ഫോം ഔട്ടോ മോശം പ്രകടനമോ എന്തുതന്നെയാവട്ടെ, ബാക്ക് അപ് താരമായല്ല, വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടി-20 ലോകകപ്പ് കളിക്കാന്‍ ഇവന്‍ എന്തുകൊണ്ടും യോഗ്യന്‍: ഹര്‍ഭജന്‍ സിംഗ്
Sports News
ഫോം ഔട്ടോ മോശം പ്രകടനമോ എന്തുതന്നെയാവട്ടെ, ബാക്ക് അപ് താരമായല്ല, വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടി-20 ലോകകപ്പ് കളിക്കാന്‍ ഇവന്‍ എന്തുകൊണ്ടും യോഗ്യന്‍: ഹര്‍ഭജന്‍ സിംഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th May 2022, 10:15 am

ഐ.പി.എല്‍ ആവേശം കെട്ടടങ്ങുന്നിതിന് മുമ്പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നിരവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയിലെ പരമ്പരയും ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പും എല്ലാം ഇന്ത്യയുടെ മുന്നിലുണ്ട്. ഐ.പി.എല്ലിലെ ‘പ്രകടനത്തിന്റെ’ അടിസ്ഥാനത്തില്‍ ടീം നിശ്ചയിക്കാനിറങ്ങിയാല്‍ സെലക്ടര്‍മാര്‍ വിയര്‍ക്കുമെന്നുറപ്പാണ്.

ഐ.പി.എല്ലില്‍ അത്തരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്ത താരമാണ് ദിനേഷ് കാര്‍ത്തിക്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മറ്റേത് സീനിയര്‍ താരത്തേക്കാളും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഇപ്പോഴിതാ, താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിംപ്ലാനിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്‍ത്തിക്കിനെ കുറിച്ച് പറയുന്നത്.

ഐ.പി.എല്ലിന്റെ ഈ സീസണില്‍ കാര്‍ത്തിക്കിന്റെ പ്രകടനം അസാധ്യമായിരുന്നുവെന്നും താന്‍ ഒരു സെലക്ടര്‍ ആയിരുന്നുവെങ്കില്‍ ദിനേഷ് കാര്‍ത്തിക്കിനെ എന്തുവന്നാലും ടീമിലെടുക്കുമെന്നായിരുന്നു ഹര്‍ഭജന്‍ പറയുന്നത്.

‘ഞാനൊരു സെലക്ടറായിരുന്നെങ്കില്‍ ടി-20 ലോകകപ്പിന് ടിക്കറ്റ് നല്‍കുമായിരുന്നു, വിക്കറ്റ് കീപ്പറായും ബാറ്ററായും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ അനുവദിക്കുമായിരുന്നു, കാരണം അവന്‍ അത് അര്‍ഹിക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് ഒരു ഫിനിഷറെ ആവശ്യമുണ്ടെങ്കില്‍ അത് ദിനേഷ് കാര്‍ത്തിക്കും ഹര്‍ദിക് പാണ്ഡ്യയും തന്നെ ആയിരിക്കണം. ഇവര്‍ ചേരുമ്പോള്‍ അത് ശക്തമായ ടീം തന്നെ സൃഷ്ടിച്ചെടുക്കും.

 

ഐ.പി.എല്ലില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനം അവിശ്വസനീയമാണെന്ന് തന്നെ വേണം പറയാന്‍. കുറച്ച് നേരത്തെ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് കളി തീര്‍ക്കാന്‍ 16 ഓവര്‍ മതി,’ ഹര്‍ഭജന്‍ പറയുന്നു.

സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി ഏറ്റവുമധികം റണ്ണടിച്ച രണ്ടാമത്തെ ബാറ്ററാണ് കാര്‍ത്തിക്. 13 മത്സരത്തില്‍ നിന്നും എട്ട് നോട്ട് ഔട്ട് ഉള്‍പ്പടെ 285 റണ്‍സാണ് താരം നേടിയത്.

192.57 സ്‌ട്രൈക്ക് റേറ്റില്‍ 57 ശരാശരിയിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

Content Highlight: Harbhajan Singh backs Dinesh Karthik