ഇസ്‌ലാം ഫാസ്റ്റ് പോയ്‌സണ്‍, ക്രിസ്തുമതം സ്ലോ പോയ്‌സണ്‍, രണ്ടും ഭൂമിയില്‍ നിന്ന് തുടച്ചു നീക്കണം; വിദ്വേഷ പ്രസംഗവുമായി ഹിന്ദുത്വ നേതാവ്
national news
ഇസ്‌ലാം ഫാസ്റ്റ് പോയ്‌സണ്‍, ക്രിസ്തുമതം സ്ലോ പോയ്‌സണ്‍, രണ്ടും ഭൂമിയില്‍ നിന്ന് തുടച്ചു നീക്കണം; വിദ്വേഷ പ്രസംഗവുമായി ഹിന്ദുത്വ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st January 2022, 10:02 pm

ലഖ്‌നൗ: ഹരിദ്വാറിലെ മതവിദ്വേഷ പ്രസംഗത്തിന്റെ വിവാദങ്ങള്‍ക്കിടെ വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി തീവ്രഹിന്ദുത്വ നേതാക്കള്‍. ഇസ്‌ലാം മതവും ക്രിസ്ത്യന്‍ മതവും വിഷമാണെന്നും അവയെ ഭൂമിയില്‍ നിന്നും തന്നെ തുടച്ചു നീക്കണമെന്നുമാണ് ഹിന്ദുത്വ നേതാവിന്റെ പ്രസ്താവന.

മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ സി.ജെ. വെര്‍ലേമാന്‍ വിദ്വേഷപ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.

‘നമുക്ക് ഭീഷണിയുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റുകാരില്‍ നിന്നുമാണ്. നമുക്ക് ഭീഷണിയുണ്ടെങ്കില്‍ മസ്ജിദില്‍ പോകുന്നവരില്‍ നിന്നും ഈദ് മുബാറക് ആഘോഷിക്കുന്നവരില്‍ നിന്നുമാണ്. നമൂക്ക് ഭീഷണിയുണ്ടെങ്കില്‍ അത് ചര്‍ച്ചില്‍ പോകുന്നവരില്‍ നിന്നുമാണ്.

ഇത്തരം ഭീഷണികളെ നമ്മള്‍ ഭൂമിയില്‍ നിന്നും തുടച്ചു നീക്കണം. ഇസ്‌ലാം ഫാസ്റ്റ് പോയ്‌സണും ക്രിസ്ത്യന്‍ സ്ലോ പോയ്‌സണുമാണ്,’ വീഡിയോയില്‍ പറയുന്നു.

പുതുവത്സരം ആഘോഷിക്കുന്നതും ഹാപ്പി ന്യൂ ഇയര്‍ പറയുന്നതും നിര്‍ത്തണമെന്നും പറഞ്ഞ അയാള്‍ സാന്റാക്ലോസിനെയും വിമര്‍ശിച്ചു.

അടുത്ത് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ വെച്ചാണ് ഇയാളുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. ജാതിമത വോട്ടുബാങ്കുകളെ ലക്ഷ്യം വെക്കുന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന നിലപാടാണ് ഇവരുടേത്.

നേരത്തെ ഹരിദ്വാറില്‍ നടന്ന വിദ്വേഷ പ്രസംഗത്തിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടും ഹിന്ദുത്വവാദികള്‍ ഇത്തരം പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും അതിനുവേണ്ടി മുസ് ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുമെന്നതുള്‍പ്പടെയുള്ള ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തത്.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വ്യാപകപ്രതിഷേധവും ഉയര്‍ന്നിരുന്നു. ലോക ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരതിലോവയും ഇതിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഇവര്‍ക്കെതിരെയുള്ള പ്രതിഷേധം രൂക്ഷമായതിന് പിന്നാലെയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കാനെങ്കിലും തയ്യാറായത്.

എന്നാല്‍ ചെറിയ വകുപ്പുകള്‍ മാത്രമാണ് പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.കൊലപാതക ആഹ്വാനം മാത്രമായിരുന്നു അവര്‍ നടത്തിയതെന്നും, എന്നാല്‍ കൊലപാതകം നടക്കാത്തതിനാല്‍ ഇവര്‍ക്കെതിരെ യു.എ.പി.എ പോലുള്ള കടുത്ത നിയമങ്ങള്‍ ചുമത്താന്‍ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് പറഞ്ഞത്.

മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

ഡിസംബര്‍ 17 മുതല്‍ 20വരെ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.

സംഭവത്തിന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് നടപടി എടുത്തത്.

പരിപാടിയില്‍ വാളുകളും ത്രിശൂലങ്ങളും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അത് പരമ്പരാഗതമായ കാര്യങ്ങളാണെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആയുധങ്ങളൊന്നും വാങ്ങിയില്ലെന്നുമായുന്നു പൊലീസ് ഭാഷ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Hate speech by Hindutva leader says Islam Christianity and Communism  should be abolish from world