കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെ സമൂഹം ഭയക്കുന്ന സാഹചര്യം മാറേണ്ടതുണ്ട്; കോളജിലെ ഫോണ്‍നിയന്ത്രണത്തെ ചോദ്യം ചെയ്ത് വിദ്യാര്‍ഥിയുടെ പിതാവ്
Kerala
കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെ സമൂഹം ഭയക്കുന്ന സാഹചര്യം മാറേണ്ടതുണ്ട്; കോളജിലെ ഫോണ്‍നിയന്ത്രണത്തെ ചോദ്യം ചെയ്ത് വിദ്യാര്‍ഥിയുടെ പിതാവ്
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 2:25 pm

 

കോഴിക്കോട്: കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭയം മാറേണ്ടതുണ്ടെന്നും അതിനുവേണ്ടിയാണ് തന്റെ ശ്രമമെന്നും മൊബൈല്‍ ഫോണ്‍ നിയന്ത്രണത്തെ ചോദ്യം ചെയ്ത് പരാതി നല്‍കിയ വിദ്യാര്‍ഥിയുടെ പിതാവ് ഹക്‌സര്‍.

ഈ ലോകം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തെ പുതിയ തലമുറയില്‍ നിന്ന് മാറ്റുകയെന്നു പറയുന്നത് അവരെ അപൂര്‍ണരാക്കലാണ്. ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗിക്കാന്‍ അവരെ പാകപ്പെടുത്തുകയാണ് വേണ്ടതെന്നും ഹക്‌സര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഫഹീമ ഷിറിനാണ് മൊബൈല്‍ നിയന്ത്രണം ചോദ്യം ചെയ്ത് പരാതി നല്‍കിയത്. വൈകുന്നേരം ആറുമുതല്‍ രാത്രി പത്തുമണിവരെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് ചേളന്നൂര്‍ എസ്.എന്‍ കോളജ് മാനേജ്‌മെന്റിന്റെ നിര്‍ദേശം. പഠന നിലവാരം ഉറപ്പാക്കാനാണിതെന്നാണ് മാനേജ്‌മെന്റ് വാദം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പക്ഷം ഹോസ്റ്റലില്‍ നിന്ന് മാറണമെന്നാണ് പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം. ഇതിനെയാണ് ഹക്‌സര്‍ ചോദ്യം ചെയ്യുന്നത്.

ദുരുപയോഗ ഭയം കൊണ്ട് അതിനെ മാറ്റിനിര്‍ത്താനാണ് അധ്യാപക സമൂഹവും രക്ഷാകര്‍തൃ സമൂഹവും ശ്രമിക്കുന്നത്. ആ പഴഞ്ചന്‍ ബോധത്തില്‍ അവര്‍ കുടുങ്ങിക്കിടക്കുകയാണ്. മകളുടെ താമസ പ്രശ്‌നം എന്ന രീതിയില്‍ മാത്രമല്ല ഞാനിതിനെ കാണുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നിയന്ത്രണം വെയ്ക്കുകയെന്ന പ്രശ്‌നം ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്. സമൂഹം അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം ക്ലാസു മുതല്‍ തന്നെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് പഠിപ്പിച്ചു നല്‍കണമെന്നാണ് തന്റെ അഭിപ്രായം. അതിന്റെ സാധ്യതകള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. ദുരുപയോഗം ഭയന്ന് അവരില്‍ നിന്നത് മാറ്റിനിര്‍ത്തുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മൊബൈല്‍ നിയന്ത്രണത്തിനെതിരെ കോളജ് യൂണിയന് ഇതിനകം തന്നെ പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകശ കമ്മീഷനും വനിതാ കമ്മീഷനും, യൂണിവേഴ്‌സിറ്റി അധികാരികള്‍ക്കും ഉടന്‍ തന്നെ പരാതി നല്‍കും. എന്നിട്ടും പരിഹരിക്കപ്പെടുന്ന അവസ്ഥയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഹക്‌സര്‍ പറഞ്ഞു.

ഇന്ന കാരണംകൊണ്ട് പുറത്താക്കുന്നുവെന്ന് രേഖാമൂലം എഴുതി തരാതെ മകള്‍ ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യില്ലെന്നും ഹക്‌സര്‍ പറഞ്ഞു.