ആ ഇതിഹാസത്തെ പോലെ തോന്നുന്നു; സഞ്ജുവിനെ പുകഴ്ത്തി ഹര്‍ഷ ഭോഗ്ലെ
IPL
ആ ഇതിഹാസത്തെ പോലെ തോന്നുന്നു; സഞ്ജുവിനെ പുകഴ്ത്തി ഹര്‍ഷ ഭോഗ്ലെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th May 2022, 4:21 pm

 

ഐ.പി.എല്ലിലെ ഫാന്‍ ഫേവറിറ്റുകളില്‍ പ്രധാനിയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. സഞ്ജുവിനൊപ്പം ജോസ് ബട്ലറും അശ്വിനും ചഹലും മറ്റ് സൂപ്പര്‍ താരങ്ങളും ഒന്നിക്കുമ്പോള്‍ രാജസ്ഥാന്‍ മികച്ച ടീമായി തന്നെ തുടരുന്നുണ്ട്.

വളരെ മികച്ച രീതിയലാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാന്‍ ഈ സീസണില്‍ കളിച്ചത്. പ്ലേ ഓഫ് വരെ എത്തിനില്‍ക്കുന്ന റോയല്‍സിന്റെ തേരോട്ടത്തില്‍ ക്യാപ്റ്റനായും കളിക്കാരനായും പക്വതയുള്ള പ്രകടനമാണ് സഞ്ജു നടത്തിയിട്ടുള്ളത്.

ഒരുപക്ഷെ സഞ്ജുവിന്റെ ഏറ്റവും വലിയ ആരാധകനായിരിക്കും ക്രിക്കറ്റ് നീരിക്ഷകനും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ. സഞ്ജു ബാറ്റ് ചെയ്യുമ്പോഴെല്ലാം കമന്ററി ബോക്‌സിലിരുന്നു പ്രശംസ കൊണ്ട് മൂടാന്‍ ഭോഗ്ലെ മടിക്കാറില്ല.

ഇപ്പോഴിതാ സഞ്ജുവിനെ ധോണിയോട് ഉപമിക്കുന്ന ഭോഗ്ലെയുടെ ഒരു വീഡിയോ ആണ് വൈറലാവുന്നത്. വിക്കറ്റ് കീപ്പര്‍ ആയതുകൊണ്ടാണോ എന്നറിയില്ല, പക്ഷെ നിങ്ങള്‍ സംസാരിക്കുമ്പോള്‍ ധോണിയെ പോലെ തോന്നുന്നു എന്നായിരുന്നു ഭോഗ്ലെയുടെ വാക്കുകള്‍

ഐ.പി.എല്ലില്‍ നേരത്തെ നടന്ന ഒരു മത്സര ശേഷമുള്ള അഭിമുഖത്തിലാണ് ഭോഗ്ലെ ഈ കാര്യം പറഞ്ഞത്.

ഈ ഫോര്‍മാറ്റില്‍ (ടി-20) ഒരുപാട് ചിന്തിക്കാനോ അനലൈസ് ചെയ്യാനോ നമുക്ക് സാധിക്കില്ല, റിസള്‍ട്ടിനെ കുറിച്ച് വ്യാകുലനാകാതെ ഗ്രൗണ്ടില്‍ ഇറങ്ങി നന്നായിട്ട് കളിക്കുക എന്നതാണ് പ്രധാനമെന്ന സഞ്ജുവിന്റെ അഭിപ്രായം കേട്ടാണ് ഹര്‍ഷ ഇങ്ങനെ പറഞ്ഞത്.

ധോണിയും എകദേശം ഇങ്ങനെ ചിന്തിക്കുന്ന ക്യാപ്റ്റനാണ്. ഒരിക്കലും കാണികള്‍ക്ക് വേണ്ടി കളിക്കരുത് എന്നാണ് ധോണിയുടെ പക്ഷം. ടീമിലെ കളിക്കാരെ മാനേജ് ചെയ്യുന്നതിലും സഞ്ജു ധോണിയെ അനുസ്മരിപ്പിക്കുന്നുണ്ട്.

സഞ്ജുവിനു വേണ്ടി ട്വീറ്ററില്‍ നിരന്തരം ഹര്‍ഷ ഭോഗ്ലെ വാദിക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യന്‍ ടീം സെലക്ഷനില്‍ സഞ്ജുവിനെ ഉള്‍പെടുത്താതില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ച് രംഗത്തുവന്നിരുന്നു.

Content Highlight: Harsha Bhogle compares Sanju Samson with MS Dhoni