എഡിറ്റര്‍
എഡിറ്റര്‍
ഐ.എ.എസ് ഓഫീസറുടെ മകളെ ആക്രമിച്ച ബി.ജെ.പി നേതാവിന്റെ മകന് മണിക്കൂറുകള്‍ക്കകം ജാമ്യം: ചുമത്തിയത് നിസാര വകുപ്പുകള്‍
എഡിറ്റര്‍
Sunday 6th August 2017 9:36am

 


ഛണ്ഡീഗഢ്: ഐ.എ.എസ് ഓഫീസറുടെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവിന്റെ മകന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം. ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ ബറാലയുടെ മകന്‍ വികാസ് ബറാലയ്ക്കാണ് കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പു തന്നെ പൊലീസ് ജാമ്യം അനുവദിച്ചത്.

മകളെ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പരാതി നല്‍കിയെങ്കിലും ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഐ.എ.എസ് ഓഫീസര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.


Also Read:ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കുനേരെ ആയുധമെടുത്ത് ജനങ്ങള്‍: പൂനയില്‍ ടെമ്പോ തടഞ്ഞുവെച്ച ഗോരക്ഷകര്‍ക്ക് മര്‍ദ്ദനം


വെള്ളിയാഴ്ച അര്‍ധരാത്രി പെണ്‍കുട്ടി കാറില്‍ വീട്ടിലേക്കു തിരിക്കവെയായിരുന്നു സംഭവം. വികാസും സുഹൃത്ത് ആഷിഷും അരമണിക്കൂറോളം തന്നെ പിന്തുടര്‍ന്ന് കാറിന്റെ വാതില്‍ തുറയ്ക്കാനും വാഹനത്തിനുമേല്‍ ഇടിയ്ക്കാനും ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

പെണ്‍കുട്ടി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരും മദ്യപിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഏഴുകിലോമീറ്ററോളമാണ് ഇവര്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നത്.

പിന്നീട് പെണ്‍കുട്ടി ഇക്കാര്യം പൊലീസില്‍ പരാതിപ്പെടുകയും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളെ അറസ്റ്റു ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

‘ രണ്ടു പെണ്‍കുട്ടികളുടെ പിതാവെന്ന നിലയില്‍ ഈ വിഷയത്തില്‍ പരാതി നല്‍കുകയെന്നത് എന്റെ ബാധ്യതയാണ്. ഈ ഗുണ്ടകള്‍ ശിക്ഷിക്കപ്പെടണം. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. പ്രതീക്ഷിച്ചതുപോലെ ഗുണ്ടകള്‍ സ്വാധീനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പല പീഡനക്കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും പോകുകയാണ്.

രാഷ്ട്രീയ സ്വാധീനമുള്ള വീട്ടിലെ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പലരും മടിക്കുകയാണ്. ചില വിശേഷാധികാരമുള്ള ഞങ്ങളെപ്പോലുള്ളവര്‍ ഇതിനെതിരെ നിലകൊണ്ടില്ലെങ്കില്‍ ഇന്ത്യയില്‍ മറ്റാര്‍ക്കും അതിനു കഴിയില്ലെന്നാണ് എനിക്കു തോന്നുന്നത്.’ പെണ്‍കുട്ടിയുടെ പിതാവ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

Advertisement