വ്യാജ വീഡിയോയുമായി കേരളത്തിനെതിരെ വിദ്വേഷ പ്രചരണം; പോസ്റ്റ് മുക്കി അനില്‍ ആന്റണി
Kerala News
വ്യാജ വീഡിയോയുമായി കേരളത്തിനെതിരെ വിദ്വേഷ പ്രചരണം; പോസ്റ്റ് മുക്കി അനില്‍ ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2023, 6:00 pm

തിരുവനന്തപുരം: വ്യാജ വീഡിയോയിലൂടെ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തി ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍.കെ. ആന്റണി. ഹിജാബ് ധരിച്ച കുട്ടികള്‍ ബസില്‍ ബഹളം വെക്കുന്നതിന് കാരണമായ ദൃശ്യങ്ങള്‍ നീക്കം ചെയ്ത വീഡിയോ ഉപയോഗിച്ചാണ് അനില്‍ ആന്റണി വിദ്വേഷ പ്രചരണം നടത്തിയത്. കൂടാതെ വടക്കന്‍ കേരളത്തില്‍ ഹിജാബ് ധരിക്കാതെ ബസില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് അനില്‍ ആന്റണി എക്‌സില്‍ കുറിച്ചു.

ബസിലെ യാത്രക്കിടയില്‍ മുസ്ലിം കുട്ടികളൂം മധ്യവയസ്‌ക്കയായ സ്ത്രീയും തമ്മിലുള്ള വാക്കുതര്‍ക്കം മത വിദ്വേഷത്തിന്റെ പേരിലാണെന്ന രീതിയില്‍ വീഡിയോ ദൃശ്യങ്ങള്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്. അമുസ്ലിമായതിനാലാണ് സ്ത്രീയെ പര്‍ദ്ദ ധരിച്ച കുട്ടികള്‍ ബസില്‍ നിന്ന് ഇറക്കിവിടുന്നതെന്നാണ് സംഘപരിവാര്‍ അവകാശപ്പെടുന്നത്. അതേ വീഡിയോ പങ്കുവെച്ചതിനാലാണ് അനില്‍ ആന്റണിക്കെതിരെ വിമര്‍ശനം ഉയരുന്നത്.

കാസര്‍ഗോഡ് കുമ്പളം – മുള്ളേരിയ റൂട്ടില്‍ ഓടുന്ന ബസിലാണ് സംഭവം നടന്നത്. പര്‍ദ്ദ ധരിച്ച വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്ന സ്ത്രീക്കെതിരെ ഉച്ചത്തില്‍ സംസാരിക്കുന്നതും ദേഷ്യപെടുന്നതുമാണ് വീഡിയോ ദൃശ്യം. സ്റ്റോപ്പില്ലാത്ത ഇടത്ത് നിന്നാണ് സമീപത്തെ വനിതാ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയത്.

അതിനെ തുടര്‍ന്ന് കുറച്ച് മുന്നെയായി സ്റ്റോപ്പുണ്ടല്ലോ അവിടെ നിന്ന് കേറാമായിരുന്നില്ലേയെന്ന് മുതിര്‍ന്ന സ്ത്രീ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സ്ത്രീയോട് ദേഷ്യപെടുകയുണ്ടായി. എന്നാല്‍ തെറ്റായ തലക്കെട്ടുകളോടെ വലതുപക്ഷ അനുയായികള്‍ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.

ഇന്ത്യ മുന്നണിയിലെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഭരിക്കുന്ന കേരളത്തിലെ ഇത്തരം അവസ്ഥകള്‍ രാജവ്യാപകമായി നടപ്പിലാക്കാനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നതെന്നാണ് അനില്‍ ആന്റണി കുറിച്ചത്.

Content Highlight: Hate propaganda against Kerala with fake video; Anil Antony sinks the post