മഗ്‌സസെ അവാര്‍ഡ് വേണ്ടെന്ന് പറയാന്‍ രാഷ്ട്രീയ- ചരിത്ര കാരണങ്ങളാല്‍ വ്യക്തികളോ പ്രസ്ഥാനങ്ങളോ ഉണ്ടെന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു: ഹരീഷ് വാസുദേവന്‍
Kerala News
മഗ്‌സസെ അവാര്‍ഡ് വേണ്ടെന്ന് പറയാന്‍ രാഷ്ട്രീയ- ചരിത്ര കാരണങ്ങളാല്‍ വ്യക്തികളോ പ്രസ്ഥാനങ്ങളോ ഉണ്ടെന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു: ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th September 2022, 2:16 pm

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മഗ്‌സസെ അവാര്‍ഡ് നിരസിച്ചതില്‍ പ്രതികരണവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സി.പി.ഐ.എമ്മിന്റെ അനുമതി ഇല്ലാത്തത് കൊണ്ടാണ് ശൈലജ അവാര്‍ഡ് നിരസിച്ചത് എന്ന റിപ്പോര്‍ട്ടിന്മേലാണ് പ്രതികരണം.

മഗ്‌സസെ അവാര്‍ഡ് വേണ്ടെന്ന് പറയാന്‍ രാഷ്ട്രീയ- ചരിത്ര കാരണങ്ങളാല്‍ വ്യക്തികളോ പ്രസ്ഥാനങ്ങളോ ഉണ്ടെന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു, എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞത്.

”രാഷ്ട്രീയ- ചരിത്ര കാരണങ്ങളാല്‍ രമണ്‍ മഗ്‌സസേയുടെ പേരിലുള്ള അവാര്‍ഡ്, അതെത്ര വലിയ തുകയുടെ ആണെങ്കിലും, വേണ്ടെന്ന് പറയാന്‍ ഈ ലോകത്ത് വ്യക്തികളോ പ്രസ്ഥാനങ്ങളോ ഉണ്ടെങ്കില്‍, അതീ ലോകത്തെപ്പറ്റിയുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ചരിത്രബോധമുണ്ടാകുക എന്നത് അധികപ്പറ്റാവുന്ന കാലത്ത് പ്രത്യേകിച്ചും,” ഹരീഷ് വാസുദേവന്‍ പറഞ്ഞു.

20 വര്‍ഷങ്ങള്‍ക്ക് ശേഷം അദാനി വലിയൊരു അവാര്‍ഡ് പ്രഖ്യാപിക്കുകയും, പബ്ലിക് ഡൊമൈന്‍ മുഴുവന്‍ അദാനിയുടെ വാഴ്ത്തുകള്‍ മാത്രം ഉണ്ടാവുകയും, അതിന് അര്‍ഹമായ ഒരാള്‍ ‘അദാനിയുടെ പണത്തില്‍ ഈ രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ചോരയുടെ മണമുണ്ട്’ എന്ന കാരണത്താല്‍ അത് നിഷേധിക്കുകയും ചെയ്താല്‍ അതിലും വലിയ തിരിച്ചടിയുണ്ടോ എന്നും പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നു.

”നിഷേധിക്കുന്ന ആള്‍ക്ക് വട്ടാണെന്ന് ചരിത്രബോധമില്ലാത്ത വലതുപക്ഷം പരിഹസിച്ചേക്കാം. ആര്‍ക്ക് മനസിലായില്ലെങ്കിലും അടി കിട്ടുന്നവര്‍ക്ക് മനസ്സിലാകേണ്ടതാണ്.

ലോകം മുഴുവന്‍ വിലയ്ക്ക് വാങ്ങാനുള്ള പണമുണ്ടാക്കിയാലും ചരിത്രത്തെയും ചരിത്രബോധമുള്ളവരെയും വിലയ്ക്കെടുക്കാന്‍ പറ്റില്ലെന്ന ബോധ്യം വല്ലപ്പോഴുമെങ്കിലും ഈ ലോകത്ത് ബാക്കിയാവുന്നത് നല്ല ലക്ഷണമാണ്,” ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.

ഐ.എം.എഫിന്റെ ലോണ്‍ വാങ്ങുമ്പോഴും മസാലബോണ്ട് വാങ്ങുമ്പോഴും ഇല്ലാത്ത എന്ത് പ്രത്യയശാസ്ത്ര പ്രശ്‌നമാണ് മഗ്‌സസേ അവാര്‍ഡില്‍ ഉള്ളതെന്ന് മാധ്യമങ്ങള്‍ തിരിച്ച് ചോദിച്ചേക്കാം. പൊതുവില്‍ അംഗീകാരം നേടിയ, പണവും പ്രശസ്തിയും ഉള്ളൊരാള്‍ ചരിത്രപരമായി തെറ്റാണെന്ന് പറയാനുള്ള കാരണങ്ങള്‍ എന്താണെന്ന് ജനങ്ങളോട് പാര്‍ട്ടി വിശദീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മഗ്‌സസെ അവാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചതായാണ് വിവരം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു മുന്‍ മന്ത്രി ശൈലജയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്.

സംസ്ഥാനത്ത് നിപ, കൊവിഡ് പകര്‍ച്ച നിയന്ത്രിക്കുന്നതിന് ഫലപ്രദമായി നേതൃത്വം നല്‍കിയതും പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതക്കുമാണ് രമണ്‍ മഗ്‌സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64ാമത് മഗ്‌സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

നിപ ബാധയും കൊവിഡ് പകര്‍ച്ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള തലത്തില്‍ തന്നെ അംഗീകാരം നേടിയിരുന്നു.

എന്നാല്‍, ആരോഗ്യ മന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിക്കുന്നത്. നിപക്കും കൊവിഡ് മഹാമാരിക്കുമെതിരായ സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ ഒരു കൂട്ടായ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാല്‍ അവരുടെ വ്യക്തിഗത ശേഷിയില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ല എന്ന് പാര്‍ട്ടി നിലപാട് സ്വീകരിച്ചതായാണ് വിവരം.

ഇതേത്തുടര്‍ന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചത്. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചൊതുക്കിയ മഗ്‌സസെയുടെ പേരിലുള്ളതിനാല്‍ അവാര്‍ഡ് സ്വീകരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്.

ഏഷ്യയുടെ നൊബേല്‍ സമ്മാനമായി പരക്കെ അറിയപ്പെടുന്ന രമണ്‍ മഗ്‌സസെ അവാര്‍ഡ് അന്തരിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ്.

Content Highlight: Hareesh Vasudevan reacts to CPIM and K.K. Shailaja’s decision to not receive the Ramon Magsaysay award