്. ഈ നിബന്ധനകള്‍ പരിശോധിച്ചാല്‍ സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. പരിധി വിട്ടു കഴിഞ്ഞാല്‍ തങ്ങളുടെ കൈയില്‍ നില്‍ക്കില്ലെന്ന് ഭരണകൂടത്തിന് അറിയാം.

യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ശക്തമായ ബില്‍ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് സര്‍ക്കാരിന്റെ ബില്ലിലും ജനങ്ങള്‍ വിശ്വസിക്കാതിരിക്കുന്നത്. സത്യത്തില്‍ അഴിമതിവിരുദ്ധനിയമം എന്നത് നിയമത്തിന്റെ മാത്രം പ്രശ്‌നമല്ല. നിയമം നടപ്പാക്കാനുള്ള ആര്‍ജവത്തിന്റെ പ്രശ്‌നമാണ്. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിന് പകരം പരിധിയില്‍പെട്ടവര്‍ നിയമത്തെ ഫലപ്രദമായി വിനിയോഗിക്കുന്നു എന്നുറപ്പു വരുത്താന്‍ ഭരണകൂടം ശ്രമിക്കേണ്ടതുണ്ട്. നിയമം സത്യസന്ധമായി നടപ്പിലാക്കേണ്ട ആവശ്യകതയുണ്ടെന്ന് തിരിച്ചറിവാണ് ഭരണകൂടത്തിന് പ്രാഥമികമായി ഉണ്ടാവേണ്ടത്. ബ്രിട്ടീഷ് ഭരണകാലത്തും സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നു.

സമരം ചെയ്യുന്നവര്‍ക്ക് അതിനുള്ള അവസരം ബ്രിട്ടീഷ് ഭരണകൂടം നല്‍കിയിരുന്നു. ബ്രിട്ടീഷ് ഭരണകൂടവും ഇന്നത്തെ കാലവും തമ്മിലുള്ള വ്യത്യാസമെന്നത് ഇന്ന് ആധുനിക സാങ്കേതികവിദ്യയുടെ സഹായവുമുണ്ടെന്നതാണ്. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനക്കൂട്ടത്തെ സംഘടിപ്പിക്കാന്‍ എളുപ്പമാണ്. ഇത് ഈ വിദ്യയുടെ പ്രശ്‌നമാണ്. സമരം കൂടുതല്‍ അക്രമാസക്തമായാല്‍ അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പട്ടാളത്തെ ഇറക്കേണ്ടിവരും. ഇത് തടയാന്‍ വേണ്ടിയായിരിക്കാം ഒരു കരുതല്‍ നടപടി എന്ന നിലക്ക് ഹസാരെയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രസ്ഥാനങ്ങള്‍ വളരെ പെട്ടെന്ന് ജനപിന്തുണ ആര്‍ജിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇതിനു കാരണം ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ്.

ഭരണകൂടം അതിന്റെ കൊളോണിയല്‍ പാരമ്പര്യം അതായത് അടിച്ചമര്‍ത്താനുള്ള പ്രവണത തുടരുന്നു എന്നതാണ് അടിസ്ഥാനപരമായി ഇവിടത്തെ പ്രശ്‌നം. സമരത്തിന്റെ ഇപ്പോഴത്തെ ഒരു ഘട്ടം എന്നത് ഒരു പ്രതിഷേധത്തേക്കാളുപരി ഏതു തരത്തിലുള്ള അഴിമതി വിരുദ്ധ നിയമമാണ് വേണ്ടത് എന്നതാണ്. ഈ സമരങ്ങള്‍ സര്‍ക്കാരിനെതിരായി മാത്രമല്ല, മറിച്ച് സുശക്തമായ, ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ ഒരു ലോക്പാല്‍ബില്ലിനു വേണ്ടിയുള്ളതാണ്.

സി.ആര്‍. നീലകണ്ഠന്‍, ആക്ടിവിസ്റ്റ്

അണ്ണാ ഹസാരെ നടത്തിയ സമരത്തെ മാത്രമല്ല ജനാധിപത്യ പ്രക്ഷോഭങ്ങളെ ഒന്നടങ്കം കേന്ദ്രസര്‍ക്കാര്‍ ഭയക്കുകയാണ്. അല്ലെങ്കില്‍ ഗാന്ധിയന്‍ സമരമുറ സ്വീകരിച്ച് സമാധാനപരമായി നിരാഹാര സമരം നടത്താനിരുന്ന ഹസാരെയെ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതെന്തിനാണ്? നമുക്ക് മാധ്യമങ്ങളിലൂടെ കിട്ടിയ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഹസാരെയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസ് പറഞ്ഞത്. ഹസാരെ സമരം തുടങ്ങിയശേഷം അറസ്റ്റ് ചെയ്തിട്ടാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ അംഗീകരിക്കാം. നിരോധനാജ്ഞ ലംഘിക്കാന്‍ പോകുന്നു എന്നു പറഞ്ഞ് ഹസാരെയെയും കൂട്ടരേയും അറസ്റ്റ് ചെയ്ത നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.

മന്‍മോഹന്‍ സിങ്ങിന് കോണ്‍ഗ്രസിനെക്കുറിച്ച് ഒന്നും അറിയില്ല. കോണ്‍ഗ്രസിന്റെ ചരിത്രം അറിയാമായിരുന്നെങ്കില്‍ നിരാഹാരം അഴിമതിക്ക് പരിഹാരമാവില്ല എന്ന് അദ്ദേഹം പറയില്ലായിരുന്നു. സ്വാതന്ത്ര്യ സമരത്തിലൊന്നും പങ്കെടുത്ത ശീലം മന്‍മോഹന്‍ സിംങിനില്ല. അദ്ദേഹം ആ കാലത്ത് ഐ.എം.എഫിലും മറ്റും ജോലിചെയ്യുകയായിരുന്നു. കോണ്‍ഗ്രസിന്റെ പാരമ്പര്യവും, ഗാന്ധിജിയുടെ സമരത്തെക്കുറിച്ചും അറിയമായിരുന്നെങ്കില്‍ മന്‍മോഹന്‍ സിംങ് ഇങ്ങനെ പറയില്ലായിരുന്നു.

ഹസാരെയെ പിന്തുണച്ചെത്തിയ കിരണ്‍ബേദിയെയും മറ്റ് നൂറുകണക്കിന് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ള ഒരാള്‍ കേന്ദ്രസര്‍ക്കാരിനുള്ളില്‍ ഇല്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

എം. ഐ. ഷാനവാസ്, കോണ്‍ഗ്രസ് എം.പി

ഹസാരെയെ അറസ്റ്റ് ചെയ്തത് ജനവികാരത്തെ ഭയന്നത് കൊണ്ടാണെന്ന് നിങ്ങള്‍ പറഞ്ഞത് തെറ്റാണ്. ഗവണ്‍മെന്റ് രാജ്യത്ത് ഉണ്ടാക്കുന്ന ചില നിയമങ്ങളും നിബന്ധനകളുമൊക്കെ ഉണ്ട്. അത് പാലിക്കേണ്ടത് പൗരന്റെ കടമയാണ്. അല്ലെങ്കില്‍ 144 പ്രഖ്യാപിക്കും. നിങ്ങളെന്താ കരുതിയേ, ഡല്‍ഹി എന്ന് പറഞ്ഞാല്‍ കോടിക്കണക്കിനാളുകള്‍ താമസിക്കുന്ന തന്ത്ര പ്രധാനമായ സ്ഥലമാണ്. പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണിത്. അണ്ണാ ഹസാരെ എന്നല്ല ഏത് കൊച്ചു കുട്ടിക്കും ഇത് ബാധകമാണ്.

പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വെച്ചിരിക്കുന്ന സംഗതിയാണിത്. എന്ത് കൊണ്ട് അവര്‍ക്ക് പാര്‍ലമെന്റ് തീരും വരെ കാത്തിരുന്നു കൂടാ? ഹസാരെ അല്ല ഏത് തമ്പുരാനായാലും ലോ ആന്‍ഡ് ഓര്‍ഡറിന് വിധേയമായി പ്രവര്‍ത്തിച്ചേ തീരൂ. ഇതിനെല്ലാം പിറകില്‍ ബി. ജെ. പിയും ആര്‍. എസ്സ്. എസ്സും ഇവിടുത്തെ ചില മാധ്യമ പ്രവര്‍ത്തകരുമാണ്.

ശശി ഭൂഷണ്‍ പണ്ഡിറ്റ്(എ.ഐ.എസ്.എ ജെ.എന്‍.യു യൂണിയന്‍ നേതാവ്)

രാജ്യത്ത് വന്‍തോതില്‍ അഴിമതി പുറത്തുവന്നുകൊണ്ടിരിക്കയാണ്. അണ്ണാഹസാരെയുടത് പോലുള്ള സമരങ്ങള്‍ രാജ്യം ആവശ്യപ്പെടുന്ന സമയമാണിത്. എന്നാല്‍ അഴിമതിക്കാര്‍ക്കെതിരെ നടക്കുന്ന എല്ലാ സമരങ്ങളും അടിച്ചമര്‍ത്തുന്ന നയമാണ് സര്‍ക്കാറിന്റെത്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന ഭരണകൂട ഭീകരതയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.

പ്രതികരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി കക്ഷി രാഷ്ട്രീയഭേദമന്യേ വിദ്യാര്‍ത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങേണ്ട സമയമാണിത്. അതാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. രാജ്യത്ത് ജനാധിപത്യമുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ പ്രതിഷേധിക്കാനുള്ള അവകാശം പൗരന് ലഭ്യമാകണം.

തയ്യാറാക്കിയത്: വി.ഹരീഷ്, ജിന്‍സി ബാലകൃഷ്ണന്‍, നസീബ ഹംസ, റഫീഖ് മൊയ്തീന്‍, കെ.എം ഷഹീദ്

Advertisement