സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
ഷമി വിവാദം: പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ നടുറോഡില്‍ നിയന്ത്രണം വിട്ട് ഭാര്യ ഹസിന്‍ ജഹാന്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th March 2018 2:56pm

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരായ വിവാദത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ഭാര്യ ഹസിന്‍ ജഹാന്‍. ഷമി വിഷയത്തില്‍ വിവാദം തുടരുന്നതിനിടെയാണ് ഹസിന്‍ ജഹാന്‍ ‘നെറ്റ്‌വര്‍ക്ക് 18’ മാധ്യമ പ്രവര്‍ത്തകരോട് നിയന്ത്രണം വിട്ട് പെരുമാറിയത്.

മാധ്യമപ്രവര്‍ത്തകര്‍ ഷമിയെക്കുറിച്ച് ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും കേസിന്റെ വിശദാംശങ്ങളെക്കുറിച്ചും ചോദ്യം ചോദിച്ചപ്പോഴാണ് ജഹാന്‍ നിയന്ത്രണം വിട്ട് പെരുമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകരുടെ കാറിനു മുകളില്‍ അടിക്കുന്ന ഹസിന്‍ ജഹാന്‍ സംഭവത്തെക്കുറിച്ച് രൂക്ഷമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ഷമിക്കെതിരായ കേസുകളില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഷമിയുടെ ഫോണ്‍ പൊലീസ് കണ്ടുകെട്ടി.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം യാത്ര ചെയ്തതിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് അന്വേഷണസംഘം ബി.സി.സി.ഐയ്ക്ക് കത്തയച്ചിട്ടുമുണ്ട്.

മറ്റനവധി സ്ത്രീകളുമായി സംസാരിച്ചതിന്റെയും ചാറ്റ് ചെയ്തതിന്റെയും വിവരങ്ങള്‍ പിടിച്ചെടുത്ത ഫോണില്‍ നിന്ന് ലഭിച്ചിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേസില്‍ പരാതിക്കാരിയായ ഷമിയുടെ ഭാര്യയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇവരില്‍ നിന്നാണ് ഷമിയുടെ ഫോണ്‍ വാങ്ങിയത്.

അതേസമയം തന്റെ കൈയ്യിലുള്ള ചില രേഖകള്‍ ഹസിന്‍ പൊലീസിന് കൈമാറിയതാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഷമിക്കെതിരായ ആരോപണങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിലാണ് ഷമിയുടെ കുടുംബം. ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഷമിയുടെ കുടുംബാംഗങ്ങള്‍ ഹസിന്‍ ജഹാന്റെ അഭിഭാഷകനുമായി സംസാരിച്ചിരുന്നു.

Advertisement