ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Malayalam Cinema
അജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഒരു ഹര്‍ത്താല്‍ നടന്നത് ശ്യാം അറിഞ്ഞില്ലേ; ഹരീഷ് പേരഡി
ന്യൂസ് ഡെസ്‌ക്
Wednesday 20th February 2019 11:43pm

കോഴിക്കോട്: സന്ദേശം സിനിമയെ വിമര്‍ശിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതിവിധിക്ക് പിന്നാലെ കേരളത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനെ ചൂണ്ടിക്കാട്ടിയാണ് ശ്യാം പുഷ്‌കരന് ഹരീഷ് മറുപടി നല്‍കിയത്.

‘ഒരു അജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് ശ്യാം പുഷ്‌ക്കരന്‍ അറിഞ്ഞില്ലേ ?.അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയം’ എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

Read Also  : ‘സന്ദേശം എന്ത് സന്ദേശമാണ് നൽകുന്നത്?’; ചർച്ചയായി ശ്യാം പുഷ്‌ക്കരന്റെ ‘സന്ദേശം’ റിവ്യൂ

ശബരിമലവിവാദക്കാലത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ വേണുഗോപാലന്‍ നായര്‍ എന്നൊരാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണം ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചാണ് എന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. അന്ന് സന്ദേശം സിനിമയിലെ സമാനമായ രംഗം ചൂണ്ടിക്കാട്ടി ഹര്‍ത്താലിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിരുന്നു. അതാണ് ഹരീഷും ചൂണ്ടിക്കാട്ടുന്നത്.

‘സന്ദേശം’ പ്രത്യേകിച്ച് സന്ദേശമൊന്നും നല്‍കുന്നില്ലെന്നും അതൊരു അരാഷ്ട്രീയ സിനിമയാണെന്നുമാണ് ശ്യാം അഭിപ്രായപ്പെട്ടത്. മാത്രമല്ല, ചിത്രം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് എതിരായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ അനുകൂലിക്കുന്ന വ്യക്തിയാണെന്നും, കുട്ടികള്‍ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടായിരിക്കേണ്ടവരാണെന്നും ശ്യാം മനോരമ റേഡിയോ മാങ്കോയുടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ പിറന്ന സിനിമയാണ് ‘സന്ദേശം’. ശ്രീനിവാസന്‍, ജയറാം, തിലകന്‍, കവിയൂര്‍ പൊന്നമ്മ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Advertisement