പലയാളുകള്‍ക്ക് പല നിയമങ്ങളോ?; തെളിവുണ്ടായിട്ടും ഓസീസ് താരങ്ങള്‍ക്കെതിരെ മൃദു സമീപനം; ഐ.സി.സിക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിങ്ങ്
Australian Cricket
പലയാളുകള്‍ക്ക് പല നിയമങ്ങളോ?; തെളിവുണ്ടായിട്ടും ഓസീസ് താരങ്ങള്‍ക്കെതിരെ മൃദു സമീപനം; ഐ.സി.സിക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിങ്ങ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th March 2018, 10:42 am

മുംബൈ: പന്തില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞിട്ടും ഓസീസ് താരങ്ങള്‍ക്കെതിരെ ഐ.സി.സി കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങ്. പലവിധം ആളുകള്‍ക്ക് പല നിയമങ്ങളാണോ ഐ.സി.സി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ന്യൂലാന്‍ഡ്‌സ് ടെസ്റ്റിലെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന കുറ്റസമ്മതം നടത്തിയ കാമറൂണ്‍ ബാന്‍ക്രോഫ്ട്, സ്റ്റീവ് സ്മിത്ത് എന്നീ താരങ്ങളില്‍ സ്റ്റീവ് സ്മിത്തിനു ഒരു ടെസ്റ്റില്‍ നിന്ന് മാത്രം വിലക്കും 100 ശതമാനം മാച്ച് ഫീസ് പിഴവുമാണ് ഐ.സി.സി വിധിച്ചിരുന്നത്. അതേ സമയം കുറ്റം ചെയ്തുവെന്ന് ക്യാമറയില്‍ തെളിഞ്ഞ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു വിലക്ക് വിധിച്ചതുമില്ല. ഇതിനെതിരെയാണ് ഹര്‍ഭജന്‍ രംഗത്തെത്തിയത്.

ബാന്‍ക്രോഫ്ടിനു 75 ശതമാനം മാച്ച് ഫീസ് മാത്രമാണ് പിഴയായി വിധിച്ചത്. ഇതിനെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തിയ ഹര്‍ഭജന്‍ പണ്ട് തനിക്കും ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ച ഐ.സി.സി ഇപ്പോള്‍ പക്ഷ പാതപരമായി പെരുമാറുകയാണെന്ന് ആരോപിക്കുകയായിരുന്നു.

“2001 ല്‍ അധികമായി അപ്പീല്‍ ചെയ്തതിനു 6 ഇന്ത്യന്‍ താരങ്ങളെ വിലക്കിയിരുന്നു. 2008 ല്‍ സിഡ്‌നിയിലെ മങ്കിഗേറ്റ് വിവാദത്തില്‍ കുറ്റക്കാരനല്ലെങ്കിലും 3 മത്സരങ്ങളില്‍ നിന്നാണ് വിലക്ക് ലഭിച്ചതെന്ന് പറഞ്ഞ ഹര്‍ഭജന്‍ പലവിധ ആളുകള്‍ക്ക് പലവിധ നിയമങ്ങളാണോ ഐസിസിയ്ക്കുള്ളത് ?” ഭാജി ചോദിച്ചു.

സംഭവത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഐ.സി.സി സ്മിത്തിനെ ഒരു മത്സരത്തില്‍ നിന്നു വിലക്കുകയും മാച്ച് ഫീയുടെ 100 ശതമാനം പിഴയൊടുക്കാനും വിധിച്ചിരുന്നു. കൂടാതെ ഐ.സി.സിയുടെ ചട്ടപ്രകാരം ലെവല്‍ 2 കുറ്റം ചെയ്തതിനു 3 ഡീമെറിറ്റ് പോയിന്റുകളും സ്മിത്തിനു ചുമത്തിയിട്ടുണ്ട്.

പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഓസീസ് താരം ബാന്‍ക്രോഫ്ട് പന്തില്‍ കൃത്രിമം കാട്ടിയിരുന്നത്. ഇത് ആദ്യം നിഷേധിച്ച താരം പിന്നീട് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ 43ാം ഓവറിലാണ് സംഭവം. പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ സംഭവം നിരസിക്കുവാനുള്ള അവസരം ഓസ്ട്രേലിയയ്ക്ക് നഷ്ടമാവുകയായിരുന്നു.

എന്നാല്‍ ഇത് ഒരു ടീം ടാക്ടിക്സായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. ഇതാണ് സ്മിത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റാണെന്ന് തുറന്നു സമ്മതിക്കുന്നതിനു തുല്ല്യമായിരുന്നു ഇത്. ബാന്‍ക്രോഫ്ട് കുറ്റം സമ്മതിച്ചതോടെ മാച്ച് ഒഫീഷ്യല്‍സ് താരത്തിനുമേല്‍ കുറ്റം ചുമത്തിയിരുന്നു.