സ്ത്രീവിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍.രാഹുലിനും 20 ലക്ഷം പിഴ വിധിച്ചു
Cricket
സ്ത്രീവിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍.രാഹുലിനും 20 ലക്ഷം പിഴ വിധിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th April 2019, 2:39 pm

 

മുംബൈ: ടെലിവിഷന്‍ ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍.രാഹുലിനും ബി.സി.സി.ഐ പിഴ വിധിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുവരും 20 ലക്ഷം രൂപ വീതം നല്‍കണമെന്ന് ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് ഡി.കെ.ജെയിന്‍ ഉത്തരവിട്ടു.

1 ലക്ഷം രൂപ വീതം കൊല്ലപ്പെട്ട 10 ജവാന്മാരുടെ കുടുംബത്തിനും ബാക്കി 10 ലക്ഷം ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് നല്‍കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു. ഓര്‍ഡര്‍ ലഭിച്ച് നാലാഴ്ചയ്ക്കകം പിഴ അടയ്ക്കണമെന്നാണ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പരാമര്‍ശത്തിന്റെ പേരില്‍ ഇരു താരങ്ങളെയും അഞ്ച് ഏകദിനങ്ങളില്‍ നിന്നും ബി.സി.സി.ഐ വിലക്കിയിരുന്നു. മേയ് 30ന് ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്.

ജനുവരി ആദ്യ ആഴ്ചയിലാണ് ശിക്ഷയ്ക്ക് കാരണമായ സംഭവമുണ്ടായത്. കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോയ്ക്കിടെയാണ് ഇരുവരും സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

ഇന്റര്‍വ്യൂ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനം ഇരുവര്‍ക്കമെതിരേ ഉയര്‍ന്നിരുന്നു. ഇതോടെ ന്യൂസിലന്‍ഡില്‍ ഏകദിന പരമ്പരയ്‌ക്കെത്തിയ ടീമിനൊപ്പമുണ്ടായിരുന്ന ഇരുവരെയും ബി.സി.സി.ഐ തിരിച്ചുവിളിക്കുകയായിരുന്നു.