ടോസ് നേടിയതില്‍ ആര്‍ത്തുവിളിച്ച് ഹര്‍ദിക്; ട്വിറ്ററില്‍ ആഘോഷം
IPL
ടോസ് നേടിയതില്‍ ആര്‍ത്തുവിളിച്ച് ഹര്‍ദിക്; ട്വിറ്ററില്‍ ആഘോഷം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd May 2022, 8:18 pm

ഐ.പി.എല്ലിലെ 48ാമത് മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ടോസിനിടെ നടന്ന ചില രസകരമായ സംഭവങ്ങള്‍ കാരണമാണ് സംഭവം ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും മായങ്ക് അഗര്‍വാളിന്റെ പഞ്ചാബ് കിംഗ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തിന്റെ ടോസിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.

ഗുജറാത്തായിരുന്നു ടോസ് നേടിയത്. ടോസ് ജയിച്ച ഉടനെ ഹര്‍ദിക് മായങ്കിനെ നോക്കി ആര്‍പ്പു വിളിച്ച് സന്തോഷം പ്രകടമാക്കുകയായിരുന്നു.

ടോസ് ജയിച്ച ഹര്‍ദിക് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇതിനെല്ലാം പുറമെ എതിര്‍ നായകന്‍ മായങ്ക് അഗര്‍വാള്‍ സംസാരിക്കാന്‍ പോകുന്നതിന് മുമ്പായി താരത്തിനൊപ്പം തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്തിരുന്നു.

ഹര്‍ദിക്കിന്റെ ഈ പ്രകടനം കണ്ടതോടെ സോഷ്യല്‍ മീഡിയയിലും സംഭവം ചര്‍ച്ചയായിരിക്കുകയാണ്. ഇതിന് പിന്നാലെ നിരവധി ആരാധകരാണ് ട്വീറ്റുമായെത്തിയത്.

അതേസയം, അത്ര മികച്ച തുടക്കമല്ല ഗുജറാത്തിന് ലഭിച്ചത്. ഏഴ് ഓവര്‍ പിന്നിട്ടപ്പോള്‍ 46ന് 3 വിക്കറ്റ് എന്ന നിലയിലാണ് ഗുജറാത്ത്.

മൂന്നാം ഓവറില്‍ ഓപ്പണര്‍ ഗില്ലിനെ നഷ്ടപ്പെട്ട ഗുജറാത്തിന് അഞ്ചാം ഓവറില്‍ സാഹയേയും നഷ്ടമായി. ക്യാപറ്റന്‍ ഹര്‍ദിക്കാണ് പുറത്തായ മൂന്നാമന്‍. എഴ് പന്തില്‍ നിന്നും ഒരു റണ്‍ മാത്രമാണ് ഹര്‍ദിക്കിന് നേടാനായത്.

നിലവില്‍ 9 മത്സരത്തില്‍ നിന്നും 8 ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ടൈറ്റന്‍സ്. ഐ.പി.എല്ലിന്റെ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച ടൈറ്റന്‍സ് ആധികാരികമായി തന്നെ പ്ലേ ഓഫിലേക്ക് മാര്‍ച്ചുചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, 9 മത്സരത്തില്‍ നിന്നും 4 ജയവുമായി പോയിന്റ് പട്ടികയില്‍ എട്ടാമതാണ് പഞ്ചാബ്.

Content Highlight:  Hardik Pandya’s Celebration After Winning Toss vs Punjab Kings Leaves Twitter In Splits