'അവന്‍ നല്ല കളിക്കാരനൊക്കെ തന്നെയാണ്, പക്ഷെ ഈ പോക്ക് പോയാല്‍ ശരിയാവില്ല'; ഉപദേശവുമായി ഹര്‍ഭജന്‍ സിങ്
Cricket
'അവന്‍ നല്ല കളിക്കാരനൊക്കെ തന്നെയാണ്, പക്ഷെ ഈ പോക്ക് പോയാല്‍ ശരിയാവില്ല'; ഉപദേശവുമായി ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st October 2022, 11:52 pm

ലോകകപ്പിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഇന്ത്യ മികച്ച വിജയം നേടിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയുമായി നടന്ന മത്സരത്തില്‍ പ്രതീക്ഷകള്‍ തകര്‍ന്നുപോവുകയായിരുന്നു. അഞ്ച് വിക്കറ്റിനാണ് ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക വിജയിച്ചത്.

പവര്‍ പ്ലേയിങ്ങില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട, ഇന്ത്യയുടെ ബാറ്റിങ് നിര പരാജയപ്പെട്ട മത്സരത്തില്‍ ആശ്വാസമയത് അര്‍ധ സെഞ്ച്വറി നേടിയ സൂര്യ കുമാര്‍ യാദവിന്റെ പ്രകടനം മാത്രമാണ്. ശക്തമായ വിമര്‍ശനങ്ങളാണ് ഇന്ത്യക്ക് നേരെ ഉയര്‍ന്നത്.

എന്നാല്‍ ഈ പരാജയത്തില്‍ ഭയപ്പെടാനൊന്നുമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പറയുന്നത്.

ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാറ്റങ്ങള്‍ വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിന് ഹര്‍ഭജന്‍ നിര്‍ദ്ദേശിക്കുന്നത്.

”ഇന്ത്യന്‍ ടീമിന് ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരും. മുന്നോട്ട് പോകുന്നതിനെക്കുറിച്ചാകണം ടീമിന്റെ ചിന്ത. കെ.എല്‍. രാഹുല്‍ നല്ല കളിക്കാരനാണ്. നമുക്കെല്ലാം അതറിയാം. മാച്ച് വിന്നറാണ്.

പക്ഷെ ഇത്രത്തോളം ഫോമില്ലായ്മ അലട്ടുമ്പോള്‍ അവനെ മാറ്റി പന്തിനെ ടീമിലെടുക്കണമെന്നാണ് തോന്നുന്നത,” ഹര്‍ഭജന്‍ വ്യക്തമാക്കി.

അതേസമയം 40 പന്തില്‍ 68 റണ്‍സ് നേടിയ സൂര്യയുടെ പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് നേടാനായത്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ മറ്റാരും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവച്ചില്ല.

നേരത്ത അര്‍ധ സെഞ്ച്വറി നേടിയ വിരാടും നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ കെ.എല്‍. രാഹുലുമൊക്കെ പരാജയപ്പെടുകയായിരുന്നു. ആദ്യ പത്തോവറില്‍ തന്നെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ നിലവാരമുള്ള പ്രകടനം മത്സരത്തെ അവസാന ഓവറിലേക്ക് എത്തിക്കുകയായിരുന്നു. എയ്ഡന്‍ മര്‍ക്രമും ഡേവിഡ് മില്ലറും നേടിയ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലായിരുന്നു പോര്‍ട്ടീസിന്റെ വിജയം. ഇതോടെ പോയിന്റ് പട്ടികയിലും ഒന്നാമതെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.

Content Highlights: Harbhajan Singh says to replace KL Rahul to Rishabh Pant in T20 world cup