ബില്ലടച്ചില്ലേല്‍ ഫ്യൂസൂരും ഭായ്; യുവരാജിനെ ട്രോളി ഹര്‍ഭജന്‍സിംഗ്
Cricket
ബില്ലടച്ചില്ലേല്‍ ഫ്യൂസൂരും ഭായ്; യുവരാജിനെ ട്രോളി ഹര്‍ഭജന്‍സിംഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th June 2018, 8:57 pm

മുംബൈ: ഫീല്‍ഡില്‍ ഏറ്റവും പ്ലസന്റായി പെരുമാറുന്ന താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും. പഞ്ചാബിലെ ആഭ്യന്തരമത്സരങ്ങളിലൂടെ വന്ന് ഗാംഗുലി എന്ന നായകന്റെ ഏറ്റവും മികച്ച രണ്ട് കണ്ടെത്തലുകളായിരുന്നു യുവരാജ് എന്ന ഓള്‍റൗണ്ടറും ഹര്‍ഭജന്‍ എന്ന ഓഫ് സ്പിന്നറും.

ഐ.പി.എല്ലില്‍ ഇത്തവണ പഞ്ചാബിനായി യുവരാജ് കളത്തിലിറങ്ങിയപ്പോള്‍ ചെന്നൈയിലായിരുന്നു ഹര്‍ഭജന്‍. ഐ.പി.എല്‍ കഴിഞ്ഞതോടെ വാര്‍ത്തയില്‍ നിന്ന് മറഞ്ഞ താരങ്ങളുടെ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

 

ഒരുമണിക്കൂറിലധികം വൈദ്യുതി മുടങ്ങിയതിനെക്കുറിച്ചായിരുന്നു യുവരാജിന്റെ ട്വീറ്റ്. ” ഒരു മണിക്കൂറായി ബാന്ദ്രയില്‍ വെളിച്ചമില്ലാതിരിക്കുകയാണ്… അതൊന്നു ശരിയാക്കിത്തരുമോ” എന്നായിരുന്നു യുവിയുടെ ട്വീറ്റ്.

എന്നാല്‍ രസകരമായിട്ടായിരുന്നു ഭാജിയുടെ മറുപടി. ബില്ല് സമയത്തിന് അടയ്ക്കൂ രാജാവേ എന്നായിരുന്നു യുവിയുടെ ട്വീറ്റിന് മറുപടിയായി ഭാജി ട്വീറ്റ് ചെയ്തത്.

ഇന്ത്യയ്ക്കായി 40 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള യുവരാജ്‌സിംഗ് 3 സെഞ്ച്വറിയും 11 അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 1900 റണ്‍സും 9 വിക്കറ്റുമെടുത്തിട്ടുണ്ട്. 304 ഏകദിനത്തില്‍ 14 സെഞ്ച്വറിയും 52 അര്‍ധസെഞ്ച്വറിയുമടക്കം 8701 റണ്‍സും 111 വിക്കറ്റും യുവിയുടെ അക്കൗണ്ടിലുണ്ട്. 58 ടി-20കളില്‍ നിന്നായി 1177 റണ്‍സും യുവി അടിച്ചെടുത്തിട്ടുണ്ട്.

103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റും 2224 റണ്‍സുമാണ് ഹര്‍ഭജന്റെ സമ്പാദ്യം. 236 ഏകദിനങ്ങളില്‍ 269 വിക്കറ്റും 1237 റണ്‍സും നേടിയിട്ടുണ്ട്.

2007 ടി-20 ലോകകപ്പും, 2011 ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഇരുവരും. യുവരാജായിരുന്നു 2011 ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ്.