ഹരിയാനയില്‍ റസ്റ്ററന്റുകളിലും ബാറിലും ഹുക്ക നിരോധിച്ചു
national news
ഹരിയാനയില്‍ റസ്റ്ററന്റുകളിലും ബാറിലും ഹുക്ക നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th September 2023, 7:10 pm

ചണ്ഡീഗഢ്: സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബാറുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ഹുക്ക നിരോധിച്ച് ഹരിയാന സര്‍ക്കാര്‍. സംസ്ഥാനം ലഹരിമുക്തമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ തീരുമാനമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

മയക്കുമരുന്ന് വിപത്ത് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ഹരിയാനയിലെ കര്‍ണാലിയില്‍ സംഘടിപ്പിച്ച സൈക്ലോത്തോണ്‍ ക്യാമ്പെയ്‌നില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

‘മയക്കുമരുന്നിനെതിരായ ഞങ്ങളുടെ കാമ്പയിന്‍ തുടരും. സൈക്ലോത്തോണ്‍ കാമ്പെയ്ന് വിജയം കാണുന്നുണ്ട്. മയക്കുമരുന്നിന് അടിമകളായവരെ ഡീ-അഡിക്ഷന്‍ സെന്ററുകളിലേക്ക് കൊണ്ടുപോകുന്നതിനും അവരുടെ പുനരധിവാസത്തിന് സഹായിക്കുന്നതിനുമായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന കാമ്പെയ്നുകളില്‍ സഹകരിക്കണമെന്ന് ഞാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

കള്ളക്കടത്തുകാരുടെ വിതരണ ശൃംഖലയെ സര്‍ക്കാര്‍ നശിപ്പിക്കുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നമെന്നും പരിപാടിക്കിടെ ഹരിയാന മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാണിജ്യ സ്ഥാപനങ്ങളില്‍ ഹുക്ക നിരോധിക്കണമെന്ന് ഹരിയാന നിയമസഭാ സ്പീക്കര്‍ ജിയാന്‍ ചന്ദ് ഗുപ്ത ആവശ്യപ്പെട്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. മേയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഗുപ്ത മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ബാറുകളിലും ക്ലബ്ബുകളിലും ഹുക്ക വലിക്കുന്നത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അത് ഗുരുതര പ്രശ്‌നമാണെന്നും സ്പീക്കര്‍ സൂചിപ്പിച്ചിരുന്നു.

സെപ്റ്റംബര്‍ ഒന്നിനാണ് ഹരിയാന മുഖ്യമന്ത്രി സൈക്ലോത്തണ്‍ ക്യാമ്പെയ്‌ന് ഫ്‌ലാഗ് ഓഫ് ചെയ്തത്. സെപ്റ്റംബര്‍ 25 തിങ്കളാഴ്ച ക്യാമ്പെയ്ന്‍ സമാപിച്ചു. 25 ദിവസത്തെ സൈക്ലോത്തോണ്‍ ക്യാമ്പെയ്ന്‍
ഏകദേശം 2,000 കിലോമീറ്ററുകളുകള്‍ കവര്‍ ചെയ്തു.

ഹുക്ക ബാറുകള്‍ നിരോധിക്കാനും പുകയില ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയര്‍ത്താനും കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് വന്നിരുന്നു. ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി സിഗരറ്റ്, മറ്റ് പുകയില ഉല്‍പന്നങ്ങള്‍ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

12 മുതല്‍ 25 വയസ് വരെയുള്ളവരാണ് കൂടുതലായി ഹുക്ക ബാറുകള്‍ സന്ദര്‍ശിക്കുന്നതെന്നും പുകയില ഉപഭോഗം അവസാനിപ്പിക്കുന്നതിനായി നിയമം പാസാക്കണമെന്നും ഗുണ്ടു റാവു പറഞ്ഞു.

സ്‌കൂളുകള്‍ക്ക് പുറമെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ പരിസരങ്ങളിലും പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപഭോഗവും നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

Content Highlights: Haryana bans Hookah in Bars and Restaurants