എഡിറ്റര്‍
എഡിറ്റര്‍
സൗദി സഹകരിക്കുന്നില്ല; ഖത്തര്‍ പൗരന്മാര്‍ക്ക് ഹജ്ജിന് പോകാന്‍ കഴിയില്ലെന്ന് ഖത്തര്‍ മന്ത്രാലയം
എഡിറ്റര്‍
Saturday 26th August 2017 12:13pm

ദോഹ: ഖത്തര്‍ പൗരന്മാര്‍ക്ക് ഹജ്ജ് നടത്താന്‍ സാധിക്കില്ലെന്ന് ഖത്തര്‍ അധികൃതര്‍. ഇസ്‌ലാമിലെ വിശുദ്ധ ഇടമായി കരുതുന്ന മക്കയും മദീനയും നിയന്ത്രിക്കുന്ന സൗദി അറേബ്യ ഖത്തര്‍ സര്‍ക്കാറുമായി സഹകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഖത്തര്‍ പൗരന്മാരുടെ യാത്രയും സുരക്ഷയും സംബന്ധിച്ച് സൗദി അധികൃതരില്‍ നിന്നും യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഖത്തര്‍ മന്ത്രാലയം അറിയിച്ചു.

2017ല്‍ ഖത്തര്‍ പൗരന്മാര്‍ക്ക് ഹജ്ജ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് സൗദി അധികൃതരുടെ നിസ്സഹകരണം വ്യക്തമാക്കുന്നതെന്ന് ഖത്തര്‍ അധികൃതര്‍ പറയുന്നു.

‘ഹജ്ജ് മന്ത്രാലയത്തില്‍ നിന്നും ഇതുവരെ പോസിറ്റീവായ യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. ഇത് ഖത്തറിലെ തീര്‍ത്ഥാടകരുടെ യാത്ര പ്രതിസന്ധിയിലാക്കുന്നു.’ എന്നാണ് ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്തത്.

സംഭവത്തില്‍ ഖത്തറിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ സാദ് സുല്‍ത്താന്‍ അല്‍ അബ്ദുള്ള ആശങ്ക രേഖപ്പെടുത്തി. മതപരമായ ചടങ്ങ് നിര്‍വഹിക്കുന്നതില്‍ നിന്നാണ് മുസ്‌ലീങ്ങള്‍ തടയപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയ തര്‍ക്കങ്ങളും മുസ് ലീങ്ങളുടെ മനുഷ്യാവകാശ, മതപരമായ ആചാാരങ്ങളും തമ്മില്‍ കൂട്ടിയോജിപ്പിക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയവും മനുഷ്യാവകാശവും വേര്‍തിരിച്ചു തന്നെ നില്‍ക്കണം.’ അദ്ദേഹം പറഞ്ഞു.

Advertisement