കുറേ പാകിസ്ഥാനികള്‍ ചുറ്റും വന്നു, ഒപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി: ഹരീഷ് പേരടി
Movie Day
കുറേ പാകിസ്ഥാനികള്‍ ചുറ്റും വന്നു, ഒപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി: ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th June 2022, 1:50 pm

നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും സജീവമായ ശേഷം മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ നടനാണ് ഹരീഷ് പേരടി. 2012 ല്‍ പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്‍ എന്ന കഥാപാത്രമാണ് ഹരീഷ് പേരടിയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്. അതിന് ശേഷം തമിഴിലും മലയാളത്തിലുമായി ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ഹരീഷ് പേരടിയെ തേടിയെത്തി.

സിനിമയിലേക്കുള്ള വരവിനെ പറ്റിയും തന്റെ ട്രേഡ് മാര്‍ക്കായ മുടിയെപറ്റിയുമൊക്കെ സംസാരിക്കുകയാണ് ഹരീഷ് പേരടി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മറക്കാനാവാത്ത ചില അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. സീരിയലില്‍ അഭിനയിച്ച കാലത്തെ കുറിച്ചും ഇന്ന് തമിഴ് തെലുങ്ക് സിനിമകളില്‍ ലഭിക്കുന്ന അവസരങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്.

കായംകുളം കൊച്ചുണ്ണി എന്ന സീരിയലില്‍ കാക്കശങ്കരന്‍ എന്ന കഥാപാത്രത്തിന് നീളത്തിലുള്ള മുടിയുണ്ടായിരുന്നു. മറ്റ് സീരിയലുകളില്‍ അഭിനയിച്ചപ്പോഴും ഞാന്‍ മുടി ഇങ്ങനെ തന്നെ വെച്ചു. പ്രധാന്യമുള്ള ഒരു സിനിമ വരട്ടെ എന്നിട്ട് വെട്ടാം എന്നായിരുന്നു ചിന്തിച്ചത്. അന്നൊക്കെ എവിടേക്ക് ഇറങ്ങിയാലും കാക്കേ എന്ന് വിളിച്ച് ആരെങ്കിലുമൊക്കെ കാക്കശങ്കരനെ പരിചയപ്പെടാന്‍ വരും. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ മേക്കപ്പ് ടെസ്റ്റിന്റെ സമയത്താണ് മുടിവെട്ടുന്നത്.

ഇനിയെന്നെ ആരെങ്കിലും തിരിച്ചറിയുമോ എന്ന് എന്നെനിക്കൊരു കൗതുകം തോന്നിയിരുന്നു. എറണാകുളം കത്രിക്കടവ് റോഡിലെ ബിവറേജ് ഔട്ട് ലെറ്റില്‍ ചെന്ന് ഞാന്‍ ക്യൂ നിന്നു. ഒരാള്‍ക്കും എന്നെ മനസിലായില്ല. പക്ഷേ നേരെ തിരിച്ചൊരു അനുഭവം വളരെ കാലത്തിന് ശേഷം ഉണ്ടായി. അത് അബുദാബി എയര്‍പോര്‍ട്ടില്‍ വെച്ചാണ്.

കുറേ പാകിസ്ഥാനികള്‍ ചുറ്റും വന്നു നിന്നു. ഒപ്പം ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ഇവര്‍ക്കിത് എന്നെ എങ്ങനെ അറിയാമെന്ന് ആലോചിച്ചു. അപ്പോഴാണ് അറിയുന്നത് തമിഴ് സിനിമകളുടെ ഹിന്ദി റീമേക്കുകള്‍ അവര്‍ കാണാറുണ്ട്. അങ്ങനെ അവര്‍ തിരിച്ചറിഞ്ഞപ്പോള്‍ നല്ല സന്തോഷം തോന്നി,’ ഹരീഷ് പേരടി പറഞ്ഞു.

തമിഴ് സിനിമകളില്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങളെ കുറിച്ചും ഹരീഷ് പേരടി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ‘കാക്കമുട്ട’യുടെ സംവിധായകന്‍ മണികണ്ഠന്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയിലെ ഒരു രംഗം കണ്ട് എന്നെ വിളിച്ചു.

ആണ്ടവന്‍ കട്ടലൈ എന്ന ചിത്രം. വിജയ് സേതുപതി നായകന്‍. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. വിജയ് സേതുപതി തന്നെയാണ് വിക്രം വേദയുടെ തിരക്കഥ വന്നപ്പോള്‍ സേട്ട എന്ന കഥാപാത്രത്തിന് എന്നെ നിര്‍ദേശിക്കുന്നത്.

തമിഴ്‌നാട്ടില്‍ ആ കഥാപാത്രത്തിന്റെ പേരിലാണ് ആളുകള്‍ എന്നെ വിളിക്കുന്നത് എന്നത് ഒരു സന്തോഷം. പിന്നാലെ വിജയ്‌ക്കൊപ്പം മെര്‍സല്‍. കൈതിയും വിക്രവും ഉള്‍പ്പെടെ കുറേയേറെ തമിഴ് ചിത്രങ്ങള്‍. തെലുങ്കിലും അവസരങ്ങള്‍ ലഭിച്ചു. തമിഴില്‍ നാല്പത് സിനിമകളില്‍ അഭിനയിച്ചു, ഹരീഷ് പേരടി പറഞ്ഞു.

Content Highlight: Hareesh Perady about his cinema life and career and old memories