ഞാനാണ് സെലക്ടറെങ്കിൽ രോഹിത് കഴിഞ്ഞാൽ ഇലവനിലെ രണ്ടാം സ്ഥാനം അവനായിരിക്കും : ഹർഭജൻ
Cricket
ഞാനാണ് സെലക്ടറെങ്കിൽ രോഹിത് കഴിഞ്ഞാൽ ഇലവനിലെ രണ്ടാം സ്ഥാനം അവനായിരിക്കും : ഹർഭജൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th October 2023, 12:45 pm

ലോക ക്രിക്കറ്റ്‌ മാമാങ്കത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ ബാക്കിയിരിക്കേ ലോകകപ്പിൽ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിലുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്.

സൂര്യകുമാർ യാദവ് ഫോമിലാണെങ്കിൽ ഇന്ത്യക്ക് ലോകകപ്പ്‌ നേടാൻ കഴിയുമെന്നും, നായകൻ രോഹിത് ശർമയ്ക്ക് ശേഷം താൻ ഇലവനിൽ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ താരം സൂര്യ ആവുമെന്നും ഹർഭജൻ പറഞ്ഞു.

‘സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിന്റെ ഒരു എക്സ് ഫാക്ടർ ആണ്. അവൻ ഇലവനിൽ ഉണ്ടെങ്കിൽ ഇന്ത്യക്ക് ടൂർണമെന്റിൽ വിജയിക്കാൻ കഴിയും. ഞാനായിരുന്നു ടീമിന്റെ സെലക്ടർ എങ്കിൽ ക്യാപ്റ്റൻ രോഹിത് കഴിഞ്ഞാൽ ടീമിന്റെ പ്ലെയിങ് ഇലവനിൽ രണ്ടാമതായി തിരഞ്ഞെടുക്കുക സ്കൈയെ ആയിരിക്കും. ഹർദിക് പാണ്ഡ്യ മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ സൂര്യ ടീമിന്റെ ഭാഗമാവുമോ എന്ന് എനിക്ക് ഉറപ്പില്ല. ഞാൻ ടീം മാനേജ്മെന്റിനെ ഭാഗമായിരുന്നുവെങ്കിൽ സൂര്യയെ എന്തായാലും കളിപ്പിക്കും,’ ഹർഭജൻ ഇന്ത്യ ടുഡേ കോൺക്ലേവിൽ പറഞ്ഞു.

ടി-20 ക്രിക്കറ്റിൽ തന്റെ അക്രമണ ബാറ്റിങ് കാഴ്ചവെക്കുമ്പോൾ ഏകദിനത്തിൽ സൂര്യകുമാർ അൽപ്പം പുറകോട്ടാണ്. ഏകദിന ഫോർമാറ്റിൽ 55% ശരാശരിയുള്ള സഞ്ജുവിനെപോലുള്ള താരങ്ങളെ എടുക്കുന്നതിന് പകരം കുറഞ്ഞ അവറേജ് ഉള്ള സൂര്യയെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ തകർപ്പൻ ബാറ്റിങ്ങിലൂടെ ഏകദിന ഫോർമാറ്റും ടി-20 പോലെ കളിക്കാനുള്ള സൂര്യയുടെ കഴിവുമാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

ഇന്ത്യക്കായി ഏകദിനത്തിൽ 2021ൽ അരങ്ങേറിയ സൂര്യകുമാർ യാദവ് 30 മത്സരങ്ങളിൽ നിന്നും 667 റൺസാണ് നേടിയിട്ടുള്ളത്. നാല് അർധസെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

ലോകകപ്പിന് മുന്നോടിയായുള്ള ഓസ്ട്രേലിയൻ പരമ്പരയിലും താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. രണ്ട് അർധസെഞ്ച്വറിയാണ് സ്കൈ പരമ്പരയിൽ നേടിയത്. ലോകകപ്പിലും താരത്തിന്റെ ബാറ്റിൽ നിന്നും റൺസൊഴുകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ലോകകപ്പിൽ

ഒക്ടോബർ എട്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight: Harbajan singh talks about suryakumar yadav batting performance.