ജമാലിനെ കൊന്നതാണെങ്കില്‍ അപലപിക്കല്‍ മാത്രം പോര, സൗദി നിയമത്തിനു മുമ്പില്‍ കണക്കുപറയണം: ഖഷോഗ്ജിയുടെ പ്രതിശ്രുതവധു
Middle East
ജമാലിനെ കൊന്നതാണെങ്കില്‍ അപലപിക്കല്‍ മാത്രം പോര, സൗദി നിയമത്തിനു മുമ്പില്‍ കണക്കുപറയണം: ഖഷോഗ്ജിയുടെ പ്രതിശ്രുതവധു
ന്യൂസ് ഡെസ്‌ക്
Sunday, 14th October 2018, 12:20 pm

 

റിയാദ്: ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയതാണെങ്കില്‍ അതിന് ഉത്തരവാദിയായവര്‍ കണക്കു പറയേണ്ടിവരുമെന്ന് ജമാലിന്റെ പ്രതിശ്രുതവധു. നിയമത്തിന്റെ എല്ലാ ശക്തിയുംവെച്ച് അവര്‍ ശിക്ഷിക്കപ്പെടുമെന്നും അവര്‍ ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

“മുഹമ്മദ് ബിന്‍ സല്‍മാന്റെ ദൂതന്മാരാല്‍ ജമാല്‍ കൊല്ലപ്പെട്ടെന്ന ആരോപണം ശരിയാണെങ്കില്‍ അദ്ദേഹം ഇതിനകം രക്തസാക്ഷിയായി. ആ നഷ്ടം എന്റേതുമാത്രമല്ല. ബോധവും ധാര്‍മ്മികയുമുള്ള എല്ലാ വ്യക്തിയുടേതുമാണ്. ജമാലിനെ നമുക്ക് ഇതിനകം നഷ്ടമായെങ്കില്‍ വെറും അപലപിക്കല്‍ മാത്രം പോര. അദ്ദേഹത്തിനെ ഞങ്ങളില്‍ നിന്നും പിടിച്ചെടുത്തവര്‍ ആരായാലും അവര്‍ ഏത് രാഷ്ട്രീയ നിലപാടുള്ളവരായാലും കണക്കു പറയണം.” എന്നാണ് അവര്‍ പറഞ്ഞത്.

കോണ്‍സുലേറ്റിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുതന്നെ ജമാലിന് അപകടം മണത്തിരുന്നെന്ന സൂചയും അവര്‍ ലേഖനത്തില്‍ നല്‍കുന്നുണ്ട്. ” ഞങ്ങള്‍ കോണ്‍സുലേറ്റിനുള്ളിലേക്ക് കടന്നപ്പോള്‍ അദ്ദേഹം നേരെ ഉള്ളിലേക്ക് പോയി. എന്റെ വിവരമൊന്നും ലഭിച്ചില്ലെങ്കില്‍ തുര്‍ക്കി അതോറിറ്റിയെ ഇക്കാര്യം അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.” എന്നാണ് അവര്‍ പറയുന്നത്.

Also Read:കേന്ദ്രം എച്ച്.എ.എല്ലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: മോദി സര്‍ക്കാരിനെതിരെ എച്ച്.എ.എല്‍ ജീവനക്കാര്‍

മെയില്‍ ഇസ്താംബുളിലെ കോണ്‍ഫറന്‍സില്‍ വെച്ചാണ് ജമാലിനെ ആദ്യമായി കാണുന്നത്. ആ പരിചയം പിന്നീട് പ്രണയമാവുകയായിരുന്നെന്നാണ് അവര്‍ ലേഖനത്തില്‍ വിശദീകരിക്കുന്നത്.

ജമാല്‍ ദേശസ്‌നേഹിയായിരുന്നെന്നും അവര്‍ പറയുന്നു. “അദ്ദേഹത്തെ വിമതന്‍ എന്ന് ആളുകള്‍ വിശേഷിപ്പിക്കുമ്പോള്‍ അദ്ദേഹമത് തള്ളുമായിരുന്നു. “രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി പേന ഉപയോഗിക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍.” എന്ന് അദ്ദേഹം പറയുമായിരുന്നു. അഭിമാനം പണയം വയ്ക്കാതെ എല്ലാം തുറന്നുപറയാനും എഴുതാനും ഉള്ള ഏക വഴിയെന്നതുകൊണ്ടാണ് അദ്ദേഹം സൗദി അറേബ്യ വിട്ടത്.” അവര്‍ പറയുന്നു.